INDIA

'പ്രശ്‌നബാധിത' മേഖലകളില്‍ നേരിട്ടിറങ്ങാന്‍ ഖാര്‍ഗെ; എഐസിസി, സംസ്ഥാന നേതൃത്വങ്ങളില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ കൂടുതല്‍ ചടുലമാക്കാനൊരുങ്ങി എഐസിസി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില്‍ അടിമുടി ഉടച്ചുവാര്‍ക്കലിനാണ് നീക്കം. ഇതിന്റെ ഭാഗമായി എഐസിസി, സംസ്ഥാന നേതൃത്വങ്ങളുടെ പുനഃസംഘടന ഈ മാസം അവസാനം മുതല്‍ ആരംഭിക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ സംസ്ഥാനങ്ങളില്‍ അവലോകന യോഗങ്ങള്‍ നടത്തും.

ഈ യോഗങ്ങള്‍ക്ക് ശേഷം, എഐസിസി തലം മുതല്‍ സംസ്ഥാന തലം വരെ അഴിച്ചുപണിയുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയിട്ടും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം സാധ്യമാകാതെ പോയ സംസ്ഥാനങ്ങളില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകും എന്നാണ് സൂചന. കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഇത്തവണ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും തുല്യനിലയിലാണ് നില്‍ക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും എട്ട് സീറ്റ് വീതം ലഭിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന വിലയിരുത്തലായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന ഭരണം നേടി ഒരുവര്‍ഷത്തിനുള്ളില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയതിന് പിന്നിലെ കാരണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട അധികാര വടംവലിയാണെന്നാണ് വിലയിരുത്തല്‍. രേവന്ത് റെഡ്ഡിയുടെ പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. ഇത് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതായി പാര്‍ട്ടി വിലയിരുത്തുന്നു.

കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യകക്ഷി ജെഡിഎസിന്റെ നേതാവ് എച്ച് ഡി ദേവെഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരെ ഉയര്‍ന്ന ലൈഗിക പീഡന കേസ് അടക്കം നിര്‍ണായക വിഷയങ്ങള്‍ ഉണ്ടായിട്ടും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയതായി കോണ്‍ഗ്രസ് വിലയിരുത്തുന്നു. വിഭാഗീയതയും ആരോപണങ്ങളും അലോസരപ്പെടുത്തിയിട്ടും ബിജെപി 17 സീറ്റ് നേടി. കോണ്‍ഗ്രസ് 9 സീറ്റില്‍ ഒതുങ്ങി. ഇതും പാര്‍ട്ടി പരിശോധിക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഹിമാചലില്‍ ഒരു ലോക്‌സഭ സീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ സ്ഥിതിഗതികളും എഐസിസി വിലയിരുത്തും.

2019, 2024 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇത്തവണയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ മോശം പ്രകടനവും പാര്‍ട്ടി വിലയിരുത്തും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഖാര്‍ഗെയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങളില്‍ നേതൃമാറ്റമുണ്ടാകും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടത്തിയ തിരിച്ചുവരവിന്റെ ആവേശം പ്രവര്‍ത്തകരില്‍ അതുപോലെ നിലനിര്‍ത്താനുള്ള പരിശ്രമങ്ങളും പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?