നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പാർട്ടി സംഘനാ സംവിധാനം പുനഃസംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. പ്രവർത്തക സമിതിയിൽ 50% സംവരണം ഏർപ്പെടുത്താനും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനുമടക്കമുള്ള നിർണായക തീരുമാനമാണ് വരുന്നത്. 24 ൽ നിന്ന് 28 ലേക്ക് അംഗബലം വർധിപ്പിക്കും. മുന്‍ പ്രധാനമന്ത്രി, പാര്‍ട്ടി മുൻ അധ്യക്ഷന്മാര്‍ തുടങ്ങിയവരെ പ്രത്യേകം ഉൾപ്പെടുത്തുവിധം സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തും. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിടയില്ലെന്നും അംഗങ്ങളെ സമവായത്തിലൂടെ കണ്ടെത്താനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ടുകൾ.
പട്ടികജാതി- പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, യുവാക്കൾ (50 വയസ്സിന് താഴെയുള്ളവര്‍), സ്ത്രീകള്‍ എന്നിവര്‍ക്ക് 50 ശതമാനം അംഗങ്ങളെ സംവരണത്തിലൂടെ നിശ്ചയിക്കാനാണ് തീരുമാനം. പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനം ഈ മാസം നടക്കും. ഫെബ്രുവരി 24 മുതല്‍ 26 വരെ ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സമ്മേളനം. പാർട്ടി ഘടന സംബന്ധിച്ച തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാകും.
സംസ്ഥാന സമിതികള്‍ പാസാക്കിയ പ്രമേയം അനുസരിച്ച് കോണ്‍ഗ്രസ് അധ്യക്ഷനാണ് എഐസിസി അംഗങ്ങളെ തീരുമാനിക്കാനുള്ള ചുമതല. 8,800 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളില്‍ നിന്ന് 1,100 എഐസിസി അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. ഇവരാണ് പ്രവര്‍ത്തകസമിതിയെ തീരുമാനക്കേണ്ടത്. നിലവില്‍ പ്രസിഡന്‌റും 23 പേരും (23+1) എന്നതാണ് പ്രവര്‍ത്തക സമിതിയുടെ ഘടന. ഇത് മാറി കോണ്‍ഗ്രസ് പാര്‍ലമെന്‌ററി പാര്‍ട്ടി അധ്യക്ഷന്‍, മുന്‍ പ്രധാനമന്ത്രി, മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ എന്നിവരെ കൂടി ഉള്‍പ്പെടുത്തി 23+6 എന്ന നിലയില്‍ പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കാനാണ് ആലോചന.