INDIA

‘അജ്മൽ കസബ് നിരപരാധി’യെന്ന് കോൺഗ്രസ് എംഎൽഎയുടെ പരാമർശം; ആയുധമാക്കി ബിജെപി

വെബ് ഡെസ്ക്

മുംബൈ ഭീകരാക്രമണ കേസിൽ തൂക്കിക്കൊന്ന അജ്മൽ കസബിനെ 'നിരപരാധി' എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. കോൺഗ്രസ് പാകിസ്താനിൽനിന്ന് വോട്ട് പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപിയുടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

ഹേമന്ദ് കാർക്കറെയെ കൊലപ്പെടുത്തിയ വെടിയുണ്ട ആർഎസ്എസ് ബന്ധമുള്ള ഒരു പോലീസുകാരൻ്റെ ആയുധത്തിൽനിന്നാണെന്നും അജ്മൽ കസബിൽ നിന്നല്ലെന്നും ആരോപിച്ച് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായ വിജയ് വഡേത്തിവാറാണ് വിവാദം സൃഷ്ടിച്ചത്. മുംബൈ ഭീകരാക്രമണ കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം ഈ വിവരം മറച്ചുവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രസ്താവനയാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. ഉജ്വൽ നികമെന്ന നേതാവിന് സ്ഥാനാർഥിത്വം നൽകിയതിലൂടെ അജ്മൽ കസബിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞുവെന്നാണ് ബിജെപിയുടെ വിമർശനം. മുംബൈയിൽ ഭീകരാക്രമണം നടത്തിയ കസബിനെക്കുറിച്ചോർത്ത് കോൺഗ്രസ് ആശങ്കപ്പെടുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

കോൺഗ്രസ് പാകിസ്താനിൽ പോയി വോട്ട് ചോദിക്കുകയാണോയെന്നും ഫഡ്നാവിസ് ചോദിച്ചു. മുംബൈ നോർത്ത് സെൻട്രലിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ഉജ്ജ്വൽ നികം.

"എൻ്റെ ചോദ്യം ഇതാണ്. എന്തിനാണ് ബിജെപി ഒരു രാജ്യദ്രോഹിയെ സംരക്ഷിക്കുകയും അങ്ങനെയുള്ള ഒരാളെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നത്? ബിജെപി രാജ്യദ്രോഹികളെ സംരക്ഷിക്കുകയാണ്," വിജയ് വഡേത്തിവാർ ആരോപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദേശീയതയ്‌ക്കു മുകളിൽ വോട്ട് ബാങ്ക് രാഷ്ട്രീയം സ്ഥാപിക്കുകയാണ് കോൺഗ്രസെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

കോൺഗ്രസും രാഹുൽ ഗാന്ധിയും അധികാരത്തിലേറാൻ പാകിസ്താൻ പ്രാർഥിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം ഇതോടെ വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ബിജെപി. പാകിസ്താൻ പ്രാര്‍ഥിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് വിവാദത്തിനു പിന്നാലെ ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും