INDIA

മോശം പെരുമാറ്റം; അധീർ രഞ്ജൻ ചൗധരിയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു

വെബ് ഡെസ്ക്

അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മോശമായി പെരുമാറിയതിന് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിന്റെ പെരുമാറ്റം സംബന്ധിച്ച് പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കുന്നതു വരെയാണ് സസ്‌പെന്‍ഷന്‍. വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ച പ്രമേയം ലോക്‌സഭ പാസാക്കി.

ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്. ''ഹസ്തിനപുരത്തായാലും മണിപ്പൂരിലായാലും സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ രാജാവ് അന്ധനായിരിക്കരുത്'' -എന്നായിരുന്നു ചൗധരിയുടെ പരാമര്‍ശം. തൊട്ടു പിന്നാലെ ചൗധരി മാപ്പ് പറയണമെന്ന് പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയാൻ ചൗധരി തയ്യാറായില്ല. പിന്നീട് ഇന്ന് വൈകിട്ട്‌ അവിശ്വാസ പ്രമേയം വോട്ടിനിട്ടു തള്ളിയ ശേഷം സഭ പിരിയുന്നതിനു തൊട്ടുമുമ്പാണ് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം മന്ത്രി അവതരിപ്പിക്കുകയും അത് ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തത്.

ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനിടെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായാണ് ചൗധരി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പരാമർശത്തോട് രൂക്ഷമായാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. സംയമനം പാലിക്കാനും സഭയിൽ മാന്യത നിലനിർത്താനും ചൗധരിയോട് പറയണമെന്ന് ഷാ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് തന്റെ പ്രസംഗത്തിൽ ഒരു പ്രശ്‌നവുമില്ലാത്തപ്പോൾ ഷാ എന്തിനാണ് ദേഷ്യപ്പെടുന്നതെന്നായിരുന്നു ചൗധരിയുടെ പ്രതികരണം. തുടർന്ന് ചൗധരിയുടെ ചില പരാമർശങ്ങൾ സ്പീക്കർ ഓം ബിർള ഒഴിവാക്കി. ധ്രുവീകരണത്തിനും വർഗീയവൽക്കരണത്തിനും കാവിവൽക്കരണത്തിനും ഇന്ത്യ വിടാനുള്ള സമയമാണിതെന്നും ചൗധരി പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 81-ാം വാർഷികത്തിൽ കോൺഗ്രസിനും പ്രതിപക്ഷ കക്ഷിയായ ഇന്ത്യയ്ക്കും എതിരായ ബിജെപിയുടെ മുദ്രാവാക്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ക്വിറ്റ് ഇന്ത്യ ഉണ്ടാകണം, പക്ഷേ അത് വർഗീയത, ധ്രുവീകരണം, കാവിവൽക്കരണം എന്നിവയ്ക്കാണ് ബാധകം", 1942-ൽ മഹാത്മാഗാന്ധി ആരംഭിച്ച ക്വിറ്റ് ഇന്ത്യ സമരത്തെ അനുസ്മരിച്ചുകൊണ്ട് ചൗധരി പറഞ്ഞു. പ്രധാനമന്ത്രി മോദിക്കെതിരായ ചൗധരിയുടെ പ്രസ്താവനയെ അപലപിച്ചു പ്രൾഹാദ് ജോഷി എക്സിലും കുറിപ്പിട്ടിരുന്നു. ചൗധരി സഭയോടും രാജ്യത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും