മൂന്ന് ദിവസമായി റായ്പ്പൂരിൽ നടക്കുന്ന 85-ാം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കാർഷികം, സാമൂഹ്യ നീതി, യുവജന വിദ്യാഭ്യാസം എന്നീ മൂന്ന് പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും. രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രതിനിധി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നന്ദി രേഖപ്പെടുത്തും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വച്ചാണ് കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് നേരിടാൻ പാർട്ടിയെ സജ്ജമാക്കാൻ വേണ്ട നിർണായക തീരുമാനങ്ങളാണ് പ്രധാനമായും സമ്മേളനം ചർച്ച ചെയ്യുന്നത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും കോൺഗ്രസ് രേഖപ്പെടുത്തി. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിന്റെ അടിയന്തര ആവശ്യമുണ്ടെന്നും പ്ലീനറിയില്‍ രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും തകര്‍ത്ത ഭരണമാണ് കഴിഞ്ഞ എട്ടരവര്‍ഷമായി ഉള്ളതെന്നും രാജ്യത്ത് ഭീതിയും വെറുപ്പും ഭീഷണിപെടുത്തലുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. മൂന്നാം മുന്നണി സംവിധാനത്തെ പാടെ തള്ളികളഞ്ഞ പ്രമേയം, ബിജെപിയെ സഹായിക്കാന്‍ മാത്രമാണ് മൂന്നാം മുന്നണിയെ കൊണ്ട് കഴിയുകയെന്നും വിമര്‍ശിച്ചു.
ഇന്നത്തെ ചർച്ചയിലും ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാട് പാർട്ടി സ്വീകരിക്കും. രാഷ്ട്രീയ, സാമ്പത്തിക, അന്തർദേശീയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ കഴിഞ്ഞ ദിവസം ചർച്ച ചെയ്ത് പാസാക്കി.
നാല് വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്നത്. 15000 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ സമ്മേളനമാണിത്. 26 വർഷങ്ങൾക്കിപ്പുറം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ പ്ലീനറി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചതും ഇത്തവണത്തെ സമ്മേളനത്തെ വ്യത്യസ്തമാക്കി. സമ്മേളനത്തിന്റെ ആദ്യ ദിവസം, വർക്കിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയും അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ പാർട്ടി മേധാവിക്ക് അധികാരം നൽകുകയും ചെയ്തിരുന്നു.
അതിനിടെ, സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചനയും സോണിയാ ഗാന്ധി സമ്മേളനത്തില്‍ നല്‍കി. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചേക്കുമെന്നാണ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനം. '2004ലെയും 2009ലെയും കോണ്‍ഗ്രസിന്റെ വിജയവും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമര്‍ത്ഥമായ നേതൃത്വവും തനിക്ക് വ്യക്തിപരമായ സംതൃപ്തി നല്‍കിയ അവസരങ്ങളായിരുന്നു. എന്നാല്‍ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം, കോണ്‍ഗ്രസിന് വഴിത്തിരിവായേക്കാവുന്ന ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്‌സ് അവസാനിക്കും' സോണിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.