മണിപ്പൂരിനെ അശാന്തമാക്കി വീണ്ടും വംശീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടി. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ ബിരേന്‍ സിങ് നയിക്കുന്ന സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് എന്‍പിപി സഖ്യത്തില്‍ നിന്നും പിന്‍മാറുന്നത്. ബിജെപി കഴിഞ്ഞാല്‍ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.
എന്നാല്‍ അറുപത് അംഗ നിയമസഭയില്‍ 37 സീറ്റുകള്‍ ബിജെപിക്ക് സ്വന്തമായുള്ളതിനാല്‍ എന്‍പിപിയുടെ പിന്‍മാറ്റം സര്‍ക്കാരിന് ഭീഷണിയാകില്ല. 7 അംഗങ്ങളാണ് നിലവില്‍ മണിപ്പൂരില്‍ എന്‍പിപിക്കുള്ളത്. 53 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച എന്‍ഡിഎയ്ക്ക് എന്‍പിപി പിന്‍മാറിയാലും 46 അംഗങ്ങളുടെ പിന്തുണയുണ്ട്.
തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനം വീണ്ടും അക്രമങ്ങളിലേക്ക് തിരിഞ്ഞത്. അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ ഹ്‌മാര്‍ ഗ്രൂപ്പിലെ സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നിരുന്നു.
പിന്നാലെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. നേരത്തേ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയിരുന്നു. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി , ഇഎഫ്സിഐ പള്ളി എന്നിവ ആക്രമിച്ച പള്ളികളില്‍ പെടുന്നു.