INDIA

ഡൽഹി ഓർഡിനൻസ് പാർലമെന്റിൽ എതിർക്കാൻ കോൺഗ്രസ്; തീരുമാനം ഡൽഹി, പഞ്ചാബ് ഘടകങ്ങളുടെ എതിർപ്പ് മറികടന്ന്

ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം മാത്രമേ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളില്‍ ഇനി പങ്കെടുക്കൂ എന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു

വെബ് ഡെസ്ക്

ഡല്‍ഹി സര്‍ക്കാരിന്‌റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പഞ്ചാബ്, ഡല്‍ഹി ഘടകങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീണ്ടുപോയ നിലപാട് പ്രഖ്യാപനമാണ് ഒടുവില്‍ എത്തിയിരിക്കുന്നത്. പാര്‍ലമെന്‌റിന്‌റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ നിലപാടുകള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ബെംഗളൂരുവില്‍ ചേരാനിരിക്കെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത്. ''ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും മേലുള്ള മോദി സര്‍ക്കാരിന്റെ ആക്രമണങ്ങള്‍ക്കെതിരെ പാര്‍ട്ടി എപ്പോഴും പോരാടിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും പല രീതിയില്‍ മോദി സര്‍ക്കാര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. പാര്‍ലമെന്റിലും പുറത്തും ഇത്തരം ആക്രമണങ്ങളെ കോണ്‍ഗ്രസ് എല്ലായ്പ്പോഴും എതിര്‍ത്തിട്ടുണ്ട്, തുടര്‍ന്നും എതിര്‍ക്കും,'' ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തിന് പേരെടുത്തുപറയാതെ ഐഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം മാത്രമേ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളില്‍ ഇനി പങ്കെടുക്കൂ എന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈ 17, 18 തീയതികളില്‍ ബെംഗളൂരുവില്‍ വച്ചാണ് നടക്കുക. യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട 24 പാര്‍ട്ടികളില്‍ ഒന്നാണ് എഎപി. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമ്പോഴും ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വൈകുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതോടെ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഓര്‍ഡിനന്‍സ് എതിര്‍ക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി.

ഓര്‍ഡിന്‍സിനെ എതിര്‍ക്കുന്നത് എഎപിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നും എഎപി ഭരിക്കുകയും പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഇരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ഇത് തിരിച്ചടിയാകുമെന്നുമാണ് ഡല്‍ഹി, പഞ്ചാബ് ഘടകങ്ങളുടെ നിലപാട്. അതിനാല്‍ ഓര്‍ഡിനന്‍സ് വിരുദ്ധ നീക്കത്തിന്‌റെ ഭാഗമാകരുതെന്ന് ഇരും പിസിസികളും ഐഐസിസിയോട് അറിയിച്ചു. ഇതോടെ ദേശീയ നേതൃത്വം ത്രിശങ്കുവിലായി.

പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഓര്‍ഡിനന്‍സിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് എന്താണെന്ന് അന്ന് തന്നെ കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ എന്തെങ്കിലും പറയാനോ ചെയ്യാനോ കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനാ വിരുദ്ധമായ ഒന്നിനെയും തന്റെ പാര്‍ട്ടി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.

അതേസമയം സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്ലിനെ എതിര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ലമെന്ററി സമിതി രണ്ടര വര്‍ഷമായി ബില്ലിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പാനല്‍ ശുപാര്‍ശകളൊന്നും ബില്ലിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

വനസംരക്ഷണ ഭേദഗതി ബില്ലും ജൈവ വൈവിധ്യ ഭേദഗതി ബില്ലും കോണ്‍ഗ്രസ് എതിര്‍ക്കും. മണിപ്പൂര്‍ കലാപം, ലോക്സഭാ എംപി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍, ഗൗതം അദാനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന ആവശ്യം എന്നിവ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ