INDIA

മധ്യപ്രദേശിലും കർണാടക മോഡല്‍; ബിജെപിയെ നേരിടാന്‍ വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ ശക്തമായ തിരിച്ചുവരവിനുള്ള നടത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍

വെബ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബിജെപിയെ നേരിടാന്‍ വിശാല പദ്ധതിയുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തന്നെ പ്രഖ്യാപിച്ച് ഒരു മുഴം മുന്നേ എറിഞ്ഞ ബിജെപിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് ക്യാംപ് തയ്യാറെടുക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയുള്‍പ്പെടെ പ്രഖ്യാപിച്ച് തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് കോണ്‍ഗ്രസ് പദ്ധയിയുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തന്നെ പ്രഖ്യാപിച്ച് ഒരു മുഴം മുന്നേ എറിഞ്ഞ ബിജെപിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് ക്യാംപ് തയ്യാറെടുക്കുന്നത്

കർണാടകയില്‍ പയറ്റിത്തെളിഞ്ഞ അതേ തന്ത്രം മധ്യപ്രദേശിലും പയറ്റാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ ശക്തമായ തിരിച്ചുവരവാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇള്‍പ്പെടെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഡിവിഷണൽ തലത്തിൽ കോൺഗ്രസ് യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

മധ്യപ്രദേശിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി നാടിളക്കിയുള്ള പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. 230 ഓളം എംഎൽഎമാർ കോൺഗ്രസിന്റെ പ്രചാരണത്തിൽ പങ്കെടുക്കും. ഏഴ് ദിവസത്തെ പ്രചാരണപരിപാടികളിൽ നേതാക്കളുടെ ശക്തമായ നിരതന്നെ ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസിനെ നേരിടാന്‍ ബിജെപിയും ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പാണ്.

കർണാടകയിലെ വിജയത്തിന് പിന്നാലെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിനെ മധ്യപ്രദേശിലും നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

തിരഞ്ഞെടുപ്പിനെ നേരിടുന്നതിനും വിജയം ഉറപ്പുവരുത്താനും കർണാടകയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊക്കെ തന്നെ മധ്യപ്രദേശിലും ഉപയോഗിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കോൺഗ്രസിന്റെ പ്രധാന അജണ്ട. ഇതിന്റെ ഭാഗമായി പ്രതിമാസം സ്ത്രീകൾക്ക് 1500 രൂപവീതം നൽകുമെന്നും പാചകവാതക സിലിണ്ടറിന്റെ വില 500 രൂപയാക്കി താഴ്ത്തുമെന്നും 100 യൂണിറ്റ് വരെ വൈദ്യുതി എല്ലാ വീടുകളിലും സൗജന്യമായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ, 200 യൂണിറ്റിന്റെ വില പകുതിയാക്കുമെന്നും അവർ എടുത്തുപറഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ, പഴയ പെൻഷൻ പദ്ധതി വീണ്ടും കൊണ്ടുവരുമെന്നും കടക്കെണിയിലായ കർഷകർക്ക് സമ്പൂർണ ലോൺ അനുവദിക്കുമെന്നും ഉൾപ്പെടെയുള്ള അഞ്ച് വാഗ്ദാനങ്ങളാണ് ഉറപ്പുനൽകുന്നത്.

മധ്യപ്രദേശിൽ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തിന്റെ ചുമതല രൺദീപ് സുർജേവാലയെ ഏൽപ്പിക്കുകയായിരുന്നു കോൺഗ്രസിന്റെ ആദ്യപടി. കർണാടകത്തിലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത് രൺദീപ് സുർജേവാല ആയിരുന്നു. കർണാടകയിലെ വിജയത്തിന് പിന്നാലെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിനെ മധ്യപ്രദേശിലും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകത്തിൽ ബിജെപിക്കെതിരെ 40 ശതമാനം കമ്മീഷൻ ആരോപണമാണ് കോൺഗ്രസ് കൊണ്ടുവന്നതെങ്കിൽ, മധ്യപ്രദേശിൽ അത് 50 ശതമാനമാക്കും. സംസ്ഥാനത്ത് കുംഭമേളയിലും സിംഹാസതമേളയിലും വരെ ബിജെപി അഴിമതികാട്ടിയിരുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.

എന്നാൽ, കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ആഞ്ഞടിക്കുമെന്നുമാണ് മധ്യപ്രദേശ് ബിജെപി ചീഫ് വി ഡി ശർമ്മയുടെ പ്രതികരണം. അപകീർത്തിപ്പെടുത്തിയതിന് കോൺഗ്രസ് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ പ്രചാരണത്തിന് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച സംസ്ഥാനം സന്ദർശിക്കും. സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കുന്നതിനു പിന്നാലെതന്നെ പ്രചാരണം ആരംഭിക്കാനാണ് ബിജെപിയുടെ നീക്കം.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?