ഹിമാചൽ പ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസിന്റെ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവെച്ചു. രാജ്യസഭയിലേക്കു നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് രാജിയുടെ കാരണമായി വിക്രമാദിത്യ ചൂണ്ടികാട്ടുന്നത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിൻ്റെ മകനാണ് വിക്രമാദിത്യ സിങ്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ്ങിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങിന്റെ രാജി. മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യ സിങ്ങിന്റെ രാജിയെന്നും വിലയിരുത്തലുകളുണ്ട്.
രാജിപ്രഖ്യാപന വേളയില്‍ വികാരഭരിതമായ വിക്രമാദിത്യ സിങ് മുഖ്യമന്തി സുഖ്വിന്ദർ സിങ് സുഖുവിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ഒരു വർഷം സുഖ്വിന്ദർ എംഎൽഎമാരുടെ ശബ്ദം അടിച്ചമർത്തിയെന്നും അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിൻ്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ ഹിമാചലിലെ കോൺഗ്രസ് സർക്കാർ കൂടുതല്‍ പ്രതിസന്ധിയിലായി.
ആവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ടു പോകാനാണ് ബിജെപി തീരുമാനം. കോൺഗ്രസ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഗവർണറെ ധരിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെയാണ് അട്ടിമറി നടന്നത്. മൂന്നു സ്വതന്ത്രരും ആറ് കോൺഗ്രസ് എംഎൽഎമാരും കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തു. ഇതോടെ രണ്ട് സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിക്കുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവും ബിജെപി പ്രതിനിധിയുമായ ജയറാം താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബിജെപിക്ക് തിരിച്ചടിയായി 15 എംഎൽഎമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെൻഡ് ചെയ്തത്. നിയസഭയില്‍ വിശ്വാസ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ, വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. 25 എംഎല്‍എമാരാണ് ഹിമാചല്‍ പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെന്റ് ചെയ്തതോടെ അംഗ സംഖ്യ 10 ആയി ചുരുങ്ങി.