അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺഗ്രസ് സാമൂഹ്യനീതി പ്രമേയം. എസ് സി/എസ് ടി വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും അന്തസ് കാത്തുസൂക്ഷിക്കുന്നതിനുമായി രോഹിത് വെമുല നിയമം നടപ്പാക്കും. വനിത കമ്മീഷന് ഭരണഘടന പദവി നൽകുമെന്നും പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് സാമൂഹ്യനീതിയും ശാക്തീകരണവും സംബന്ധിച്ച കരട് പ്രമേയം അവതരിപ്പിച്ചത്.
ജുഡീഷ്യറിയുടെ ഉന്നതതലത്തിലും എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. ഇതിനായി സംവരണം ഏർപ്പെടുത്തും. ജുഡീഷ്യറി ഇന്ത്യയുടെ സാമൂഹിക വൈവിധ്യങ്ങളുടെ പ്രതിഫലനമാണെന്ന് പ്രതിപാദിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ഇന്ത്യൻ ജുഡീഷ്യൽ സർവീസ് ആരംഭിക്കുന്നതിനുള്ള പരിഷ്‌കരണങ്ങൾ നടത്തുമെന്നും പ്രമേയത്തിൽ പറഞ്ഞു.
ഇവയ്ക്ക് പുറമെ കർഷകർക്കും പ്രമേയത്തിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ആറ് ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളുമെന്ന വാഗ്ദാനമാണ് ഇവയിൽ പ്രധാനം. കൂടാതെ കടങ്ങളുടെ പേരിൽ കർഷകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും അവരുടെ ഭൂമി ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും പ്രമേയത്തിൽ പറയുന്നു. എല്ലാവിളകൾക്കും താങ്ങുവില ഉറപ്പാക്കുന്ന തരത്തിൽ താങ്ങുവില നിയമവിധേയമാക്കുമെന്നും വാഗ്ദാനത്തിലുണ്ട്.