കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിയുടെ ലോക്‌സഭയിൽ നിന്നുള്ള സസ്പെൻഷൻ പ്രിവിലേജ് കമ്മിറ്റി ബുധനാഴ്ച പിൻവലിച്ചു. ലോക്‌സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തെ തുടർന്നാണ് നടപടി. കമ്മിറ്റിക്ക് മുൻപിൽ ഹാജരായി അധീർ രഞ്ജൻ ചൗധരി തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും തന്റെ വാദം ശക്തമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.
സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ കക്ഷിനേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 11-ന്, മണിപ്പൂരിലെ അക്രമത്തെക്കുറിച്ചുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് കാരണം. മണിപ്പൂര്‍ വിഷയത്തിൽ പ്രധാനമന്ത്രി നിശ്ശബ്ദത പാലിക്കുന്നതിനെ ചൊല്ലിയായിരുന്നു ചൗധരിയുടെ പരാമർശം. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോൾ ധൃതരാഷ്ട്രർ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ചൗധരി മാപ്പ് പറയണമെന്നായിരുന്നു ബിജെ.പി അംഗങ്ങളുടെ ആവശ്യം. എന്നാൽ ചൗധരി അതിന് തയ്യാറായിരുന്നില്ല. തുടർന്ന് ചൗധരിയെ പുറത്താക്കണമെന്ന പ്രമേയം ശബ്ദ വോട്ടോടെ ഭരണപക്ഷ അംഗങ്ങൾ പാസാക്കുകയായിരുന്നു.
എന്നാൽ, ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും താൻ നടത്തിയ ചില പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിജെപി അംഗം സുനിൽ കുമാർ സിങ് അധ്യക്ഷനായ സമിതിയോട് ചൗധരി പറഞ്ഞു. പരാമർശം അനൗചിത്യമാണെങ്കിൽ സഭാരേഖകളിൽനിന്ന് നീക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാർലമെന്ററി സമിതി റിപ്പോർട്ട് ലോക്‌സഭ സ്പീക്കർക്ക് സമർപ്പിക്കും. അധീറിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയിരുന്നു.
ഓഗസ്റ്റ് 18-ന് പ്രിവിലേജ് കമ്മിറ്റി യോഗം വിഷയം പരിഗണിക്കുകയും ഓഗസ്റ്റ് 30ന് അധീർ രഞ്ജൻ ചൗധരിയെ വാക്കാലുള്ള തെളിവെടുപ്പിനായി വിളിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തന്റെ ഭാഗം അവതരിപ്പിക്കാൻ അവസരം ലഭിക്കേണ്ടതിനാൽ സമിതിക്ക് മുന്നിൽ ഹാജരാകാൻ ചൗധരിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സമിതി അംഗം പറഞ്ഞു. പ്രിവിലേജ് കമ്മിറ്റി യോഗത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന 'ഇന്ത്യ' മുന്നണിയിലെ അംഗങ്ങളുടെ ആവശ്യം ബിജെപി അംഗങ്ങള്‍ എതിര്‍ത്തിരുന്നില്ല. 14 അംഗ സമിതിയില്‍ കൊടിക്കുന്നില്‍ സുരേഷ്, കല്യാണ്‍ ബാനര്‍ജി, ടി ആര്‍ ബാലു, ഓം പ്രകാശ് ഭുപാല്‍സിങ് അടക്കം 'ഇന്ത്യ' മുന്നണിയിലെ നാല് അംഗങ്ങളാണുള്ളത്.