കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ  
INDIA

കോവിൻ പോർട്ടൽ വിവരങ്ങൾ ചോർന്നിട്ടില്ല; ടെലഗ്രാമിലെത്തിയത് മുൻപ് മോഷ്ടിക്കപ്പെട്ടവ: മന്ത്രി രാജീവ് ചന്ദ്രശേഖർ

വെബ് ഡെസ്ക്

കോവിൻ പോർട്ടലിൽ വിവരങ്ങൾ ടെലഗ്രാം പോർട്ടൽ വഴി ചോർന്നുവെന്ന 'ദ ഫോർത്ത്' വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡാറ്റ ചോർച്ച സംബന്ധിച്ച വാർത്തകൾ തെറ്റാണെന്നും കോവിൻ പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ നേരത്തെ ഡാറ്റകൾ ചോര്‍ന്നിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത് കൂടിയാണ് മന്ത്രിയുടെ പ്രതികരണം. മുൻപ് ചോർന്ന/മോഷ്ടിക്കപ്പെട്ട രേഖകളിൽനിന്നുള്ളവയാണ് വിവരങ്ങളെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഡാറ്റ ചോർച്ച സംഭവം കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പരിശോധിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ടെലഗ്രാം ബോട്ടിൽ ലഭ്യമായ വിവരങ്ങൾ കോവിൻ പോർട്ടലിൽനിന്ന് നേരിട്ട് ഹാക്ക് ചെയ്ത് എടുത്തതല്ല, മുൻപ് ചോർന്ന/മോഷ്ടിക്കപ്പെട്ട രേഖകളിൽനിന്നുള്ളവയാണ്. പുതിയ ദേശീയ ഡാറ്റ ഗവേണൻസ് നയത്തിന്റെ അന്തിമരൂപ പ്രകാരം എല്ലാ മന്ത്രാലയങ്ങളെയും ഉൾപ്പെടുത്തിയുള്ള ഡാറ്റ സംഭരണം, ആക്സസ്, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുടെ ഒരു പൊതു ചട്ടക്കൂട് സൃഷ്ടിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, നേരത്തെ എപ്പോഴാണ് ഡേറ്റ ഹാക്ക് ചെയ്യപ്പെട്ടതെന്ന് സഹമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഈ ചോദ്യം മന്ത്രിയുടെ വിശദീകരണം വന്നതിനുപിന്നാലെ ട്വിറ്ററിൽ ഉയർത്തിയിരിക്കുന്നത്. കോവിൻ പോർട്ടൽ സുരക്ഷിതമല്ലെന്ന് മുൻപ് പലതവണ ആരോപണമുയർന്നിരുന്നു. അപ്പോഴൊന്നും അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. അപ്പോൾ പിന്നെ എപ്പോഴാണ് ഡാറ്റ നഷ്ടപെട്ടതെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

വാക്‌സിനേഷൻ വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി ചോരുന്നുവെന്ന വാർത്ത 'ദ ഫോർത്ത്' ഞായറാഴ്ച പുറത്തുവിട്ടതിന് പിന്നാലെയാണ് ദേശീയ തലത്തിൽ സംഭവം ചർച്ചയായത്. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിവരങ്ങളടക്കമാണ് ചോർന്നിരിക്കുന്നത്.

ഡാറ്റ ചോർച്ചയിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിയിട്ടുണ്ട്. രാജ്യത്തെ 100 കോടിയിലധികം വരുന്ന ജനങ്ങളുടെ സ്വകാര്യതയെ സംബന്ധിക്കുന്ന ഗുരുതര വിഷയത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന് പുറകിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് കേന്ദ്ര സഹമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും