കോവിൻ പോർട്ടലിലെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണെന്ന് കേന്ദ്രം ലോക്സഭയിൽ. കോവിൻ പോർട്ടലിലെ ഡേറ്റയുടെ സ്വകാര്യതയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നും പോർട്ടലിന്റെ സുരക്ഷക്കായി സമ്പൂർണ്ണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
എന്നാൽ പോർട്ടലിലെ സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസുകൾ നിലനിൽക്കുന്നുണ്ടോയെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി സത്യപാൽ സിങ് ബാഗേൽ മറുപടി നൽകിയില്ല. ജൂണിൽ 'ദ ഫോർത്ത്' ആണ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് ചെയ്തത്.
"രാജ്യത്തെ കോവിഡ് - 19 വാക്‌സിൻ സ്വീകരിച്ച ഗുണഭോക്താക്കളുടെ കോവിൻ ഡേറ്റ സ്വകാര്യതയുടെ വ്യക്തമായ ലംഘനത്തെക്കുറിച്ച് അടുത്തിടെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു," ബാഗേൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
വെബ് അപ്ലിക്കേഷൻ ഫയർവാൾ (WAF ), Anti - DDos , SSL \ TLS (റെഗുലർ വാൾനറബിലിറ്റി അസസ്മെന്റ്) ഐഡന്റിറ്റി, ആക്സസ് മാനേജ്മെന്റ് എന്നിവക്കൊപ്പം ഡേറ്റ സ്വകാര്യതയ്ക്കായി മതിയായ സുരക്ഷ പോർട്ടലിനുണ്ടെന്ന് ബാഗേൽ രേഖാമൂലമുള്ള മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള എല്ലാ കോവിൻ എപിഐകളും ഉടനടി നിർജ്ജീവമാക്കി കോവിൻ ആക്‌സസ് പൂർണ്ണമായും നിയന്ത്രിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. CERT-in മായി (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) അന്വേഷണത്തിന്റെ വിവരങ്ങളും Co-WIN പ്ലാറ്റ്‌ഫോം സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തി. സംഭവത്തെക്കുറിച്ച് ദേശീയ സൈബർ ക്രൈം സെല്ലിന് പരാതി നൽകി. കോവിന്‍ പോർട്ടലിലെ ഡാറ്റയുടെ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ തുടർ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിൻ പോര്‍ട്ടലില്‍ ഉപയോക്താക്കൾ (സേവന ദാതാക്കൾ) ലോഗിൻ ചെയ്യുമ്പോൾ ഉള്ള ടു ഫാക്ടർ ഓതെന്റിഫിക്കേഷൻ (പാസ്‌വേഡും ഒടിപിയും) ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കളുടെ എല്ലാ ലോഗ് ട്രയലുകളും കോവിൻ ഡാറ്റാബേസിൽ ക്യാപ്‌ചർ ചെയ്യുകയും സുരക്ഷിതമായി സംഭരിക്കുകയും ചെയ്യുന്നു. കോവിനിൽ നൽകുന്ന എല്ലാ സേവനങ്ങൾക്കും പാസ്‌വേഡ് റീസെറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പറോ, ആധാർ നമ്പറോ നല്‍കിയാല്‍ ഫോണ്‍ നമ്പര്‍, ലിംഗം, ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നിവടെലഗ്രാമില്‍ സന്ദേശമായി ലഭിച്ചതോടെയാണ് കോവിഡ് ഡാറ്റ ചോര്‍ന്നതായി ആക്ഷേപം ഉയര്‍ന്നത്. ഇന്ത്യക്കാരുടെ വിവിധ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് ടെലഗ്രാം ബോട്ട് അവകാശപ്പെട്ടുകൊണ്ടായിരുന്നു ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം. കേന്ദ്ര നേതാക്കൾക്കും എംപിമാർക്കും പുറമേ കോവിൻ ഉന്നതാധികാര സമിതി ചെയർപേഴ്സൺ രാംസേവക് ശർമയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ വരെ ഇക്കൂട്ടത്തിൽ ടെലഗ്രാം ബോട്ടിലൂടെ പുറത്തായിരുന്നു.