INDIA

കളം പിടിക്കാന്‍ തരൂര്‍; പതിനെട്ടടവും തയാര്‍

പത്തിന പ്രകടന പത്രിക, ഒഴുക്കന്‍ ഹിന്ദിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി, 12 സംസ്ഥാനങ്ങളില്‍ നിന്ന് നാമനിര്‍ദേശകര്‍

എ വി ജയശങ്കർ

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഔദ്യോഗിക സ്ഥാനാര്‍ഥി ആരെന്നതിനെ പറ്റിയുണ്ടായ ആശയക്കുഴപ്പം ആദ്യ റൗണ്ടില്‍ ശശി തരൂരിന് തുണയായി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച 60 നേതാക്കള്‍ 12 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും തരൂരിന് ലഭിക്കുന്ന പിന്തുണ ഔദ്യോഗിക നേതൃത്വത്തിന് ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കിയിട്ടുമുണ്ട്.

അശോക് ഗെഹ്ലോട്ട് നെഹ്റു കുടുംബത്തിന്റെ അപ്രീതി പിടിച്ചുപറ്റി കളത്തിനു പുറത്തായപ്പോഴും മുകുള്‍ വാസ്നിക്കും മീര കുമാറും ആയിരുന്നു ഔദ്യോഗിക സ്ഥാനാര്‍ഥിയാവാന്‍ സാധ്യത കല്പിച്ചിരുന്നവര്‍. എന്നാല്‍ വെള്ളിയാഴ്ച്ച രാവിലെയാണ് അവരെയും മറികടന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കര്‍ണാടകയില്‍ നിന്നുള്ള ദളിത് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികപക്ഷം രംഗത്തിറക്കിയത്.

തരൂർ പുറത്തിറക്കിയ പ്രകടന പത്രിക
തരൂർ പുറത്തിറക്കിയ പ്രകടന പത്രിക

ഗെഹ്ലോട്ട് പുറത്തായതോടെ മത്സരിക്കാന്‍ ഒരുങ്ങിയ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിനെ നിര്‍ദേശകനാക്കിയാണ് ഖാര്‍ഗെയ്ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷം നെഹ്റു കുടുംബം കല്പിച്ചു നല്‍കിയത്. എ കെ ആന്റണിയും അംബിക സോണിയും മുകുള്‍ വാസ്നിക്കും ഗെഹ്ലോട്ടും ദീപേന്ദര്‍ സിങ് ഹൂഡയുമുള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ പത്രികയില്‍ ഒപ്പ് വച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ അധികാര ഘടന അനുസരിച്ച് നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തോല്‍പിക്കാന്‍ തരൂരിന് കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

പ്രകടന പത്രിക പുറത്തിറക്കിയതും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇംഗ്ലീഷിനേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം ഹിന്ദിക്ക് നല്കിയതുമൊക്കെ തരൂര്‍ അരയും തലയും മുറുക്കി മത്സരിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന പ്രതീതി ഉളവാക്കിയിട്ടുണ്ട്.

ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ 'തരൂര്‍ ഫോര്‍ പ്രസിഡന്റ്' എന്ന തീമുമായി അജ്ഞാത പേജുകള്‍ പൊടുന്നനെ പ്രത്യക്ഷമായതും അത്തരം ഒരു പേജിനെ തന്റെ പ്രൊഫൈലില്‍ തന്നെ എന്‍ഡോഴ്‌സ് ചെയ്തുകൊണ്ട് തരൂര്‍ നന്ദി പറഞ്ഞതുമെല്ലാം പഴശ്ശിയുടെ കളികള്‍ കമ്പനി ഇനിയും കാണാന്‍ ഇരിക്കുന്നേയുള്ളൂ എന്ന തോന്നലും ഉളവാക്കിയിട്ടുണ്ട്.

സസ്‌പെന്‍ഷനില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂറും തരൂരിന് പരസ്യ പിന്തുണയായി രംഗത്തെത്തിയിരുന്നു

അപ്രതീക്ഷിതമായി പതിനഞ്ചോളം നേതാക്കളുടെ ഒപ്പ് കേരളത്തില്‍ നിന്ന് തന്നെ നാമനിര്‍ദേശക പത്രികയിലേക്ക് സമാഹരിക്കാനായ തരൂരിന് പിന്തുണയുമായി പാര്‍ട്ടി ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും ധാരാളം പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. തരൂരിന്റെ പത്രികയില്‍ ഒപ്പിട്ട കേരള നേതാക്കളില്‍ പ്രമുഖര്‍ എം കെ രാഘവന്‍ എം പി, കെ സി അബു, തമ്പാനൂര്‍ രവി, കെ എസ് ശബരിനാഥന്‍ എന്നിവരാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കിയും തരൂരിനെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. ശശി തരൂര്‍ എന്ന കോണ്‍ഗ്രസിന്റെ അഭിമാനവും, സ്വകാര്യ അഹങ്കാരവും, പണ്ഡിതനും , ആര്‍ജ്ജവമുള്ള രാഷ്ട്രീയക്കാരനിലൂടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ് ഈ തെരഞ്ഞെടുപ്പെന്നു അഭിന്‍ വര്‍ക്കി പറഞ്ഞു. സസ്‌പെന്‍ഷനില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂറും തരൂരിന് പരസ്യ പിന്തുണയായി രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ സായന്തനത്തിലെത്തിയ നേതാവിനെ അധ്യക്ഷനാക്കുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന ചോദ്യം യുവ നേതാക്കള്‍ രഹസ്യമായി ഉയര്‍ത്തി കഴിഞ്ഞു

പ്രകടന പത്രികയില്‍ പറഞ്ഞ വിഷയങ്ങള്‍ക്ക് പുറമെ ഖാര്‍ഗെയുടെ പ്രായവും അനൗദ്യോഗിക പ്രചാരണത്തിനായി തരൂര്‍ ക്യാമ്പ് ഉപയോഗിച്ചേക്കും. ജൂലൈയില്‍ 80 വയസ് പിന്നിട്ട ഖാര്‍ഗെ പ്രസിഡന്റ് ആകുന്നത് ഉദയ്പൂര്‍ ചിന്തന്‍ ഷിവിറിലെ തീരുമാനങ്ങളുടെ സത്തക്ക് എതിരാണ്. പാര്‍ട്ടിയെ ചലനാത്മകമാക്കേണ്ട പ്രസിഡന്റ് ഉണ്ടാവേണ്ട സമയത്ത് രാഷ്ട്രീയ ജീവിതത്തിന്റെ സായന്തനത്തിലെത്തിയ നേതാവിനെ അധ്യക്ഷനാക്കുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന ചോദ്യം യുവ നേതാക്കള്‍ രഹസ്യമായി ഉയര്‍ത്തി കഴിഞ്ഞു.ഉത്തരേന്ത്യയിലെ വരേണ്യ നേതാക്കള്‍ക്ക് ഖാര്‍ഗെയുടെ ദളിത് വ്യക്തിത്വത്തോടുള്ള എതിര്‍പ്പും തരൂരിന് ഗുണം ചെയ്യുന്ന ഘടകമായി പരിണമിച്ചേക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

കേരളത്തിലെ യുവനേതാക്കള്‍ പരസ്യമായി തരൂരിനെ അനുകൂലിച്ചതോടെ വെട്ടിലായത് സംസ്ഥാന നേതൃത്വമാണ്. പാര്‍ട്ടിക്കാര്‍ക്കിടയില്‍ തരൂരിനുള്ള സ്വീകാര്യത കുറവാണെന്ന് പറഞ്ഞു തള്ളാനായിരുന്നു ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ശ്രമം. ഒരു ബൂത്ത് യോഗത്തില്‍ പോലും പങ്കെടുക്കാത്ത തരൂരിന് എങ്ങനെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഘട്ടത്തില്‍ ആവര്‍ത്തിച്ചു ഉന്നയിച്ചിരുന്ന ചോദ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തരൂരിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അടക്കം തരൂറിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ മുതിര്‍ന്ന നേതാക്കളോട് പ്രതികരണം ആരാഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സോണിയ ഗാന്ധിയുടെ അടക്കം അനുമതിയോടുകൂടിയാണ് തരൂര്‍ മത്സരിക്കുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വോട്ടവകാശമുഉള്ളവര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നുമായിരുന്നു മറുപടി.

ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന മലയാളി പാര്‍ട്ടി അധ്യക്ഷനായി 100 വര്‍ഷത്തിനപ്പുറം മറ്റൊരു മലയാളിയായ തരൂര്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ജയപരാജയങ്ങള്‍ക്കപ്പുറം നല്‍കുന്ന രാഷ്ട്രീയ സന്ദേശത്തിന്റെ പ്രസക്തി വളരെ വലുതാണ്.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം