ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ മേൽക്കൈ പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നുകഴിഞ്ഞു. ഭരണം ലഭിക്കുകയാണെങ്കിൽ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. വിജയം എക്സിറ്റ് പോളുകൾ കൂടി പ്രവചിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിച്ച് നേതാക്കൾ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമാദ്യം ഉയരുന്ന പേരുകളിൽ ഒന്ന് നിലവിലെ പ്രതിപക്ഷനേതാവും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടേതാണ്.
ജാട്ട് വോട്ടുകൾ ഇത്തവണ തങ്ങളെ വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് മത്സരിക്കാനിറങ്ങിയത്. ആ വോട്ടുകൾ ഉറപ്പിക്കുന്നതിനായി ജാട്ട് വിഭാഗത്തിൽ നിന്നുള്ള ഭൂപീന്ദറിനെ തന്നെയാണ് കോൺഗ്രസ് നേതാവായി ഉയർത്തിക്കാണിച്ചതും. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭൂപീന്ദറിന് താല്പര്യമുള്ളവരെയാണ് പാർട്ടി സ്ഥാനാർഥികളാക്കിയത് എന്നതുകൂടി പരിഗണിച്ചാൽ ഹൈക്കമാൻഡ് ആദ്യം പരിഗണിക്കാൻ സാധ്യതയുള്ളത് ഭൂപീന്ദറിന്റെ പേരായിരിക്കും എന്ന് നിസംശയം പറയാം.
എന്നാൽ ജാട്ട് വിഭാഗങ്ങളുടെയും കർഷകരുടെയും പിന്തുണയ്ക്കപ്പുറം ജാട്ട്-ഇതര വോട്ടുകളിലേക്കു കൂടി കടന്നു കയറാൻ സാധിച്ചാൽ മാത്രമേ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് പാർട്ടിക്കെത്തനാകൂ എന്ന് മനസിലാക്കിയതുകൊണ്ടാണ് പിണങ്ങിനിന്ന കുമാരി ഷെൽജയെ അനുനയിപ്പിക്കാൻ അവസാനനിമിഷം രാഹുൽ ഗാന്ധിതന്നെ നേരിട്ട് വന്നത്. സിർസ എംപിയും മുൻകേന്ദ്ര മന്ത്രിയുമായിരുന്ന ഷെൽജ കോൺഗ്രസിലെ പ്രധാനപ്പെട്ട വനിതാ ദളിത് നേതാവാണ്.
ദളിത് വോട്ടുകളിലേക്ക് കടന്നുകയറാൻ ബിജെപി കഴിയുന്ന ശ്രമങ്ങളെല്ലാം നടത്തുന്ന സാഹചര്യത്തിൽ കുമാരി ഷെൽജയെ പിണക്കുന്നത് വലിയ നഷ്ടങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് മനസ്സിലാക്കിയെന്നു വേണം കരുതാൻ. പ്രചാരണങ്ങൾക്കിറങ്ങാതിരുന്ന കുമാരി ഷെൽജയെ കളത്തിലിറക്കാൻ രാഹുൽ ഗാന്ധി തന്നെ നേരിട്ടെത്തുകയായിരുന്നു. ഷെൽജയുടെ ഏറ്റവും അടുത്ത അനുയായി ഷംഷേർ സിങ് ഗോഗിയുടെ മണ്ഡലത്തിൽ പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്തിയതോടെയാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഷെൽജ സജീവമായി ഇറങ്ങുന്നത്.
2005 മുതൽ 2014 വരെ രണ്ടുതവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു ഭൂപീന്ദർ സിങ് ഹൂഡ. അദ്ദേഹം വിരമിക്കുകയാണെന്നും പിൻഗാമിയായി മകൻ ദീപേന്ദർ സിങ്ങിനെ അവതരിപ്പിക്കുകയാണെന്നുമുള്ള ചർച്ചകൾ നിലവിലുണ്ട്. എന്നാൽ താൻ വിരമിച്ചിട്ടില്ല എന്നും അധികാരം ലഭിച്ചാൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് അദ്ദേഹം തന്നെ രംഗത്തെത്തി. മറ്റു നേതാക്കളെ വെട്ടി തന്റെ മകൻ ദീപേന്ദറിനെ മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണോ ഭൂപീന്ദർ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
അതുകൂടി മനസ്സിൽ കണ്ടാണ് തന്റെ അനുഭവപരിചയവും പാർട്ടിയോടുള്ള കൂറും ഓർമപ്പെടുത്തി കുമാരി ഷെൽജ രംഗത്തെത്തിയത്. "പാർട്ടിക്ക് തന്റെ അനുഭവപരിചയവും കൂറും തള്ളിക്കളയാനാകില്ല, മുഖ്യമന്ത്രിയാരാകണമെന്ന അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്റാണ് സ്വീകരിക്കുക എന്നത് എല്ലാവർക്കുമറിയാം" ഷെൽജ പറയുന്നു.
പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ച് സർക്കാർ രൂപീകരിക്കാൻ സാധിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതിനു ശേഷം ഹൈക്കമാന്റാണ് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടതെന്നും ദീപേന്ദർ സിങ് അഭിപ്രായപ്പെട്ടു. ഭൂപീന്ദർ സിങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രൂപീകരിക്കപ്പെടുമെന്ന ഉറപ്പുമായാണ് കോൺഗ്രസ്സ് മിക്ക മണ്ഡലങ്ങളിലും വോട്ട് ചോദിച്ചത്.
രാജ്യസഭ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സുർജേവാലയുടെ പേരും മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. "ആളുകൾ മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ അന്തിമതീരുമാനം രാഹുൽ ഗാന്ധിയും ഹൈകമാന്റുമാണ് സ്വീകരിക്കുന്നത്, അത് ഞങ്ങൾ അംഗീകരിക്കും" രൺദീപ് സുർജേവാല പറയുന്നു.
മറ്റൊരു സാധ്യതയായി പറയുന്നത് ദളിത് നേതാവും ഭൂപീന്ദറിന്റെ അടുത്ത അനുയായിയുമായി ഉദയ് ഭാന്റെ പേരാണ്. എഐസിസി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തനിക്കും മുഖ്യമന്ത്രിസ്ഥാനത്തിനർഹതയുണ്ടെന്ന് ഉദയ് ഭാൻ പറഞ്ഞതായും വാർത്തകളുണ്ട്. ആത്യന്തികമായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ഹൈക്കമാന്റുമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നാണ് ഭൂപീന്ദറിന്റെയും സംഘത്തിന്റെയും നിലപാട്. ഏകദേശം 72 മണ്ഡലങ്ങളിലും മത്സരിച്ചത് ഭൂപീന്ദറിന്റെ അനുയായികളാണെന്നിരിക്കെ എംഎൽഎമാരുടെ പിന്തുണ നേടാൻ ഭൂപീന്ദറിന് എളുപ്പം സാധിക്കും.
കുമാരി ഷെൽജയും രൺദീപ് സുർജേവാലയും എംപിമാരെന്ന രീതിയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്നത് എളുപ്പം ഭൂപീന്ദർ എന്ന തീരുമാനത്തിലേക്കെത്താൻ ഹൈക്കമാന്റിന് മുന്നിൽ കാരണമാകും. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ചരിത്രവും ഹരിയാനയിൽ കോൺഗ്രസിനുണ്ട്. 2005ൽ 90ൽ 67 സീറ്റുകൾ ജയിച്ച കോൺഗ്രസ് ഭജൻ ലാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് എല്ലാവരും കരുതിയിരുന്ന സമയത്ത് അപ്രതീക്ഷിതമായാണ് ഭൂപീന്ദർ സിങിനെ മുഖ്യമന്ത്രിയാക്കുന്നത്.
എന്നാൽ 2005 അല്ല 2024 എന്നതുകൊണ്ടും ഭജൻ ലാൽ അല്ല ഭൂപീന്ദർ എന്നതുകൊണ്ടും അങ്ങനെ ഒരു അപ്രതീക്ഷിത നീക്കം കോൺഗ്രസ് നടത്തുമെന്ന് കരുതാനാകില്ല. സങ്കീർണതകൾ കുറച്ച് കഴിയാവുന്ന സംസ്ഥാനങ്ങളിലെല്ലാം അധികാരത്തിലേക്കെത്താൻ സാധിക്കുക എന്നതാണ് നിലവിൽ കോൺഗ്രസിന്റെ ലക്ഷ്യം.