സനാതന ധര്‍മം തുടച്ചുനീക്കണമെന്ന ഉദയ്‌നിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി വിമർശനം ശക്തമാക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
''എല്ലാ പാര്‍ട്ടിക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. സര്‍വ ധര്‍മ സമഭാവ അതായത് എല്ലാ മതങ്ങളോടും ബഹുമാനം പുലര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. എല്ലാവരുടെ വിശ്വാസങ്ങളെയും കോണ്‍ഗ്രസ് മാനിക്കുന്നുണ്ട്,'' കെസി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, ജനങ്ങളോട് തുല്യത പാലിക്കാത്ത ഏത് മതവും ഒരു രോഗം പോലെയാണെന്നായിരുന്നു കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശം. വിഷയത്തില്‍ രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.
''നിങ്ങളുടെ സഖ്യകക്ഷികള്‍ സനാതന ധര്‍മത്തെ പരസ്യമായി അപമാനിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ മിണ്ടാതിരിക്കുന്നത്? നിങ്ങള്‍ എന്തിനാണ് അപ്പോള്‍ അമ്പലത്തില്‍ പോകുന്നത്. അതെല്ലാം വെറും അഭിനയമാണോ?'' എന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം. വോട്ട് ലഭിക്കാനായി ഇന്ത്യ സഖ്യകക്ഷിയുള്ളവരെല്ലാം ഹിന്ദു വിരുദ്ധരായി മാറുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഹിന്ദു ധര്‍മം പിന്തുടരുന്നവരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് ഉദയ്‌നിധി സ്റ്റാലിന്റെ പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്
സനാതന ധര്‍മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനത്തിലേക്ക് വഴിവച്ചത്. എന്ത് കേസ് നല്‍കിയാലും അത് നേരിടാന്‍ തയാറാണെന്നും ഉദയ് നിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.
ഹിന്ദു ധര്‍മം പിന്തുടരുന്നവരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് ഉദയ്‌നിധി സ്റ്റാലിന്റെ പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ അത് ബിജെപി വളച്ചൊടിച്ചതാണെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉദയ്‌നിധി സ്റ്റാലിനും വ്യക്തമാക്കിയിരുന്നു.