-
INDIA

"മുസ്ലീം സമുദായത്തെ ബഹിഷ്കരിക്കാൻ നിരന്തരം ആഹ്വാനം"; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ബൃന്ദാ കാരാട്ട് സുപ്രീം കോടതിയിൽ

വെബ് ഡെസ്ക്

നൂഹ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുൾപ്പടെ നടക്കുന്ന വിദ്വേഷ പ്രചാരങ്ങൾക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീം കോടതിയിൽ. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ മുസ്ലീം സമുദായത്തിനെതിരെ ആളുകളെ തിരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ പരി​ഗണനയിലുള്ള കേസിൽ കക്ഷിചേരാൻ സമർപ്പിച്ച അപേക്ഷയിലാണ് ബൃന്ദാ കാരാട്ട് ആരോപണമുന്നയിച്ചിരിക്കുന്നത്.

ബൃന്ദ കാരാട്ടും ഡൽഹി സിപിഎം സംസ്ഥാന സെക്രട്ടറി കെ എം തിവാരിയുമാണ് കേസിൽ കക്ഷിചേരാൻ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതാക്കാൻ നിർദ്ദേശങ്ങൾക്കായി പത്രപ്രവർത്തകനായ ഷഹീൻ അബ്ദുള്ള സമർപ്പിച്ച റിട്ട് ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്.

ഹരിയാനയിലെ നൂഹ് ജില്ലയിലെ വർഗീയ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ 23 സ്ഥലങ്ങളിൽ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്‌രംഗ് ദളും നടത്തിയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. "ഡൽഹിയിലെ നംഗ്ലോയ്, ഘോണ്ട ചൗക്ക് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ ഹിന്ദു മതത്തിന്റെ പേരിൽ മുസ്ലീം സമുദായത്തിനെതിരെ ആളുകളെ തിരിക്കുന്നു. അത്തരം യോ​ഗങ്ങൾ വിവിധ ഭാഗങ്ങളിൽ നടക്കുന്നു. മുസ്‌ലിം സമുദായത്തെ ബഹിഷ്‌കരിക്കാൻ തുടർച്ചയായി ആഹ്വാനം ചെയ്യുന്നു. ഇത്തരം പ്രസംഗങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 295 എ, 505 (1) തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. നിർഭാഗ്യവശാൽ പോലീസും ഭരണകൂടവും ഇത്തരക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുകയോ യോഗങ്ങൾ നിർത്തിവയ്ക്കുകയോ ചെയ്യുന്നില്ല,” അപേക്ഷയിൽ പറയുന്നു.

ഡൽഹിയിൽ വിഎച്ച്പി - ബജ്‌റംഗ്ദൾ നടത്തിയ റാലികളിൽ വിദ്വേഷ പ്രസംഗങ്ങളോ അക്രമങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രണ്ടാഴ്ച മുമ്പ് സുപ്രീം കോടതി പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മുസ്ലീം സമുദായത്തെ ബഹിഷ്കരിക്കണമെന്ന് ചില ഗ്രൂപ്പുകൾ നടത്തിയ ആഹ്വാനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹീൻ അബ്ദുള്ള മറ്റൊരു അപേക്ഷ നൽകിയിരുന്നു. ഡൽഹി ഹൈക്കോടതി വനിതാ അഭിഭാഷക ഫോറം ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസിന് കത്തയക്കുകയും ചെയ്തു.

വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഓഗസ്റ്റ് 11ന് നിർദേശിച്ചിരുന്നു. വിദ്വേഷ പ്രസംഗം സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കാൻ ഡിജിപിമാരോട് നിർദേശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ മേൽപ്പറഞ്ഞ റിട്ട് ഹർജി പരിഗണിക്കവെ, വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ നടപടിയെടുക്കാനും പരാതിയില്ലെങ്കിൽ പോലും കേസുകൾ രജിസ്റ്റർ ചെയ്യാനും സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് കെ എം ജോസഫും ബി വി നാഗരത്നയും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. രാജ്യത്ത് മതേതരത്വം സംരക്ഷിക്കുന്നതിനുമായി കുറ്റവാളി ഏത് മതത്തിൽപെട്ട ആളാണെങ്കിലും ഉടനടി നടപടിയെടുക്കണമെന്നും നിർദേശം നൽകിയിരുന്നു.

ഇന്ത്യയിലെ മുസ്ലീം സമുദായത്തിനെതിരെ വർദ്ധിച്ചുവരുന്ന അക്രമണങ്ങൾക്കെതിരായ മറ്റൊരു ഹർജിയിൽ വാദം കേൾക്കുന്നതിനിടയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ഉത്തരവിന്റെ തുടർച്ചയാണ് ഈ ഉത്തരവ്. എന്നാൽ ഒക്ടോബറിൽ, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് മാത്രമാണ് കോടതി സമാനമായ നിർദ്ദേശം നൽകിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?