INDIA

തിരിച്ചുവരവ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപി; ഹിമാചലിൽ വോട്ടെടുപ്പ് തുടരുന്നു

നാല് പ​തി​റ്റാ​ണ്ടാ​യി ബി​ജെപി​യും കോ​ൺ​ഗ്ര​സും മാ​റി​മാ​റി ഭ​രി​ക്കു​ന്ന സംസ്ഥാ​ന​മാ​ണ് ഹി​മാ​ച​ൽ ​പ്ര​ദേ​ശ്

വെബ് ഡെസ്ക്

ഹിമാചലില്‍ 68 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടരുകയാണ്. 55 ലക്ഷം വോട്ടര്‍മാരാണ് 412 സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയം നിര്‍ണയിക്കുക. സംസ്ഥാനത്ത് പൊളിംങ് ശതമാനം ഉയരുമോ എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിനെയും ബിജെപിയേയും മാറി മാറി അധികാരത്തിലെത്തിച്ചിട്ടുളള ഹിമാചല്‍ ഇത്തവണ ഭിന്നമായ രീതിയില്‍ ചിന്തിച്ചാല്‍ അത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍തന്നെ തിരിച്ചടിയാകും. എന്നാല്‍ വിമത ശല്യം അലട്ടുന്ന ബിജെപിയ്ക്ക് ഭരണവിരുദ്ധ വികാരത്തെകൂടി നേരിടേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആത്മവിശ്വസം പ്രകടിപ്പിക്കുന്നത്.

ബിജെപിയ്ക്ക് 21 വിമത സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമലിന് മൽസരിക്കാൻ ടിക്കറ്റ് നൽകാത്തത് വിമത പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഢ നേരത്തെ പ്രേം കുമാർ ധുമ്മൽ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ധുമ്മലിന് ടിക്കറ്റ് നിഷേധിക്കാൻ കരാണമെന്നായിരുന്നു റിപ്പോർട്ടുകൾ.

. നാല് പ​തി​റ്റാ​ണ്ടാ​യി ബി​ജെപി​യും കോ​ൺ​ഗ്ര​സും മാ​റി​മാ​റി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ഹി​മാ​ച​ൽ​ പ്രദേശ്. എന്നാൽ ഇതിൽ 2019ലെ ലോ​ക്‌​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ മാത്രമാണ് കോ​ൺ​ഗ്ര​സിന്റെ വോ​ട്ടു​വി​ഹി​തം 27 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​ത്. സാധാരണ​ഗതിയിൽ ഇ​രു​പാ​ർ​ട്ടി​ക്കും വോ​ട്ടു​വി​ഹി​ത​ത്തി​ന്റെ 40 ശ​ത​മാ​നം ലഭിച്ചുവന്നിരുന്നു. എന്നാൽ, ഇത്തവണ ജയിക്കുക എന്നത് ഇരു മുന്നണികളെയും സംബന്ധിച്ച് അത്ര എളുപ്പമുളള കാര്യമല്ല.

ചിന്നിച്ചിതറിയ കോൺ​ഗ്രസ്

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയിൽ നിന്നുളള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺ​ഗ്രസിനെ ക്ഷീണത്തിലേക്ക് നയിച്ചുവെന്നതാണ് യാഥാർത്ഥ്യം. പിസിസി ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ഡ്‌, യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ നെഗി ഉൾപ്പെടെ 26 കോൺഗ്രസ്‌ നേതാക്കളാണ് ചൊവ്വാഴ്‌ച ബിജെപിയിൽ ചേർന്നത്.

കോൺഗ്രസ്‌ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ഹർഷ്‌ മഹാജൻ അടക്കമുള്ള നേതാക്കൾ സെപ്‌റ്റംബറിൽ ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസിന് ദിശാബോധമില്ലെന്നും പാർട്ടിക്ക് നേതാവോ അടിത്തട്ടിൽ പ്രവർത്തകരോ ഇല്ലെന്നുമുളള വിമർശനം ഉയർത്തിയാണ് മഹാജൻ കോൺ​ഗ്രസ് വിട്ടത്. നാല് പതിറ്റാണ്ടിലേറെയായുള്ള കോൺഗ്രസ് ബന്ധമാണ് മഹാജൻ അവസാനിപ്പിച്ചത്. മഹാജനൊപ്പം എംഎൽഎമാരായ പവൻ കാജൽ, ലഖ്‌വീന്ദർ സിങ്‌ റാണ എന്നിവരും ബിജെപിയിൽ എത്തിയിരുന്നു. എഐസിസി സെക്രട്ടറിയും മുൻ എംഎൽഎയുമായ രാകേഷ്‌ കാലിയയും മുൻമന്ത്രി വിജയ്‌ സിങ്‌ മങ്കോടിയയും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ ബിജെപിയിൽ എത്തിയത്‌.

ആനന്ദ് ശർമ്മയുടെ പിന്മാറ്റവും കോൺ​ഗ്രസിന് തലവേദനയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മറ്റി ചെയർമാൻ സ്ഥാനം അദ്ദേഹം രാജി വെച്ചത്. ഹിമാചൽ പ്രദേശിൽ നടന്ന പ്രധാന തിരഞ്ഞെടുപ്പ് യോഗങ്ങളെ കുറിച്ചൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നും ആത്മാഭിമാനം പണയം വെക്കാനാകില്ലെന്നുമാണ് ആനന്ദ് ശർമ്മ പറയുന്നത്.

ഭരണവിരുദ്ധ വികാരം പ്രതീക്ഷിക്കുമ്പോഴും പ്രതിപക്ഷമായ കോൺഗ്രസ്‌ ചിന്നി ചിതറിയ നിലയിലാണ്‌. മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മരണശേഷം ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ഒരു നേതാവില്ലെന്നതും ഹിമാചലിൽ കോൺഗ്രസ്‌ നേരിടുന്ന പ്രതിസന്ധിയാണ്‌. വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്ങാണ്‌ നിലവിൽ പിസിസി പ്രസിഡന്റ്‌. സംഘടനയെ ഒറ്റക്കെട്ടായി നയിക്കുന്നതിൽ പ്രതിഭാ സിങ്‌ പരാജയമാണെന്ന ആക്ഷേപവുമുണ്ട്.

ഓൾഡ് പെൻഷൻ സ്കീമിലും അഗ്നിപഥിലും പ്രതീക്ഷവച്ച് കോൺഗ്രസ്

ജോഡോ‌ യാത്രയിലായതിനാൽ രാഹുൽ ​ഗാന്ധിക്ക് തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ഹിമാ​ചൽ പ്രദേശിൽ എത്താൻ കഴിഞ്ഞിരുന്നില്ല. പകരം പ്രചാരണവേദികളിൽ നിറസാന്നിധ്യമായത് പ്രിയങ്ക ​ഗാന്ധിയായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ പഴയ പെൻഷൻ പദ്ധതി (ഓൾഡ് പെൻഷൻ സ്കീം) പുനഃസ്ഥാപിക്കും എന്നതായിരുന്നു പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ബിജെപി അധികാരത്തിലെത്തിയപ്പോൾ കൊണ്ടുവന്ന ന്യൂ പെൻഷൻ സ്കീമിനെതിരെ (എൻപിഎസ്) വലിയ എതിർപ്പാണ് സംസ്ഥാനത്തുളളത്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ ഏതാണ്ട് പകുതി പെൻഷനായി ലഭിച്ചിരുന്ന പഴയ പദ്ധതിക്ക് (ഒപിഎസ്) പകരമാണ് ബിജെപി ഇത് കൊണ്ടുവന്നത്. ആകെ 55 ലക്ഷം വോട്ടർമാർ മാത്രമുള്ള സംസ്ഥാനത്ത് 2.25 ലക്ഷം സർക്കാർ ജീവനക്കാരും 1.9 ലക്ഷം പെൻഷൻകാരുമുണ്ട്. അവരുടെ പിന്തുണ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ. രണ്ടര ലക്ഷം വോട്ടുകളാണ് ഇതിലൂടെ കോൺഗ്രസ് ഉന്നം വെയ്ക്കുന്നത്. എന്നാൽ, കേന്ദ്രാനുമതിയില്ലാതെ എൻപിഎസിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് ബിജെപി നിലപാട്.

ഇന്ത്യൻ സൈനികരിൽ ഹിമാചൽ പ്രദേശിൽ നിന്നുമുളള സൈനികരുടെ എണ്ണം ചെറുതല്ല. കേന്ദ്ര സർക്കാർ‍ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിയിലും കടുത്ത പ്രതിഷേധം ഹിമാചൽ പ്രദേശിലെ ജനതയ്ക്കുണ്ട്. എന്നാൽ, അഗ്നിപഥ് കഴിഞ്ഞുവരുന്നവർക്കു സംസ്ഥാന സർവീസിൽ അവസരം നൽകുമെന്നാണ് ബിജെപിയുടെ പ്രതിരോധം.

ഭരണവിരുദ്ധവികാരം തുണയാകുമോ

1977ൽ ശാന്തകുമാറിന്റെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരത്തിലെത്തിയെങ്കിലും 1990 മുതലാണ് പാർട്ടികൾ മാറിമാറി ഭരിക്കുന്ന രീതിയിലേക്ക് ഹിമാചൽ പ്രദേശിന്റെ രാഷ്ട്രീയം മാറിത്തുടങ്ങിയത്. 1998ൽ പ്രേം കുമാർ ബിജെപിയുടെ മുഖ്യമന്ത്രിയായ ശേഷം ഭരണമാറ്റം പതിവായി. അതുകൊണ്ട് കോൺഗ്രസ് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് പാർട്ടിക്കാരും അണികളും. കഴിഞ്ഞ നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പുകൾ തൂത്തുവാരിയതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുറയുകയാണുണ്ടായത്. എന്നാൽ, ആകെയുള്ള 68 സീറ്റിൽ 15 സീറ്റുകളുള്ള കാഗ്ര മേഖലയിലെ ഫലം നിർണായകമാകും. തൊട്ടടുത്ത ഹാമിർപുരിലും 5 സീറ്റുകളുണ്ട്. ഹിമാചലിലെ ഈ ഉയരം കൂടിയ മേഖലയിൽ (അപ്പർ ഹിമാചൽ) ബിജെപിക്കും ഷിംല, കുളു, സിർമൌർ, സ്പിതി, സോളൻ, കിന്നോർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ (ലോവർ ഹിമാചലും) കോൺഗ്രസിനും നേരിയ മേൽക്കൈ ഉണ്ട്.

അതേസമയം, ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം എ​ക്കാ​ല​വും വി​ധി ​നിർണയി​ക്കു​ന്ന സം​സ്ഥാ​നത്ത് ഭരണം നി​ല​നി​ർ​ത്താ​നുളള ശ്ര​മ​ങ്ങ​ളി​ലാ​ണ് ബിജെപി. 68 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 20 ബിജെപി വി​മ​ത​രാ​ണു​ള്ള​ത്. കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്ന സംസ്ഥാനത്ത് ഇത്തവണ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും മത്സരരംഗത്തുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ആം ആദ്മിക്ക് സംസ്ഥാനത്ത് കാര്യമായ ചലനമൊന്നും ഉണ്ടാക്കാനായില്ല. അതേസമയം, വിമതരുടെ നീക്കത്തിൽ ഇരുപാർട്ടികളും അസ്വസ്ഥരാണ്.

രജ്പുത്ത് നേതാക്കളുടെ ഇടം

ഹിമാചൽ പ്രദേശിൽ ജാതി രാഷ്ട്രീയമുണ്ടെങ്കിലും അത് വലിയ തോതിൽ ഇല്ലെന്നതാണ് വസ്തുത. രാഷ്ട്രീയ പോർമുഖത്തുളള ബിജെപിക്കും കോൺ​ഗ്രസിനും വർഗീയപ്രചാരണം കാര്യമായി നടത്താൻ കഴിയില്ലെന്ന് ചുരുക്കം. 36 ശതമാനം വരെയുള്ള രജ്പുത്ത് വിഭാഗമാണ് ഭൂരിപക്ഷം. ഇതുവരെയുള്ള ആറിൽ അഞ്ച് മുഖ്യമന്ത്രിമാരും ഈ വിഭാഗത്തിൽ നിന്നാണ്. ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ശാന്തകുമാർ മാത്രമായിരുന്നു ഏക ബ്രാഹ്മണ മുഖ്യമന്ത്രി. 20 ശതമാനമാണ് ഇവിടെ ബ്രാഹ്മണരുളളത്. 25 ശതമാനം ദളിത് വിഭാഗങ്ങളുണ്ടെങ്കിലും ഇവർ ഭിന്നിച്ചാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളെയും പ്രീണിപ്പിച്ചുള്ള സ്ഥാനാർഥി പട്ടികയാണ് പാർട്ടികളുടേത്.

ആപ്പിൾ കർഷകരുടെ വോട്ട് നിർണായകം

ഇന്ത്യയിൽ ആപ്പിളിന്റെ ഉത്പാദനം കൂടുതലുളള നാടാണ് ഹിമാചൽ പ്രദേശ്. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമുളള ജിഎസ്ടിയാണ് ആപ്പിൾ കർഷകരുടെ നടുവൊടിച്ചത്. പാക്കിങ് സാമഗ്രിക‍ൾക്ക് ഉൾപ്പെടെ ജിഎസ്ടി വർധിച്ചു. അതുകൊണ്ട് തന്നെ കോൺ​ഗ്രസിന്റെ പ്രകടന പത്രികയിലും ആപ്പിൾ കർഷകരെ മറന്നില്ല. മിനിമം താങ്ങുവിലയും പ്രത്യേക കമ്മീഷനുമാണ് കർഷകർക്കായി കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ, ജിഎസ്ടിയുടെ അധിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുമെന്നാണ് ബിജെപി പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആപ്പിളിന്റെ പാക്കേജിങ്ങില്‍ ചരക്ക് സേവന നികുതിയും ജിഎസ്ടിയും 18 ശതമാനത്തിൽ നിന്ന് 12 ആയി കുറയ്ക്കുമെന്നും ബിജെപി പറയുന്നു. ആപ്പിൾ കൃഷിമേഖലയുടെ 70 ശതമാനം ഷിംലയിലും ബാക്കി കിന്നോ‍ർ, സോളൻ, മണ്ഡി, സിർമൗർ മേഖലകളിലാണ്. 20 സീറ്റുകളിൽ ആപ്പിൾ കർഷകർക്ക് സ്വാധീനമുണ്ട്. സംസ്ഥാനത്തെ ആപ്പിൾ കർഷകരെ കൂടെനിർത്താൻ വേണ്ടി എംഎസ്പി എന്ന വാഗ്ദാനവും കോൺ​ഗ്രസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഏക സിവിൽ കോഡിൽ വീഴുമോ?

വോട്ടെടുപ്പിന് മുന്നോടിയായി 11 വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രികയിലെ ഏക സിവിൽ കോഡാണ് പ്രധാന പ്രചാരണ ആയുധം. ഭരണത്തിലേറിയാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്നാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്നത്.

എഎപിയുടേതിന് സമാനമായ സൗജന്യ വാഗ്ദാനങ്ങളും ഇത്തവണ ഇരു മുന്നണികളും പ്രകടനപത്രികയിൽ വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യ വാഗ്ദാനങ്ങൾ നൽകി രംഗത്ത് വരുന്നതിനെ എതിർത്തിരുന്ന ബിജെപി തന്നെയാണ് ഇത്തവണ സൗജന്യ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നതും.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി