രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് യൂസഫ് തരിഗാമി പങ്കെടുത്തേയ്ക്കും. കശ്മീരിലെ സമാപന യാത്രയിലാണ് തരിഗാമി പങ്കെടുക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള ഗുപ്കാര്‍ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാകുമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.
ഞങ്ങള്‍ കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തും, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും പിഡിപി മേധാവി മെഹബൂബ മുഫ്തിയും സിപിഎം നേതാവ് എം വൈ തരിഗാമിയും യാത്രയില്‍ പങ്കെടുക്കും എന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത്.
കന്യകുമാരിയില്‍ നിന്നാരംഭിച്ച് സിപിഎം ഭരിക്കുന്ന കേരളത്തിലൂടെ കടന്നു പോയ ഭാരത് ജോഡോ യാത്രയോട് പുറം തിരിഞ്ഞ സമീപനമായിരുന്നു നേരത്തെ സിപിഎം സ്വീകരിച്ചത്. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമായിരിക്കും കാശ്മീരിലെ സമാപന യാത്രയിലെ സിപിഎം നേതാവിന്റെ പങ്കാളിത്തം. കേരളത്തിലെ നേതാക്കള്‍ പരിഹാസത്തോടെയായിരുന്നു യാത്രയെ വിമര്‍ശിച്ചത്. കണ്ടെയ്നര്‍ യാത്ര എന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യാത്രയ്ക്ക് മികച്ച പ്രതികരണമാണെന്നായിരുന്നു കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി നയിക്കുന്ന് ഭാരത് ജോഡോ യാത്രയില്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു . ഫാസിസത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മെഹ്ബൂബ വ്യക്തമാക്കി. മതേതരത്വമെന്ന ഈ രാജ്യത്തിന്റെ അടിസ്ഥാന ആശയത്തെ ശക്തിപ്പെടുത്താനാണ് ഈ യാത്ര ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ഇമ്രാന്‍ നബി ദാര്‍ പറഞ്ഞു. ഒരുകാലത്ത് രാജ്യത്തിനെതിരെ സംസാരിച്ചവര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നുവെങ്കില്‍ അത് തീര്‍ച്ചയായും ബിജെപിയുടെ നേട്ടമാണെന്നാണ് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്റെ പ്രതികരണം
ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി മൂന്നിന് ഉത്തര്‍പ്രദേശിലെ ലോനിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടം ആരംഭിക്കുക. ജനുവരി ആറിന് ഹരിയാനയിലേക്ക് പുറപ്പെടും മുമ്പ് ഉത്തര്‍പ്രദേശിലെ ബാഗ്പത്, ഷംലി എന്നിവിടങ്ങളില്‍ യാത്ര തുടരും. അഞ്ച് ദിവസത്തെ ഹരിയാന യാത്രയ്ക്ക് ശേഷം ജനുവരി 11ന് പഞ്ചാബിലേയ്ക്ക യാത്ര തിരിക്കും. പഞ്ചാബ് പിന്നിട്ടായിരിക്കും സമാപനത്തിനായി യാത്ര ജമ്മുകാശ്മീരിലെത്തുക.