ലോങ് കോവിഡ് രോഗം ബാധിച്ചവർ നീണ്ട പത്ത് മിനിറ്റ് നേരം തുടർച്ചയായി നിന്നപ്പോൾ കാലുകൾ നീല നിറമായി മാറിയെന്ന് റിപ്പോർട്ട്. ലാൻസറ്റ് പ്രസിദ്ധീകരിച്ച, യുകെയിലെ ലീഡ്സ് സർവകലാശാലയിലെ ഡോ. മനോജ് ശിവൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച 33 കാരനില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കോവിഡ് നെഗറ്റീവ് ആയിട്ടും രോഗലക്ഷണങ്ങൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്നതാണ് ലോങ് കോവിഡ്.
പരീക്ഷണം നടത്തിയ വ്യക്തിയില്‍ അക്രോസയാനോസിസ് എന്ന അപൂർവ ലക്ഷണം കണ്ടെത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നത്. കാലുകളിലെ സിരകളിൽ രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. ദീർഘ നേരം നിൽക്കുന്ന രോഗികളിലാണ് ഇതുണ്ടാകുന്നത്. നീണ്ട സമയം നിൽക്കുമ്പോൾ രക്തം കെട്ടിക്കിടക്കുന്നതിന്റെ ഫലമായി കാലുകൾ ആദ്യം ചുവപ്പ് നിറമായി തുടങ്ങുകയും പിന്നീട് ഞരമ്പുകൾ നീല നിറമായി മാറുകയും ചെയ്യുന്നു.
തുടർന്ന് രോഗിയുടെ കാലുകളിൽ കനത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ തന്നെ കാലിന്റെ അവസ്ഥ പഴയ പോലെയാകുകയും നിറം പൂർവ സ്ഥിതിയിൽ എത്തുകയും ചെയ്യും. കോവിഡ് രോഗബാധയ്ക്ക് ശേഷമാണ് 33 കാരനായ ഈ വ്യക്തിയിൽ ഈ അപൂർവ അവസ്ഥ ആരംഭിക്കുന്നത്.
നീണ്ട സമയം നിൽക്കുമ്പോൾ ഹൃദയമിടിപ്പ് അമിതമായി വർധിക്കുന്ന പോസ്ചറൽ ഓർത്തോസ്റ്റാറ്റിക്സ് ടാക്കിക്കാർഡിയ സിൻഡ്രോം (പിഒടിഎസ്) എന്ന അവസ്ഥയാണ് അദ്ദേഹത്തിനെന്ന് പിന്നീട് കണ്ടെത്തി.
കൊറോണ വൈറസിനെ കുറിച്ച് ആളുകൾക്കിടയിൽ കൂടുതൽ അവബോധം ആവശ്യമാണെന്ന് ഇന്ത്യൻ ഗവേഷകനായ ഡോ. മനോജ് ശിവൻ പറയുന്നു.
'ഇത് കോവിഡിന്റെയും ഡിസോട്ടോണോമിയ എന്ന അവസ്ഥയുടെയും പരിണിത ഫലമാണെന്ന് മിക്ക രോഗികൾക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. അതുമാത്രമല്ല മിക്ക ഡോക്ടർമാർക്കും കോവിഡും അക്രോസയാനോസിസും തമ്മിലുള്ള ബന്ധം പോലും അറിയില്ല', ഡോ. മനോജ് ശിവൻ വ്യക്തമാക്കി.
നീണ്ടു നിൽക്കുന്ന (ലോങ് കോവിഡ്) കോവിഡ് ബാധിച്ചവരിൽ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത വിധം ശരീരത്തിന്റെ മിക്ക ഭാഗങ്ങളും തകരാറിലാകുന്നു. ഒപ്പം ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയമിടിപ്പ്, രക്ത സമ്മർദം എന്നിവയെല്ലാം നിയന്ത്രണവിധേയമല്ലാതെ മാറുകയും ചെയ്യുന്നു.
ലോങ് കോവിഡ് രോഗം ബാധിച്ചവരിൽ ഡിസോട്ടോണോമിയയും പിഒടിഎസും ബാധിക്കപ്പെട്ടതായി ഡോ. മനോജ് ശിവന്റെ നേതൃത്വത്തിലുള്ള ഗവേഷണ വിഭാഗം മുൻപും തെളിയിച്ചിട്ടുണ്ട്.
ഹൃദയമിടിപ്പ്, രക്തസമ്മർദം, വിയർപ്പ് തുടങ്ങി സ്വമേധയാ അല്ലാത്ത ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹത്തിന്റെ തകരാറാണ് ഡിസോട്ടോണോമിയ. 'ഡിസോട്ടോണോമിയ എന്ന അവസ്ഥയെ കുറിച്ച് പഠിക്കാൻ ഇനിയും കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എന്നാൽ മാത്രമേ ആളുകൾക്ക് ഇതിനെ പറ്റി കൂടുതൽ അവബോധം നൽകാൻ സാധിക്കുകയുള്ളു' മനോജ് ശിവൻ വ്യക്തമാക്കി.