INDIA

ജഗന്‍മോഹന്‍ റെഡ്ഡിയുടെ തിരുമല ക്ഷേത്രദര്‍ശം റദ്ദാക്കി; ലഡു വിവാദത്തിനു പിന്നാലെ സര്‍ക്കാരുമായി വീണ്ടും ഏറ്റുമുട്ടി വൈഎസ്ആര്‍സിപി

വെള്ളിയാഴ്ച രാത്രി തിരുമല എത്തി ശനിയാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനം നടത്താനായിരുന്നു ജഗന്‍മോഹന്‌റെ തീരുമാനം

വെബ് ഡെസ്ക്

തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിനു പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ക്ഷേത്രസന്ദര്‍ശം റദ്ദാക്കിയതില്‍ വീണ്ടും ഏറ്റുമുട്ടലുമായി സര്‍ക്കാരും വൈഎസ്ആറും. തന്‌റെ സര്‍ക്കാരാണ് തിരുമല സന്ദര്‍ശനം തടയ്യപ്പെടുത്തിയെന്ന ജഗന്‍മോഹന്‌റെ ആരോപണമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചൊടിപ്പിച്ചത്. 'അദ്ദേഹം നുണകള്‍ പ്രചരിപ്പിക്കുകയാണ്' അനുയായികള്‍ ക്ഷേത്രദര്‍ശനം തടഞ്ഞുകൊണ്ട് നോട്ടീസ് നല്‍കിയെന്ന ജഗന്‍മോഹന്‌റെ അരോപണം തള്ളി നായിഡു പറഞ്ഞു. ' നിങ്ങള്‍ പോകുന്നതില്‍നിന്ന് ആരെങ്കിലും തടഞ്ഞോ, അറിയിപ്പ് ഉണ്ടെങ്കില്‍ അത് മാധ്യമങ്ങളെ കാണിക്കുക, എന്തിനാണ് ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നത്' നായിഡു ചോദിച്ചു.

വെള്ളിയാഴ്ച രാത്രി തിരുമല എത്തി ശനിയാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനം നടത്താനായിരുന്നു ജഗന്‍മോഹന്‌റെ തീരുമാനം. എന്നാല്‍ അഹിന്ദുക്കള്‍ തിരുമല ക്ഷേത്ര ദര്‍ശനം നടത്തണമെങ്കില്‍ ഇതിനുവേണ്ടിയുള്ള പ്രസ്താവനയില്‍ ഒപ്പിടണമെന്ന ആവശ്യവും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് തഡെപല്ലയില്‍നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ റെഡ്ഡി യാത്ര റദ്ദാക്കുകയായിരുന്നു. 'തന്‌റെ തിരുമല സന്ദര്‍ശനത്തിന്‌റെ പശ്ചാത്തലത്തില്‍ വൈഎസ്ആര്‍സിപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പോലീസ് നോട്ടീസ് നല്‍കുകയായിരുന്നെന്ന്' യാത്ര റദ്ദാക്കിയതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെഡ്ഡി പറഞ്ഞു. തിരുമലയില്‍ സന്ദര്‍ശനത്തിന് അനുമതി ഇല്ലെന്ന് നോട്ടീസില്‍ പോലീസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോലീസ് അനുമതി എന്തിന്? സംസ്ഥാനം ഭരിക്കുന്നത് ഭൂതങ്ങളാണെന്നും റെഡ്ഡി ആരോപിച്ചു.

'സംസ്ഥാനത്ത് രാക്ഷസഭരണം തുടരുകയാണ്. ക്ഷേത്രദര്‍ശനം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്ഷേത്രദര്‍ശനം സംബന്ധിച്ച് സംസ്ഥാനത്തുടനീളമുള്ള വൈഎസ്ആര്‍സിപി നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കില്ലെന്ന് നോട്ടീസില്‍ പറയുന്നു'- റെഡ്ഡി പറഞ്ഞു.

വൈഎസ്ആർ കോൺഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതിയിലെ പ്രസാദമായ ലഡു നിർമിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. കണ്ടെത്തലിന്റെ ലാബ് റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യില്‍ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'തിരുപ്പതി ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് ഉണ്ടാക്കിയത്. അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന് ' അമരാവതിയില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. 'നിലവില്‍ ക്ഷേത്രത്തിലെ എല്ലാ അന്നദാനങ്ങള്‍ക്കും ഗുണനിലവാരമുള്ള സാധനങ്ങളാണ് ഉപയോഗിക്കുന്നത്. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവര്‍ക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്നും' നായിഡു കുറ്റപ്പെടുത്തിയിരുന്നു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും