INDIA

ബിജെപി ഭയക്കുന്ന ജാതി സെന്‍സസ്; പ്രതിരോധിക്കാന്‍ ഏകീകൃത സിവില്‍കോഡോ?

പ്രതിപക്ഷത്തെ യോജിപ്പിച്ച് നിര്‍ത്തുന്ന ഒരു ഘടകമായി ജാതി സെന്‍സസ് എന്ന ആവശ്യം ഉയരുന്നു

അഷിത പി എസ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം അവശേഷിക്കെ, ബിജെപിയ്‌ക്കെതിരെ ഐക്യ പ്രതിപക്ഷം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശരദ് പവാറിനെ പോലുളള നേതാക്കളുടെ സമീപനത്തില്‍ അവ്യക്തതകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും നരേന്ദ്ര മോദിക്കെതിരായ യോജിച്ച നീക്കത്തിനുള്ള ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ട്.

ഇങ്ങനെ പ്രതിപക്ഷത്തെ യോജിപ്പിച്ചുനിര്‍ത്തുന്ന ഒരു ഘടകമായി ജാതി സെന്‍സസ് എന്ന ആവശ്യം ഉയരുന്നുവെന്നത് വളരെ പ്രാധാന്യമുള്ളതാണ്. കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ബിഹാറില്‍ നിതീഷ് കുമാറിനും ഇതേ നിലപാടാണ്. ജാതി സെന്‍സസ് എന്ന ആവശ്യം, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലെ ബിജെപിയെ പ്രതിരോധത്തിലാക്കുമോ? എന്തുകൊണ്ടാണ് ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതുപോലെ, ജാതി സെന്‍സസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി കൊണ്ട് പ്രതിരോധിക്കാനാവുമോ ബിജെപി ശ്രമിക്കുക?

ജാതി സെന്‍സസിനെ പ്രതിരോധിക്കാന്‍ ഏകീകൃത സിവില്‍ കോഡോ?

സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടിന് ശേഷവും ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകമായി ജാതി തുടരുന്നു. ജാതി സമവാക്യങ്ങളെ തന്ത്രപരമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രതിഭാസത്തിന്റെ പേരു കൂടിയാണ് ഇന്ത്യന്‍ ജനാധിപത്യം. ഈ സാഹചര്യത്തിലാണ് ജാതി സെന്‍സസ് എന്ന ആവശ്യത്തെ ഉയര്‍ത്തികൊണ്ടുവരണമെന്ന ആവശ്യത്തെ കാണേണ്ടത്. 2011ല്‍ നടത്തിയ ജാതി കണക്കെടുപ്പുകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.ബിജെപി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തുന്ന സാമൂഹ്യ എഞ്ചിനീയറിങ്ങിനെ അസ്ഥിരപ്പെടുത്താനും നഷ്ടമായ സാമൂഹ്യ വിഭാഗങ്ങളിലേക്ക് തിരികെ ചെല്ലാനും ഇത് സഹായിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ജാതി സെന്‍സസ് കൊണ്ടുള്ള പ്രയോജനമെന്ത്?

നമ്മുടെ സമൂഹം ജാതിയാല്‍ വിഭജിക്കപ്പെട്ടതാണ്. സവര്‍ണ വിഭാഗത്തിനാണ് രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും പിടിമുറുക്കം. സംവരണത്തിന് ഇതില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞുവെന്ന് പറയാനാകില്ല. സ്വകാര്യമേഖലയില്‍ ഈ അസമത്വം കൂടുതല്‍ ആഴത്തിലുള്ളതാണ്. ജാതി സെന്‍സസ് നടപ്പാക്കുന്നതോടെ, ഓരോ ജാതി വിഭാഗത്തിന്റെയും സാമൂഹ്യ- സാമ്പത്തിക സ്ഥിതിയും അധികാരത്തിലുള്ള പങ്കാളിത്തവും മനസ്സിലാക്കാനാകും. ഇത് വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉതകുന്ന നയങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളെ പര്യാപ്തമാക്കും.

ജാതി സെന്‍സസ് ജാതി സ്വത്വ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അത് ജാതി വ്യത്യാസങ്ങള്‍ക്കപ്പുറം ഹിന്ദുവെന്ന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തെ തളര്‍ത്തുമെന്നുമാണ് ബിജെപി ഭയക്കുന്നത്. വിവിധ ജാതി വിഭാഗങ്ങള്‍ അവരുടെ അവകാശത്തിന് വേണ്ടി മുന്നോട്ടുവന്നാല്‍, അത് ദീര്‍ഘ കാലത്തില്‍ സാമൂഹ്യ നീതി സാക്ഷാത്കരിക്കുന്നതിന് സഹായകരമായേക്കാം. എന്നാല്‍ ഹിന്ദു ബോധത്തെ ആന്തരികമായി തന്നെ തളര്‍ത്തുമെന്നതിനാലാണ് അതിനെ ബിജെപി പിന്തുണയ്ക്കാത്തത്. മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. അന്ന് ഏറ്റവും കൂടുതല്‍ അസ്വസ്ഥമായത് ബിജെപിയായിരുന്നു. അതിനെ നേരിടാന്‍ അവര്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കാനുള്ള കലാപനീക്കങ്ങള്‍ ശക്തമാക്കുകയാണ് ചെയ്തത്. ജാതി സെന്‍സസ് ഉണ്ടാക്കുന്ന രാഷ്ട്രീയ വെല്ലുവിളിയെ നേരിടാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി നേരിടാനാവുമോ എന്ന ചിന്ത ബിജെപിക്കുണ്ടാകുന്നതും ഇതില്‍ നിന്നാണ്.

മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്കപ്പുറം ഏകീകൃത നിയമം കൊണ്ടുവരികയെന്നതാണ് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ് ഹിന്ദു ബോധത്തെ ഉണര്‍ത്തുമെന്നും ഹിന്ദുത്വത്തെ സഹായിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

മുഖ്യ അജണ്ട ജാതി ആകുമോ?

നേരത്തെ തന്നെ ജനാതാ പരിവാര്‍ പാര്‍ട്ടികള്‍ ജാതി സെന്‍സസിന്റെ വക്താക്കളായിരുന്നു. കോണ്‍ഗ്രസും ഇതേ നിലപാട് ശക്തമായി ആവശ്യപ്പെടുന്നുവെന്നതാണ് പുതുതായി സംഭവിച്ച കാര്യം.

1990കളിലാണ് രാജ്യത്ത് ജാതി സെന്‍സസ് എന്ന ആവശ്യം ഏറ്റവും ശക്തമായിരുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജാതി സംവരണം കൃത്യമായി നടപ്പാക്കണമെങ്കില്‍ അത് സംബന്ധിച്ച രേഖകള്‍ വേണം. പിന്നാക്ക ജാതികളുടെ കണക്കുകളും ആധികാരിക വിവരങ്ങളുമുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഇക്കാര്യത്തില്‍ വ്യക്തമായൊരു ചിത്രം നിലവിലില്ല.

1996ലെ ജനതാ സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനമായിരുന്നു ജാതി സെന്‍സസ്. ദേവഗൗഡ ജാതി സെന്‍സസിനെ പിന്തുണച്ചിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല. 2001ല്‍ വാജ്‌പേയി ജാതി സെന്‍സസ് നടപ്പാക്കുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്മാറി. പിന്നീടെത്തിയ യുപിഎ സര്‍ക്കാരും ജാതി സെന്‍സസിന് അത്രത്തോളം പ്രാധാന്യം നല്‍കിയില്ല. ഭരണപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്നോട്ടടിക്കല്‍. എന്നാല്‍ 2011ല്‍ സാമ്പത്തിക - സാമൂഹിക - ജാതി സെന്‍സസ് നടപ്പാക്കി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. സര്‍വേയില്‍ ജാതി സംബന്ധിച്ച ഡേറ്റകള്‍ ശേഖരിച്ചെങ്കിലും പ്രായോഗികമാക്കിയ രീതി ഏറെ വിമര്‍ശിക്കപ്പെട്ടു. കൃത്യതയില്ലാത്ത വിവരങ്ങളാണെന്നായിരുന്നു ആരോപണം.

ജാതി സെന്‍സസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. എത്രനാള്‍ ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനുമെന്നതും യോജിച്ചുള്ള നിലപാടിലൂടെ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമോയെന്നതും വ്യക്തമല്ല.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം