INDIA

ഹിമാചലിൽ ആരാകും മുഖ്യമന്ത്രി? കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ഷിംലയിൽ

മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിടാനാണ് സാധ്യത. ഇതുസംബന്ധിച്ച് ഇന്ന് പ്രമേയം പാസാക്കിയേക്കും.

വെബ് ഡെസ്ക്

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോൺഗ്രസിന് അടുത്ത വെല്ലുവിളി മുഖ്യമന്ത്രി കസേരയ്ക്കായുള്ള ചരടുവലികളാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് എംഎൽഎമാർ ഇന്ന് ഷിംലയിൽ യോഗം ചേരുന്നുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് സ്റ്റേറ്റ് കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ നിയമസഭാ കക്ഷിയോഗം ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീവ് ശുക്ല, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി നിരീക്ഷകരായ ഭൂപേന്ദ്ര ഹൂഡ എന്നിവരും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിടാനാണ് സാധ്യത. ഇതുസംബന്ധിച്ച് ഇന്ന് പ്രമേയം പാസാക്കിയേക്കും.

നേരത്തെ ചണ്ഡിഗഡിൽ വച്ച് നടത്താൻ തീരുമാനിച്ച യോഗം പിന്നീട് ഷിംലിയിലേക്ക് മാറ്റുകയായിരുന്നു. പിസിസി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരില്‍ മാത്രമൊതുങ്ങിയിരുന്ന ചർച്ച, പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്ങും കളത്തിലിറങ്ങിയതോടെ ചൂടുപിടിച്ചു. മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രാജീവ് ശുക്ല നേരത്തെ പറഞ്ഞിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് സുഖ് വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷനും പ്രചാരണ സമിതി തലവനുമായ സുഖ്‌വീന്ദർ സിങ് സുഖു സെൻട്രൽ ഹിമാചലിലെ നദൗനിൽ നിന്നാണ് മത്സരിച്ചത്. പാർട്ടിക്കുളളിൽ ഏറെ സ്വീകാര്യതയുള്ള സുഖു മൂന്ന് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ കൂടിയാണ് അദ്ദേഹം. സുഖുവിന് നേരിയ മുന്‍തൂക്കം കണക്കാക്കുന്നുണ്ട് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഇക്കാര്യത്തില്‍ സുഖുവിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് കൂടിയായ മുകേഷ് അഗ്നിഹോത്രിക്കായും പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്ങിനായും സമ്മർദം ഉണ്ടായേക്കും. വീരഭദ്ര സിംഗിന്റെ തുടർച്ചക്കായി ഭാര്യ പ്രതിഭ സിംഗിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്. തെക്ക്-പടിഞ്ഞാറൻ ഹിമാചലിലെ ഹരോളിയിൽ നിന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ മുകേഷ് അഗ്നിഹോത്രി മത്സരിച്ചത്. നാല് തവണ എംഎൽഎയായ അദ്ദേഹവും മുഖ്യമന്ത്രി സീറ്റിലേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യത തള്ളാനാകില്ല. പ്രതിഭാ സിങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായാല്‍ സിറ്റിങ് എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടിവരും.

അതേസമയം, അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഓപ്പറേഷന്‍ താമര തടയാന്‍ മുന്നൊരുക്കങ്ങളിലാണ് പാർട്ടി നേതൃത്വം. ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാതിരിക്കാൻ ചിലരെ ഇതിനോടകം തന്നെ ചണ്ഡീഗഡിലെ റിസോർട്ടിലേക്ക് മാറ്റി. അഞ്ച് വ‍ര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹിമാചലില്‍ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത്. 40 സീറ്റുകളുടെ ആധിപത്യവുമായാണ് ബിജെപിയില്‍ നിന്ന് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം