ഡൽഹിയിൽ 28 വയസുകാരനായ യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രദ്ധയെ കൊന്ന ശേഷം അഫ്താബ് അമീൻ പൂനെവാല മൃതദേഹം 35 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കുന്നതിനായി മാത്രം 300 ലിറ്ററിന്റെ പുതിയ റഫ്രിജറേറ്റർ വാങ്ങി. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ഡെക്സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് അഫ്താബിന്റെ മൊഴി.
2006ൽ പുറത്തുവന്ന നിരവധി അവാർഡുകൾ നേടിയ ഒരു അമേരിക്കൻ ക്രൈം സീരീസ് ആണ് ഡെക്സ്റ്റർ. സീരിസിൽ മൈക്കൽ സി. ഹാൾ അവതരിപ്പിച്ച പ്രധാന കഥാപാത്രമായ ഡെക്സ്റ്റർ മോർഗൻ താൻ നടത്തിയ കൊലപാതകങ്ങൾക്ക് ശേഷം ശരീരം കഷ്ണങ്ങളാക്കുകയും അവ ചെറിയ കറുത്ത നിറത്തിലുള്ള പോളി ബാഗുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് സമാനമായാണ് കൊലപാതകശേഷം ശ്രദ്ധയുടെ മൃതദേഹം അഫ്താബ് കഷ്ണങ്ങളാക്കി പോളി ബാഗിൽ സൂക്ഷിച്ചത്.
മിയാമി മെട്രോ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു ഫോറൻസിക് ടെക്‌നീഷ്യനാണ് പരമ്പരയില്‍ ഡെക്സ്റ്റർ മോർഗൻ. പകൽ മുഴുവൻ തന്റെ ജോലിയിൽ വ്യാപൃതനായി സാധാരണ ജീവിതം നയിക്കുന്ന ഡെക്സ്റ്റർ രാത്രിയാവുമ്പോൾ ഇരകളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്ന ഒരു സീരിയൽ കില്ലറാവുകയാണ് . നീതിന്യായ വ്യവസ്ഥയിൽ നിന്നും അർഹിച്ച ശിക്ഷ ലഭിക്കാത്തവരായ കൊലപാതകികൾ ആണ് ഡെക്സ്റ്ററുടെ ഇരകൾ.
സീരിസിന്റെ ആദ്യ സീസണിൽ പലയിടത്തായി ഇരകളുടെ ശരീരം കഷ്ണങ്ങളായി മുറിക്കുകയും പോളി ബാഗുകളിൽ നിറക്കുകയും ചെയ്യുന്ന ഡെക്സ്റ്ററിനെ കാണാം. ഈ ബാഗുകൾ പിന്നീട് വാഹനത്തിൽ എത്തിച്ച് ബോട്ടിൽ കയറ്റുന്നു. ബാഗുകൾക്ക് ഭാരം കൂട്ടാനായി കല്ലുകൾ ചേർക്കുകയും ബാഗുകളുടെ മുഖം ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയും ചെയ്യുന്നു. ശേഷം ഈ ശരീരഭാഗങ്ങൾ നിറച്ച ബാഗുകളിൽ കടലിടുക്കുകളിൽ തള്ളുകയും ചെയ്യുകയാണ്.
പരമ്പരയിലേതിന് സമാനമായി ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കിയ ശേഷം അഫ്താബ് ഫ്രിഡ്ജിൽ സൂക്ഷിച്ചു. രണ്ടോ മൂന്നോ മാസത്തെ കാലയളവിനിടെ മെഹ്‌റൗളി വനമേഖലയിലേക്ക് ഒന്നിലധികം തവണ യാത്രകൾ നടത്തി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. ശരീരം പെട്ടെന്ന് അഴുകാൻ വേണ്ടി കുടൽ നീക്കം ചെയ്തതായും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഡെക്സ്റ്റർ സീരീസ് കുപ്രസിദ്ധി നേടുന്നതും ഇതാദ്യത്തെ സംഭവമല്ല. 2011 ഏപ്രിലിൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാവായ മാർക്ക് ആൻഡ്രൂ ട്വിച്ചെൽ ഒരു കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇരയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും ശരീരം പല കഷ്ണങ്ങളായി മുറിക്കുകയും ചെയ്തു. ഈ കഷ്ണങ്ങൾ പലയിടാത്തതായി ഉപേക്ഷിച്ചു. വിചാരണസമയത്ത് ആൻഡ്രൂ ട്വിച്ചെൽ, ഡെക്സ്റ്റർ മോർഗൻ എന്ന കഥാപാത്രവുമായി ഏറെ സാമ്യം പുലർത്തുന്നതായി കോടതി നിരീക്ഷിച്ചു. ഇതേ തുടർന്ന് മാധ്യമങ്ങൾ ട്വിച്ചെലിനെ 'ഡെക്സ്റ്റർ കില്ലർ ' എന്ന് വിളിക്കാൻ തുടങ്ങി. ഡെക്സ്റ്ററിന് സമാനമായി ട്വിച്ചെൽ തന്റെ വീട്ടിൽ ഒരു 'കിൽ റൂം ' പോലും നിർമ്മിച്ചിരുന്നു. ഫോറൻസിക് തെളിവുകൾ ഒഴിവാക്കാനായിരുന്നു ഈ മുറി.
2014 ൽ അമേരിക്കയിലെ കൗമാരക്കാരന് ഡെക്സ്റ്റർ മോർഗനോട് അതിയായ ആരാധന തോന്നിയത് മൂലം 17 കാരിയായ തന്റെ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.