INDIA

'അനീതിയുടെ പത്ത് വര്‍ഷം'; മോദിയുടെ ധവളപത്രത്തിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ കറുത്തപത്രം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സന്ദേശവുമായി ബന്ധമുള്ള സന്ദേശമാണ് പത്രത്തിന്റെയും ഉള്ളടക്കം

വെബ് ഡെസ്ക്

യുപിഎ സര്‍ക്കാര്‍ കാലത്ത് സമ്പദ് വ്യവസ്ഥ തെറ്റായി കൈകാര്യം ചെയ്തുവെന്നാരോപിച്ച് എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ധവള പത്രം അവതരിപ്പിക്കുന്നതിന് മുന്നോടിയായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്തെക്കുറിക്കുന്ന കറുത്ത പത്രം പുറത്തിറക്കി കോണ്‍ഗ്രസ്. 'അനീതിയുടെ പത്ത് വര്‍ഷം' എന്ന പേരിലാണ് കറുത്ത പത്രം പുറത്തിറക്കിയത്.

മോദിയുടെ കാലത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിച്ചു, തൊഴിലില്ലായ്മ വര്‍ധിച്ചു, കാര്‍ഷിക ഘടന തകര്‍ന്നുവെന്ന് പത്രത്തില്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗുരുതരമായ അനീതികളും വര്‍ധിച്ചുവെന്നും പത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ ഈ പ്രതിഷേധത്തെ പരിഹസിച്ച മോദി തന്റെ സര്‍ക്കാരിനെതിരെ കറുത്ത പത്രവുമായി രംഗത്തെത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നന്ദി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൃഷ്ടി പതിക്കാതിരിക്കാന്‍ കറുത്ത പത്രവുമായി വന്നിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

പത്ത് വര്‍ഷത്തെ മോദി സര്‍ക്കാരിന് കീഴിലെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ അനീതികള്‍ സാമൂഹിക അസ്വാരസ്യങ്ങളുടെ വ്യാപനം, ദേശീയ സുരക്ഷയുടെ വിട്ടുവീഴ്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കറുത്ത പത്രത്തില്‍ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സന്ദേശവുമായി ബന്ധമുള്ള സന്ദേശമാണ് പത്രത്തിന്റെയും ഉള്ളടക്കം.

കോണ്‍ഗ്രസ് രാജ്യത്തെ തെക്ക്, വടക്ക് എന്ന നിലയില്‍ വിഭജിക്കുകയാണെന്നും ഒബിസി, പട്ടികജാതി-പട്ടിക വര്‍ഗ സമൂഹം എന്നീ വിഭാഗങ്ങളെ വെട്ടിച്ചുരുക്കകയാണെന്നുമുള്ള വിമര്‍ശനം മോദി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധം.

എസ്‌സി, എസ്ടി സമുദായത്തില്‍പ്പെട്ടയാളെ രാഷ്ട്രപതിയാക്കിയത് എന്‍ഡിഎ സര്‍ക്കാരാണെന്നതുള്‍പ്പെടെയുള്ള മോദിയുടെ പല വാദങ്ങളെയും ഖാര്‍ഗെ വിമര്‍ശിച്ചു. ''അത് പ്രാധാന്യമുള്ളതല്ല. അവര്‍ ഇത്തരത്തില്‍ വന്നു കൊണ്ടേയിരിക്കുന്നുണ്ട്. ഞങ്ങളും എസ്‌സി സമുദായത്തില്‍ നിന്നും രാഷ്ട്രപതിയെ നിയമിച്ചിട്ടുണ്ട് (കെ ആര്‍ നാരായണന്‍). ഞാന്‍ ദ്രൗപദി മുര്‍മുവിനെ വിമര്‍ശിക്കുന്നില്ല. അവരുടെ യോഗ്യതയെ ഞാന്‍ മാനിക്കുന്നു. എന്നാല്‍ ഉന്നത വിദ്യാഭ്യാസമുള്ള, അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ ഇന്ത്യയുടെ അംബാസഡറുമായിരുന്നു കെ ആര്‍ നാരായണന്‍'', അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വത്കരണത്തിനും, യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കാതെ കോര്‍പ്പറേറ്റുകാര്‍ക്ക് നൂറു കണക്കിന് കോടി രൂപയുടെ ലോണുകള്‍ നല്‍കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ ഭാഷ നല്ലതാണെന്നും എന്നാല്‍ അതുകൊണ്ട് സാമ്പത്തിക വ്യവസ്ഥയില്‍ മെച്ചമുണ്ടാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ഇതിലൂടെ വിലക്കയറ്റം കുറയില്ലെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കില്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

ഏജന്‍സികളെ ഉപയോഗിച്ച് ഉപദ്രവിച്ചാണ് ബിജെപി ഇലക്ടറല്‍ ബോണ്ട് വഴി ഫണ്ട് സ്വരൂപിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. ''പരോക്ഷമായുള്ള ഉപദ്രവങ്ങളും സമ്മര്‍ദം ചെലുത്തിയുമാണ് ബിജെപി ഫണ്ട് കണ്ടെത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബിജെപി 411 എംഎല്‍എമാരെ തങ്ങളുടെ വശത്തേക്ക് കൊണ്ടു വന്ന് സര്‍ക്കാരുകളെ അട്ടിമറിച്ചു. അവര്‍ക്കെതിരെ സംസാരിക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നു'', അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ചതിന് പിന്നാലെ തനിക്ക് ചൊവ്വാഴ്ച ഭീഷണിക്കോള്‍ വന്നിരുന്നുവെന്നും പരാതി നല്‍കിയെന്നും ഖാര്‍ഗെ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ