കോവിഡ് വിവരങ്ങളുടെ ചോർച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവരങ്ങൾ ചോർത്തിയതിന് പിന്നിലുള്ളവരെ കണ്ടെത്തുകയും കർശന നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. വ്യക്തികളുടെ പേരും തിരിച്ചറിയല്‍ രേഖകയും നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി ലഭ്യമാകുന്നുവെന്ന വാർത്തകൾ 'ദ ഫോർത്താ'ണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
സ്വകാര്യത ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ് നിലവിലുണ്ടായിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ചോർച്ചയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷൻ വിവരങ്ങളുടെ ചോർച്ചയിൽ കേന്ദ്രം മറുപടി പറയണമെന്ന് എൻസിപി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ട്വീറ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
'ശക്തമായ ഡാറ്റ സുരക്ഷ' നൽകന്നുവെന്ന് മോദി സർക്കാർ അവകാശപ്പെടുമ്പോൾ പാസ്പോർട്ട് നമ്പർ, ആധാർ നമ്പർ മുതലായവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ എങ്ങനെ ചോർന്നുവെന്ന വിദഗ്ധരുടെ ചോദ്യം പ്രസക്തമാണ്. ആധാർ, പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ നിർണായക വ്യക്തിഗത ഡാറ്റകൾ എങ്ങനെ പുറത്തുവന്നുവെന്ന് കേന്ദ്ര സർക്കാർ ഉത്തരം നൽകേണ്ടതുണ്ടെന്നും ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ്, ഐടി വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ മറുപടി നൽകണം എന്നും സാകേത് ഗോഖലെ ട്വീറ്റിൽ ആവശ്യപ്പെട്ടു.
ദ ഫോർത്ത് പുറത്തുവിട്ട വാർത്തയ്ക്ക് പിന്നാലെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്ന ടെലഗ്രാം ബോട്ട് പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ തിരികെ വരുമെന്ന് അഡ്മിൻ പിന്നീട് അറിയിച്ചു. നിലവിൽ ഫോൺ നമ്പർ അടിച്ചു കൊടുക്കുമ്പോൾ 'ആധാറും നമ്പർ സെർച്ചും ഇപ്പോൾ ലഭ്യമല്ല' എന്ന സന്ദേശമാണ് ബോട്ടിൽനിന്ന് ലഭിക്കുന്നത്. 'ഞങ്ങൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്' എന്ന കുറിപ്പും ദ ഫോർത്ത് പുറത്തുവിട്ട വാർത്തയുടെ ലിങ്കും ചേർത്തായിരുന്നു മറുപടി സന്ദേശം.
ചാറ്റ് ബോട്ടിൽ ഒരാളുടെ മൊബൈൽ നമ്പറോ ആധാർ കാർഡ് നമ്പറോ അയച്ച് നൽകിയാൽ അവരുടെ പേര്, ഫോൺനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, ജനന തീയതി, വാക്‌സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ഏത് വാക്‌സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രത്തിൽ സ്വീകരിച്ചു എന്നിവയും അറിയാൻ സാധിക്കുമായിരുന്നു.