പ്രതീകാത്മക ചിത്രം 
INDIA

അഴിമതി മുക്ത ഭാരതം രാഷ്ട്രീയ പ്രതിയോ​ഗികളെ മാത്രം നോട്ടമിട്ടോ; ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ത്?

രാഷ്ട്രീയ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ 2014 മുതൽ എടുത്ത 609 കേസുകളില്‍ 570 പേരും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരായിരുന്നു

വെബ് ഡെസ്ക്

ടു ജി സ്‌പെക്ട്രം ക്രമക്കേടും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമെല്ലാം മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയ എന്‍ ഡി എ 2014 - ല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു 'അഴിമതി മുക്ത ഭാരതം'. യുപിഎ ഭരണകാലത്ത്‌ സിബിഐ എന്നാല്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിനെതിരായ ആരോപണം. ഇന്ന് ബിജെപിക്കെതിരെ ഈ ആരോപണം തിരിഞ്ഞ് കുത്തുകയാണ്.

2014 മുതൽ സർക്കാരിനെ വിമർശിക്കുന്ന രാഷ്ട്രീയ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പേരില്‍ 609 കേസുകള്‍ കേന്ദ്ര അന്വേഷണ ഏജൻസികൾ കേസെടുത്തിട്ടുണ്ട്. ഇതില്‍ 570 ഉം രാഷ്ട്രീയ എതിരാളികളായിരുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതിനെക്കാള്‍ 340 ഇരട്ടി വര്‍ധനവാണ് 2014 ന് ശേഷം ഉണ്ടായിരിക്കുന്നത്.

ത്രിണമൂല്‍ നേതാവ്‌ അർപിതാ മുഖർജിയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെടുത്ത പണം

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് റെയ്ഡ് നീക്കം

രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കുന്നതിന്‍റെ ഭാഗമായി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണെന്നാണ് പ്രധാന വിമര്‍ശനം. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ അനുയായികളുടെ സ്ഥാപനങ്ങളിലും വീടുകളിലും കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയത്. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 14 നേതാക്കളെയും ബന്ധുക്കളെയും ഇ ഡി ലക്ഷ്യമിട്ടിരുന്നു. അതേ വർഷം നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകനും മരുമകളുമടക്കം പത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. ഇഡി അന്വേഷണം നേരിട്ടവരെല്ലാം അതത് സംസ്ഥാനങ്ങളിൽ ബിജെപിയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളായിരുന്നു ഏറിയ പങ്കും.

തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസയുടെ ഭാര്യ, മകൻ, സഹോദരി എന്നിവർക്കെതിരെ 2019 ൽ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉന്നത നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്. ലവാസ പിന്നീട് രാജിവെച്ച് മനിലയിലെ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിലേക്ക് പോയി.

അശോക് ലവാസ

നിലവിൽ കോൺ​ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധിയും മകനും പാ‌‍ർലമെന്റ് അം​ഗവുമായ രാഹുൽ ​ഗാന്ധിയും ഇഡിയുടെ അന്വേഷണം നേരിടുകയാണ്‌. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കളളപ്പണക്കേസിൽ ഇഡി നടത്തുന്ന അന്വേഷണം വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടുളളവയാണെന്നാണ് ആരോപണം. ഏറ്റവുമൊടുവിൽ ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്. എന്നാൽ തനിക്കൊരു അഴിമതിയിലും പങ്കില്ലെന്നും എന്ത് സമ്മർദ്ദമുണ്ടായാലും ശിവസേന വിടുന്ന പ്രശ്നമില്ലെന്നുമാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. കാലിത്തീറ്റ കുംഭകോണകേസിൽ തടവിലായിരുന്ന രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന് സമീപകാലത്താണ്‌ ജാമ്യം കിട്ടിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെ ഇഡി 2019ലാണ് അറസ്റ്റ് ചെയ്തത്. ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് ശിവകുമാർ അന്ന് പ്രതികരിച്ചത്.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സഞ്ജയ് റാവത്ത്, ഡികെ ശിവകുമാർ, ലാലു പ്രസാദ് യാദവ്

ബി.ജെ.പിയുടെ അഴിമതി മുക്ത ഭാരത നീക്കം സെലക്റ്റീവോ?

2014 സെപ്തംബറിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സ് നേതാവായിരുന്ന സുവേന്ദു അധികാരിയെ സിബിഐയും 2017-ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു. തൃണമൂൽ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് 2020-ൽ അദ്ദേഹം ബിജെപിയിൽ ചേർന്നതിന് ശേഷം പിന്നീട് ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇപ്പോൾ സുവേന്ദു അധികാരി പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവാണ്.

സുവേന്ദു അധികാരി

ഗുവാഹത്തിയിലെ ജലവിതരണ കുംഭകോണത്തിൽ പ്രധാന പ്രതിയായിരുന്ന മുൻ കോൺഗ്രസ്സ് നേതാവ് ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ ബിജെപി മുഴുവൻ വിശദാംശങ്ങളടങ്ങിയ ഒരു ലഘുലേഖ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കൻ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരം അമേരിക്കയിൽ ബിശ്വ ശർമയ്ക്കെതിരെ രു കുറ്റപത്രവും നിലവിലുണ്ട്. ശർമ്മ ബി.ജെ.പിയിൽ ചേർന്ന് അസമിലെ മുഖ്യമന്ത്രിയായിതിന് ശേഷം കേസ് സി.ബി.ഐക്ക് വിടണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടായില്ല.

അഴിമതിയിലും ഭൂമി കുംഭകോണത്തിലും ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും 2019 ൽ ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി. ബിജെപി നേതാക്കൾ, ജഡ്ജിമാർ, അഭിഭാഷകർ എന്നിവർക്ക് വൻതുക നൽകിയ ഡയറിക്കുറിപ്പുകളും യെദ്യൂരപ്പയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഈ കേസിലെ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചിരുന്നു. എന്നാൽ അടുത്തിടെ ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിൽ ഈ കേസ് സുപ്രീം കോടതിയുടെ പരി​ഗണയിലാണ്.

2017ൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ വ്യാപം അഴിമതിക്കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ ബിജെപിയിൽ ചേർന്നപ്പോൾ അദ്ദേഹത്തെ രാജ്യസഭാ എംപിയാക്കി. കള്ളപ്പണം വെളുപ്പിച്ചതിനും ഭൂമി തട്ടിപ്പ് നടത്തിയതിനും അദ്ദേഹത്തിനെതിരെയുള്ള നിരവധി കേസുകളെക്കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ല. എന്നാൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിലും 2022ൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്ന സ്വാമി പ്രസാദ് മൗര്യ ഇപ്പോൾ റിക്രൂട്ട്‌മെന്റ് അഴിമതിയിൽ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണ്.

ശിവരാജ് ചൗഹാൻ, നാരായൺ റാണെ, സ്വാമി പ്രസാദ് മൗര്യ

ബിജെപി നേതാക്കൾ മനസ്സ് തുറക്കുന്നു

2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ മഹാരാഷ്ട്രയിലെ മുൻ എംഎൽഎ ഹർഷവർധൻ പാട്ടീൽ പറഞ്ഞത് അന്വേഷണങ്ങൾ ഇല്ലാത്തതിനാൽ എനിക്കിപ്പോൾ സമാധാനമായി ഉറങ്ങാൻ കഴിയുന്നു എന്നാണ്. ഞാൻ ഒരു ബിജെപി എംപിയായതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്റെ പിന്നാലെ വരില്ലയെന്ന് ബിജെപി എംപിയായുമായ സഞ്ജയ് പാട്ടീൽ പറയുന്നു.

ഹർഷവർധൻ പാട്ടീൽ, സഞ്ജയ് പാട്ടീൽ

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പറയുന്നതനുസരിച്ച് 2019 ജൂലൈയിൽ മോദിയുടെ പുനഃസംഘടനയിൽ 78 മന്ത്രിമാരിൽ 34 പേർക്കും ക്രിമിനൽ കേസുകളുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ സഹമന്ത്രി നിസിത് പ്രമാണിക്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, തുറമുഖ മന്ത്രി ശന്തനു താക്കൂര്‍ , വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസുകള്‍. ഈ കേസുകൾ രാഷ്ട്രീയ എതിരാളികൾ ആസൂത്രണം ചെയ്തതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ