മുംബൈയില്‍ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യുടെ യോഗത്തിലേക്ക് കോണ്‍ഗ്രസ് മുന്‍നേതാവ് കപില്‍ സിബലിന്റ അപ്രതീക്ഷിത കടന്നുവരവിൽ അസ്വസ്ഥരായി കോൺഗ്രസ് നേതാക്കൾ. സിബലിന്റെ വരവ് നാടകീയ നീക്കങ്ങൾക്കാണ് വഴിവച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ സിബലിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പാർട്ടി വിട്ട സിബലിന് ഔദ്യോഗിക യോഗങ്ങളിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തിലാണ് സിബലിന്റെ സാന്നിധ്യം പല നേതാക്കളെയും അസ്വസ്ഥരാക്കിയത്.
പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളുടെ ഫോട്ടോ എടുക്കുന്നതിന് മുന്നോടിയായാണ് കെ സി വേണുഗോപാൽ സിബലിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാതിയറിച്ചത്. പ്രതിപക്ഷ യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയോടാണ് വേണുഗോപാൽ അനിഷ്ടമറിയിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യോഗമായതിനാൽ സിബലിന്റെ സാന്നിധ്യം അംഗീകരിക്കണമെന്ന് മുതിർന്ന നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും അഖിലേഷ് യാദവും വേണുഗോപാലിനോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം സിബലിന്റെ സാന്നിധ്യത്തിൽ തനിക്ക് എതിർപ്പില്ലെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വാർത്താ ഏജൻസിയായ പിടിഐ, സാമൂഹ്യ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കോൺഗ്രസ് പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ സിബലിനെ സ്വാഗതം ചെയ്യുന്നതായി കാണാം. അതേസമയം ആരോ ഒരാൾ സെക്യൂരിറ്റിയെ വിളിക്കുന്നുണ്ട്. താക്കറെയും സഞ്ജയ് റാവുത്തും വേണുഗോപാലെന്ന് തോന്നിക്കുന്ന ഒരാളോട് സംസാരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. നാടകീയ നീക്കങ്ങൾക്കൊടുവിൽ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് കപിൽ സിബൽ മടങ്ങിയത്.
പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30-നകം പൂർത്തിയാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ ധാരണയായി. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സീറ്റ് വിഭജനം ഉൾപ്പെടെ അജണ്ടയിലെത്തിയത്. ആറ് മുഖ്യമന്ത്രിമാരടക്കം 28 പ്രതിപക്ഷ പാർട്ടിയിലെ 63 നേതാക്കളാണ് മുംബൈയിൽ ഒത്തുകൂടിയത്.