ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം നേതാക്കളുടെ ഐക്യ വേദിയായി മാറിയ മുംബൈ ശിവാജി പാര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മോദി അഴിമതിയുടെ കുത്തകാവകാശം സ്വന്തമാക്കിയെന്നും, ഇലക്ടറല്‍ ബോണ്ട് ദേശീയ ഗുണ്ടാപിരിവ് എന്ന നിലയിലാണ് പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഭാരത് ജോഡോ ന്യായ് യാത്രയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരന്നു. പ്രതിപക്ഷ ഐക്യം എന്നത് എല്ലാവരും ചേര്‍ന്ന് മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയോ, എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുകയോ അല്ല. ഒരു ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടം. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി, വെറും മുഖംമൂടി. നരേന്ദ്ര മോദിയുടെ ജോലി പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നത് മാത്രമാണ്. ഇതിനായി ചൈനയെ കുറിച്ചും പാകിസ്താനെ കുറിച്ചും സംസാരിക്കും. തന്നെ കത്തിക്കാന്‍ പറയും, മൊബൈല്‍ ഫോണുകളുടെ ലൈറ്റ് ഓണ്‍ ചെയ്യാന്‍ പറയും, അല്ലെങ്കില്‍ തന്നെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് കരയും. കടലില്‍ ചാടാനോ സീ പ്ലെയിന്‍ പറത്താനോ ഉള്ള ഉത്തരവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ചെയ്തുകൊണ്ടേ ഇരിക്കും. 56' ഇഞ്ച് നെഞ്ച് അല്ല, പൊള്ളയായ നെഞ്ചാണ് മോദിക്കെന്നും രാഹുല്‍ പരിഹസിച്ചു.
'നരേന്ദ്രമോദി വിജയിക്കുന്നതിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉള്ളത് കൊണ്ട് മാത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വോട്ടിങ് മെഷീനുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു, ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. എന്തുകൊണ്ട്? രാഹുല്‍ ചോദിച്ചു.
മോദിയുടെ സുഹൃത്തുക്കളില്‍ 'മാധ്യമ കമ്പനികള്‍ മുതല്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ വരെയുണ്ട്, എന്നാല്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍ രാജ്യത്ത് ചില വ്യസായികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും ചൂണ്ടിക്കാട്ടി. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്ത നടപടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യ സഖ്യത്തിന്റ ഭാഗമായ സംസ്ഥാന മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കാളികളായി. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം നടക്കുന്ന റാലി രാജ്യത്തെ പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് കാഹളമായി മാറി.
ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആരംഭമായാണ് ഇന്ത്യ സഖ്യം ഈ റാലിയെ കാണുന്നതെന്ന് നേതാക്കളുടെ പ്രസംഗം വ്യക്തമാക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, തേജസ്വി യാദവ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും സമാപനവേദിയിലുണ്ട്. എന്നാല്‍ ഇടതുപാര്‍ട്ടിയുടെ അഭാവവും മഹാ സമ്മേളനത്തില്‍ പ്രകടമാണ്.
ജനുവരി 14 ന് മണിപ്പുരിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 63 ദിവസം പിന്നിട്ട് ഇന്നലെ മഹാരാഷ്ട്രയിൽ അവസാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാരത് ജോഡോ ന്യായ് മൻസിൽ എന്ന പേരിൽ ഈ മെഗാ റാലി സംഘടിപ്പിക്കപ്പെടുന്നത്. രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നത് ശരിയല്ലെന്നും, ഇന്ത്യ സഖ്യത്തിനെതിരെ തന്നെയാണ് ഇവർ മത്സരിക്കുന്നത് എന്നും ആരോപിച്ച് സിപിഐ, സിപിഎം എന്നീ ഇടതുപക്ഷ സംഘടനകൾ റാലിയിൽ നിന്നും വിട്ടു നില്ക്കാൻ തീരുമാനിക്കുകയായിരുന്നു.