INDIA

കോടതിയലക്ഷ്യം പൗരന്മാരുടെ ശബ്ദം ഞെരുക്കാനുള്ള അധികാരമായി ഉപയോഗിക്കരുത്: മദ്രാസ് ഹൈക്കോടതി

അന്യായ മാർഗങ്ങളിലൂടെ സുപ്രീം കോടതിയിലെയും മറ്റ് കോടതികളിലെയും ജഡ്ജിമാരെ രാഷ്ട്രീയക്കാരാണ് നിയമിക്കുന്നതെന്ന് ഗുരുമൂർത്തി പരാമർശം നടത്തിയെന്നാണ് ആരോപണം

വെബ് ഡെസ്ക്

പൗരന്മാരുടെ ശബ്ദം ഞെരുക്കാനുള്ള അധികാരമായി കോടതിയലക്ഷ്യത്തെ കോടതികൾ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. അഭിപ്രായസ്വാതന്ത്ര്യത്താൽ നയിക്കപ്പെടുന്ന ഒരു ജനാധിപത്യ രാജ്യത്ത് കോടതികൾക്ക് വിമർശനങ്ങളിൽനിന്ന് സ്വയം പരിരക്ഷിക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളുടെ പേരിൽ രാഷ്ട്രീയ നിരൂപകനും തുഗ്ലക് മാസികയുടെ എഡിറ്ററുമായ എസ് ഗുരുമൂർത്തിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ടാണ് പരാമർശം. ഗുരുമൂർത്തിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ ആർ ഷുൺമുഖസുന്ദരം 2021 സെപ്റ്റംബറിൽ നൽകിയ അനുമതി കോടതി റദ്ദാക്കി.

"ജുഡീഷ്യറിയിലുള്ള പൊതുവിശ്വാസം കാത്തുസൂക്ഷിക്കുകയെന്നതാണ് കോടതിയലക്ഷ്യത്തിന്റെ അടിസ്ഥാനം. ഈ അധികാരം കോടതിക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള പ്രത്യേകവകാശമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കോടതികളുടെ മഹത്വം അധിഷ്‌ഠിതമായ ഒരു നങ്കൂരമാണ് പൊതുവിശ്വാസം. കോടതികൾ ഈ രാജ്യത്തെ ജനങ്ങളോടുള്ള ഭരണഘടനാപരമായ ബാധ്യതകൾ തിരിച്ചറിയണം. ജുഡീഷ്യറി അതിന്റെ പ്രകടനത്തിലൂടെ സംസാരിക്കണം. അതിന്റെ പ്രകടനത്തിന്റെ ഗുണനിലവാരം ഉപയോഗിച്ച് പൗരന്മാരുടെ സൂക്ഷ്മപരിശോധന മറികടക്കണം. അപ്പോൾ മാത്രമേ പൊതു വിശ്വാസം ഏറ്റവും മികച്ചതാവുകയുള്ളൂ. അതിനാൽ, സംവിധാനത്തിനെതിരെ നടത്തുന്ന ഓരോ പ്രസ്താവനകളോടും കോടതികൾ അതിവൈകാരികത കാണിക്കരുത്. അതിനായി സമയം കളയുകയും ചെയ്യരുത്," ജസ്റ്റിസ് എൻ ശേഷസായി വ്യക്തമാക്കി.

അന്യായ മാർഗങ്ങളിലൂടെ സുപ്രീം കോടതിയിലെയും മറ്റ് കോടതികളിലെയും ജഡ്ജിമാരെ രാഷ്ട്രീയക്കാരാണ് നിയമിക്കുന്നതെന്ന് ഗുരുമൂർത്തി പരാമർശം നടത്തിയെന്നാണ് ആരോപണം. 2021 ജനുവരിയിൽ തുഗ്ലക് മാസികയുടെ വാർഷികാഘോഷ വേളയിൽ നടന്ന ഒപൊതുയോഗത്തിലായിരുന്നു സംഭവം.

ഗുരുമൂർത്തിക്കെതിരെ 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 15(1) പ്രകാരം ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ബാറിലെ മുതിർന്ന അംഗമായ എസ് ദൊരൈസാമി ഹർജി സമർപ്പിച്ചിരുന്നു. കോടതിയുടെ മഹത്വത്തെ അപമാനിക്കുന്നു എന്നായിരുന്നു ദൊരൈസാമിയുടെ ആരോപണം. എന്നാൽ, ഈ പ്രസ്താവനകൾ തൽക്ഷണം നടത്തിയതാണെന്നും കോടതിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി മുൻ അഡ്വക്കേറ്റ് ജനറലായിരുന്ന മുതിർന്ന അഭിഭാഷകൻ വിജയ് നാരായൺ അനുമതി നിഷേധിച്ചു.

പിന്നീട് അഡ്വക്കേറ്റ് ജനറൽ ആർ ഷുൺമുഖസുന്ദരം മുൻ ഉത്തരവ് റദ്ദാക്കുകയും കോടതിയലക്ഷ്യ ഹർജി പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് ഗുരുമൂർത്തി ഹൈക്കോടതിയെ ഹൈക്കോടതിയെ സമീപിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ