മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍ 
INDIA

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: പ്രചാരണം ഊര്‍ജിതമാക്കി തരൂരും ഖാര്‍ഗെയും

തരൂര്‍ ഇന്ന് ഉത്തര്‍പ്രദേശില്‍, ഖാർഗെയുടെ പ്രചാരണം കൊൽക്കത്തയിലും അസമിലും

വെബ് ഡെസ്ക്

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമായി ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. തരൂർ ഇന്ന് ഉത്തർപ്രദേശിലാണ് പ്രചാരണം നടത്തുന്നത്. ലഖ്‌നൗവിലുള്ള പിസിസി ആസ്ഥാനത്തെത്തി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യതയേറെയാണ്. തെലങ്കാന, മഹാരാഷ്ട്ര പിസിസികള്‍ തരൂരിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു. ഖാർഗെ ഇന്ന് കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. അസമിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളെയും അദ്ദേഹം കാണും.

തെലങ്കാന പിസിസിയാണ് തരൂരിനെതിരെ ആദ്യ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുംബൈയിലെത്തിയ തരൂരിനെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കളാരും എത്തിയിരുന്നില്ല. അതേസമയം, സാധാരണ പ്രവര്‍ത്തകര്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു. മഹാരാഷ്ട്ര പി സി സി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്ത് എത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് മുംബൈയിൽ ലഭിച്ചതെന്നാണ് തരൂരിന്റെ അഭിപ്രായം. കേരള പിസിസി ആസ്ഥാനത്തെത്തിയപ്പോഴും സമാന സ്വീകരണമാണ് തരൂരിന് ലഭിച്ചത്. മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നപ്പോള്‍ സാധാരണ നേതാക്കള്‍ വലിയ വരവേല്‍പ്പൊരുക്കി.

തരൂരിനെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം മുതലാക്കിയാണ് ഖാര്‍ഗെയുടെ പ്രചാരണം. താൻ രാഷ്ട്രീയത്തിലേക്ക് പൊട്ടിവീണതല്ലെന്ന് ഖാർഗെ കഴിഞ്ഞ ദിവസം തരൂരിനെ ലക്ഷ്യമാക്കി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അനുഭവസമ്പത്തുണ്ട്. പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ തനിക്കുണ്ട്. പാർട്ടിയുടെ താഴെ തട്ടിൽ നിന്നും ഉയർന്നുവന്ന നേതാവാണ്. എടുത്തുചാടി രാഷ്ട്രീയത്തിലെത്തിയതല്ല. സോണിയ ഗാന്ധിയുടെ നേതൃത്വം തനിക്ക് മികച്ച അവസരങ്ങൾ നൽകിയെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അതേസമയം, ഹൈക്കമാന്‍ഡിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. നേതാക്കൾ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നതാണെന്നും അതിന് താന്‍ എന്ത് ചെയ്യുമെന്നുമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ