ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളോട് സംസാരിച്ചു എന്ന പരാമർശത്തില്‍ വിശദീകരണം തേടി ഡല്‍ഹി പോലീസ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി. കൂട്ട ബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകളോട് ഭാരത് ജോഡോ യാത്രയ്ക്കിടെ സംസാരിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇരയായ വ്യക്തികളുടെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് രാഹുലിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. ഇതിന്റെ തുടർച്ചയായാണ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായി ഉന്നത ഉദ്യോഗസ്ഥർ രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയത്.
ജനുവരി 30ന് ശ്രീനഗറില്‍ വച്ചാണ് രണ്ട് സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ തന്നോട് പറഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. പോലീസില്‍ അറിയിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ നാണക്കേട് കാരണം പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും രാഹുല്‍ പറഞ്ഞിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ പിന്നീട് അവരുടെ വിവാഹം നടക്കില്ലെന്ന പേടിയാണെന്നാണ് യുവതികള്‍ പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇപ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ മാധ്യമങ്ങള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമർശം.
രാഹുലിന് ഡല്‍ഹി പോലീസ് അയച്ച നോട്ടീസിന് നിയമ സാധുതയില്ലെന്നും ഇരകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ രാഹുലിനെ നിർബന്ധിക്കാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. പ്രതിപക്ഷത്തെ ആക്രമിക്കാന്‍ സര്‍ക്കാരിനുള്ള മറ്റൊരു ആയുധമാണിതെന്നും കോൺഗ്രസ് ആരോപിക്കുന്നു.