INDIA

രാജ്യത്തെക്കുറിച്ച് വേവലാതിയുള്ളവർക്ക് സ്വാഗതം; യുപിഎ എന്ന പേര് മാറ്റണമോയെന്നത് ചര്‍ച്ച ചെയ്യും: കെ സി വേണുഗോപാല്‍

26 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയാണ് ബെം​ഗളൂരുവിൽ യോഗം ചേരുന്നത്

ദ ഫോർത്ത് - ബെംഗളൂരു

യുപിഎ എന്ന പേര് മാറ്റണോ വേണ്ടയോ എന്ന കാര്യം ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുപിഎയിൽ ഇല്ലാത്ത നിരവധി കക്ഷികളും വിശാല പ്രതിപക്ഷ സഖ്യത്തിൽ അണിചേരുന്ന സാഹചര്യത്തിൽ അത്തരമൊരു ചർച്ച നടന്നാൽ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

''26 പാർട്ടികളുടെ കൂട്ടായ്മയാണ് ബെം​ഗളൂരുവിൽ യോഗം ചേരുന്നത്. ഈ 26 പാർട്ടികളും പാർലമെന്റിനകത്തും പുറത്തും ഒരുമിച്ചുനിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ആ തലത്തില്‍ ചര്‍ച്ചകള്‍ നടക്കും,'' വേണുഗോപാൽ പറഞ്ഞു.

75 ദിവസമായി മണിപ്പൂർ കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഒരു പരിഹാരവും രാജ്യം ഭരിക്കുന്ന പാർട്ടിക്ക് നിർദേശിക്കാനുമില്ല.

ത്രിശങ്കുവില്‍ നില്‍ക്കുന്നവര്‍ക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് ജെഡിഎസിന്റെ എൻഡിഎ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വേണുഗോപാൽ പറഞ്ഞു. ഭരണകക്ഷിയുടെ ജനദ്രോഹ - ഭരണഘടനാവിരുദ്ധ നയങ്ങൾക്കെതിരെ പോരാടാൻ ധൈര്യമുള്ള ആർക്കും ഈ കുടക്കീഴിൽ അണിചേരാം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ ആരെയെങ്കിലും ബാധിക്കുന്നില്ലെങ്കിൽ ഒന്നും ചെയ്യാനില്ല. രാജ്യത്തെക്കുറിച്ച് വേവലാതിയുള്ളവർ വരട്ടേയെന്നും അദ്ദേഹം പറഞ്ഞു.

വിശാല പ്രതിപക്ഷയോ​ഗം ചേരുന്നുവെന്ന് കേട്ടതോടെ ബിജെപി എൻഡിഎ യോഗം വിളിച്ചത് കൂട്ടായ്മയുടെ വിജയമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.

ഭാരത് ജോഡോ യാത്രയെയും പട്‌നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തെയും അധിക്ഷേപിച്ച ബിജെപി, ബെംഗളൂരുവിൽ 26 പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നുവെന്ന് കണ്ടപ്പോൾ എൻഡിഎ യോഗം വിളിച്ചിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വിരട്ടലൊന്നും ഇനി വിലപ്പോവില്ല. ജനം അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് മനസിലാകാത്തത് ബിജെപിക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പട്‌നയിലേതിനേക്കാൾ കൂടുതൽ പാർട്ടികൾ ഇത്തവണ പ്രതിപക്ഷ ‍‍യോ​ഗത്തിൽ പങ്കെടുക്കുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇനിയും ഒരുപാട് പേർ കൂട്ടായ്മയ്ക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് വരുമ്പോൾ ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലാണ് ഐക്യമുന്നണി. കേരളത്തിലാവട്ടെ സിപിഎമ്മും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.

ബിജെപിക്ക് സഹായകരമാകുന്ന തരത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കുകയെന്നതാണ് മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിനുവേണ്ടി ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്. ഈ ലക്ഷ്യത്തിനായി എല്ലാ സംസ്ഥാനങ്ങളിലും ധാരണയുണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ