INDIA

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; മാനനഷ്ടക്കേസിൽ ശിക്ഷയ്ക്ക് സ്റ്റേ, ലോക്‌സഭാ അംഗത്വം തിരികെ ലഭിക്കും

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന' രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം.

വെബ് ഡെസ്ക്

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി വിധിച്ച പരമാവധി ശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. അയോഗ്യത നീങ്ങിയ സാഹചര്യത്തിൽ രാഹുലിന് എം പി സ്ഥാനം തിരിച്ചുകിട്ടും.

വിചാരണ കോടതിയെയും ഗുജറാത്ത് ഹൈക്കോടതി വിധിയെയും വിമര്‍ശിച്ച സുപ്രീം കോടതി കേസിന്റെ വസ്തുതകളിലേക്കു കടക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ശിക്ഷ സ്റ്റേ ചെയ്തത്. കേസിൽ പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി കൃത്യമായ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ രാഹുൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു
സുപ്രീംകോടതി

ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ രാഹുലിന് പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് സുപ്രീംകോടതി ചോദ്യമുയർത്തി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേൽക്കോടതിയും ഹൈക്കോടതിയും ഈ വശങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. . പരമാവധി ശിക്ഷ വിധിക്കുന്നതിന് വിചാരണ കോടതി കൃത്യമായ കാരണമൊന്നും പറഞ്ഞിട്ടില്ലെന്നതിനാൽ അന്തിമവിധി വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. അതേസമയം, പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ രാഹുൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നതിൽ സംശയമില്ലെന്നും കോടതി പറഞ്ഞു.

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന' രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മാര്‍ച്ച് 23നാണ് സൂറത്ത് കോടതി ക്രിമിനല്‍ മനനഷ്ടക്കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ സൂറത്ത് സെഷന്‍സ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഒരു വിഭാഗത്തിന്റെയും അന്തസ് കളങ്കപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.

സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാതെ ഹര്‍ജി ഓഗസ്റ്റ് നാലിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ വാദത്തിനായി ഇരുഭാഗത്തിനും 30 മിനിറ്റ് വീതമാണ് അനുവദിച്ചത്.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ നിലപാട് ആവര്‍ത്തിച്ചത്. താന്‍ കുറ്റക്കാരനല്ലെന്നും തനിക്കെതിരെ ചാര്‍ത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹർജിയിൽ എതിര്‍കക്ഷിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. മാപ്പ് പറയാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്നായിരുന്നു പരാതിക്കാരനായ ഗുജറാത്ത് ബിജെപി എം എല്‍ എ പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ മറുപടി. രാഹുലിന്റെ ഈ മനോഭാവം ജുഡീഷ്യല്‍ നടപടികളുടെ ദുരുപയോഗമാണെന്നും പൂര്‍ണേഷ് കുറ്റപ്പെടുത്തി.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം