INDIA

കര്‍ണാടക എംഎല്‍സി ഉപതിരഞ്ഞെടുപ്പ്; ജഗദീഷ് ഷെട്ടാർ കോൺഗ്രസ് സ്ഥാനാർഥി

ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് കോൺഗ്രസ് എംഎൽസി ആക്കാൻ മത്സരിപ്പിക്കുന്നത്

ദ ഫോർത്ത് - ബെംഗളൂരു

കർണാടക നിയമസഭയുടെ ഉപരിസഭയായ ലെജിസ്‍ലേറ്റീവ് കൗൺസിലിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ മത്സരിക്കും. ഇതുസംബനധിച്ച് കോൺ​ഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തു. കർണാടകയിൽ ഒഴിവുവരുന്ന മൂന്ന് എംഎൽസി സീറ്റുകളിൽ ഒന്നാണ് ജഗദീഷ് ഷെട്ടാറിന് നൽകുന്നത്. എംഎൽസി ആകുന്നതോടെ കർണാടക മന്ത്രിസഭയിൽ കയറിപ്പറ്റാനും ഷെട്ടാറിന് സാധിക്കും.

കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു സീറ്റ് നിഷേധത്തെ തുടർന്ന് ബിജെപി അതികായനായ ജഗദീഷ് ഷെട്ടാർ പാർട്ടിവിട്ടത്. തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു. കോൺഗ്രസ് അദ്ദേഹത്തെ സിറ്റിങ് സീറ്റിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും ബിജെപി നിർത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്ങിനകായിയോട് പരാജയപ്പെടുകയായിരുന്നു. ഇതോടെയായിരുന്നു ഷെട്ടാറിനെ ഉപരിസഭാംഗമാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങിയത്.

നിയമസഭാംഗത്തെ പോലെ ഉപരിസഭാംഗത്തിന്റെയും കാലാവധി അഞ്ച് വ‍‍ർഷമാണ്. 2028 വരെ ഷെട്ടാറിന് അംഗത്വം ലഭിക്കും. രണ്ട് വർഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടന വരുമ്പോൾ ഷെട്ടാറിനെ മന്ത്രിസഭയിലേക്ക് കോൺഗ്രസ് പരിഗണിക്കുമെന്നാണ് വിവരം. നിയമസഭ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാർ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പടിയിറക്കം മേഖലയിൽ വലിയ തിരിച്ചടിയാണ് ബിജെപിക്കുണ്ടാക്കിയത്. 

കർണാടകയിലെ പ്രബല സമുദായമായ ലിംഗയാത്ത് വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് അദ്ദേഹം. ഇതുവരെ ബിജെപിക്കൊപ്പം ഉറച്ച് നിന്ന ലിംഗായത്ത് സമുദായ വോട്ടുകൾ കോൺഗ്രസിലേക്ക് മറയാൻ പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് ജഗദീഷ് ഷെട്ടാറിന്റെയും മുൻ ഉപമുഖ്യമന്ത്രി ആയിരുന്ന ലക്ഷ്മൺ സവദിയുടെയും ബിജെപി പടിയിറക്കമായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ അത്താനിയിൽ നിന്ന് മത്സരിച്ച സവദിയും വൈകാതെ മന്ത്രിസഭയിലെത്തിയേക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ