അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ആരോപണ പ്രത്യാരോപണവുമായി നേതാക്കള്‍. മധ്യപ്രദേശിലെ തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയായിരുന്നു യോഗം പരിഗണിച്ച മറ്റൊരു വിഷയം. തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൂടെയുള്ള ഭാരത് ജോഡോ യാത്ര ഉടന്‍ ആരംഭിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിയാന്‍ യാത്ര കാരണമാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ആസന്നമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ടതിനെ കുറിച്ചായിരുന്നു യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയുണ്ടായത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്ന പിഴവാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നേരിട്ട തിരിച്ചടിയ്ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് തെലങ്കാനയില്‍ കണ്ടെതെന്നും രാഹുല്‍ ഇക്കാര്യം യോഗത്തില്‍ വ്യക്തമാക്കി.
മധ്യപ്രദേശില്‍ കമല്‍ നാഥിനെ കേന്ദ്രീകരിച്ചാണ് പ്രചാരണം നടന്നത് എന്ന് മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി. ജയ് ജയ് കമല്‍നാഥ് മുദ്രാവാക്യം ഉള്‍പ്പെടെ ഇതിന് ഉദാഹരണമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഭൂപേഷ് ഭാഗേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും യോഗത്തില്‍ കടുത്ത വിമര്‍ശനം ഏറ്റവാങ്ങി. എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാദം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ മാറ്റം ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുന്ന നിലയുണ്ടായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാദം
തിരിച്ചടി നേരിട്ട മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായില്ലെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി. എന്നാല്‍ ബിഎസ്പി, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയ്ക്ക് ലഭിച്ച് പോന്നിരുന്ന വോട്ടുകളുടെ ഒരു പങ്ക് ബിജെപിയിലേക്ക് പോയതാണ് തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുക എന്നത് ഭാവിയില്‍ നിര്‍ണായകമായേക്കുമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
പാര്‍ട്ടി പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട ആവശ്യകതയെ കുറിച്ച് ശശി തരൂര്‍ എംപിയാണ് യോഗത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിക്ക് ഉടന്‍ കടക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിച്ചു. മനീഷ് തിവാരി, പ്രിയങ്ക ഗാന്ധി എന്നിവരും ഇതേവിഷയത്തില്‍ ഊന്നിയായിരുന്നു സംസാരിച്ചത്. ഇന്ത്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികളുമായി സീറ്റ് സഹകരണം ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും നേതാക്കള്‍ യോഗത്തില്‍ നിലപാട് എടുത്തു.