കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ കര്‍ണാടകയില്‍ ജാഗ്രത ശക്തമാക്കുന്നു. അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു കൊടകിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ കോവിഡ് പെരുകുന്നതിനാൽ ആളുകൾ ആവശ്യമായ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് വ്യക്തമാക്കിയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം അടിയന്തര ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
കേരളത്തില്‍ കോവിഡ് മരണം ഉള്‍പ്പെടെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലെ ആരോഗ്യവകുപ്പ് കേസുകളുടെ വര്‍ധനവ് നേരിടാനുള്ള തയാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി ദിനേഷ് ഗുണ്ടു റാവു ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും മുന്‍കരുതല്‍ ശക്തമാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഉപഭോഗവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ദിനേഷ് ഗുണ്ടു റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
പോരായ്മകള്‍ തിരിച്ചറിയുകയും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായാലും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.