INDIA

എസ്‍സി - എസ്‍ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യത്ത് വൻ വർധന; സ്ത്രീകള്‍ക്ക് നേരെ അതിക്രമം കൂടുതല്‍ രാജസ്ഥാനിൽ

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും കൂടുന്നതായും നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ടില്‍ പറയുന്നു

വെബ് ഡെസ്ക്

രാജ്യത്ത് പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വർധനവുണ്ടായതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആർബി) റിപ്പോർട്ട്. എസ് സി - എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ യഥാക്രമം 13.1, 14.3 ശതമാനം എന്നിങ്ങനെ വര്‍ധിച്ചെന്നാണ് കണക്കുകള്‍.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 8.7 ശതമാനവും സ്ത്രീകള്‍ക്കെതിരായവയില്‍ നാല് ശതമാനവുമാണ് വർധനവ്. മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങളില്‍ 9.3 ശതമാനം ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ (11.1 ശതമാനം), അഴിമതി (10.5 ശതമാനം) എന്നിവയും വർധിച്ചിട്ടുണ്ട്. എന്‍സിആർബിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വിവരങ്ങള്‍ ശേഖരിച്ചാണ് 'ക്രൈം ഇന്‍ ഇന്ത്യ 2022' എന്ന തലക്കെട്ടോടെ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട റിപ്പോർട്ട് ഇത്തവണ അഞ്ച് മാസം വൈകിയാണ് പുറത്ത് വിട്ടിരിക്കുന്നത്. 2022-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 4.45 ലക്ഷമാണ്. 2021-ല്‍ 4.28 ലക്ഷമായിരുന്നു. ബന്ധുക്കളുടെ ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും, 31.4 ശതമാനം. തട്ടിക്കൊണ്ടുപോകല്‍ (19.2 ശതമാനം), സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകള്‍ (18.7), ബലാത്സംഗം (7.1) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

31,516 ബലാത്സംഗക്കേസുകളാണ് 2022-ല്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രാജസ്ഥാനിലാണ് (5,399). ഉത്തർപ്രദേശ് (3,690), മധ്യപ്രദേശ് (3,029), മഹാരാഷ്ട്ര (2,904), ഹരിയാന (1,787), ഡല്‍ഹി (1,212) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കേസുകളുടെ എണ്ണം.

കുട്ടികള്‍ക്ക് നേരെയുള്ള 1.62 ലക്ഷം കേസുകളാണ് 2022-ല്‍ റജിസ്റ്റർ ചെയ്തിരിക്കുന്നുത്. 2021-ല്‍ ഇത് 1.49 ലക്ഷമായിരുന്നു. കേസുകളില്‍ 45.7 ശതമാനവും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടാണ്. 39.7 ശതമാനം കേസുകള്‍ ലൈംഗീക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമുള്ളതാണ്.

എസ്‍സി വിഭാഗങ്ങള്‍ക്കെതിരായ 57,582 കേസുകളാണ് സമാന കാലയളവില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021-ലും കേസുകളുടെ എണ്ണം അരലക്ഷം കടന്നിരുന്നു. പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ 10,064 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 8,802 കേസുകളായിരുന്നു 2021-ല്‍.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍