ഇന്ത്യയിലെ ഏക ആദിവാസി ഭൂരിപക്ഷ സംസ്ഥാനം, ധാതു സമ്പന്നമായ ഭൂമിക. വിശേഷണങ്ങള്‍ ഒരുപാടുണ്ടെങ്കിലും രൂപീകരണ സമയം മുതല്‍ രാഷ്ട്രീയ കൊടുങ്കാറ്റുകളില്‍പ്പെട്ട് ആടിയുലയാന്‍ വിധിക്കപ്പെട്ട സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനൊരുങ്ങുന്നുകയാണ്. 2014-ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് ശേഷം അട്ടിമറിക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളുടെ പട്ടികയിലേക്ക് ജാര്‍ഖണ്ഡും കടന്നുവന്നിരിക്കുന്നു. അരുണാചല്‍ പ്രദേശില്‍ ആരംഭിച്ച്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ, മണിപ്പൂര്‍, പുതുച്ചേരി, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകം ജാര്‍ഖണ്ഡിലും അരങ്ങേറാന്‍ പോകുന്നു.
സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരൊറ്റ തവണ മാത്രമാണ് അഞ്ചുവര്‍ഷം തികച്ചു ഭരിച്ചൊരു സര്‍ക്കാര്‍ ജാര്‍ഖണ്ഡിലുണ്ടായത്. 2014-2019 കാലയളവില്‍ ബിജെപിയുടെ രഘുബര്‍ ദാസ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതൊഴിച്ചാല്‍, മറ്റൊരാള്‍ക്കും ആ ഭാഗ്യമുണ്ടായിട്ടില്ല. ഹേമന്ത് സോറന്റെ രണ്ടാം വരവില്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇഡി സോറനെ കുടുക്കി ജയിലിലാക്കിയതോടെ, അടിക്കടി നടക്കുന്ന രാഷ്ട്രീയ കളിക്ക് വീണ്ടും സംസ്ഥാന സാക്ഷ്യംവഹിക്കാന്‍ പോകുന്നു.
23 വര്‍ഷം, പന്ത്രണ്ട് മുഖ്യമന്ത്രിമാര്‍
23 വര്‍ഷത്തിനിടെ 12 മുഖ്യമന്ത്രിമാരാണ് ജാര്‍ഖണ്ഡ് ഭരിച്ചത്. മൂന്നുതവണ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ കഴിഞ്ഞു. കണക്കു പരിശോധിച്ചാല്‍ ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിമാരുടെ ശരാശരി കാലാവധി 1.5 വര്‍ഷമാണ്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രണ്ടുവര്‍ഷക്കാലത്തേക്ക് മുഖ്യമന്ത്രിയാക്കിയ ചരിത്രവും ജാര്‍ഖണ്ഡിനുണ്ട്.
ജാര്‍ഖണ്ഡ് രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജെഎംഎം നേതാവ് ഷിബു സോറന് മുഖ്യമന്ത്രിയാകാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞത് വെറും പത്തു ദിവസമാണ്. മുഖ്യമന്ത്രിമാരായ എല്ലാ നേതാക്കള്‍ക്ക് എതിരേയും ഗുരുതര കേസുകളുണ്ട് ജാര്‍ഖണ്ഡില്‍. ഹേമന്ത് സോറനും ഷിബു സോറനും മധു കോഡയും അഴിമതി കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്.
2000-2014 കാലയളലില്‍ അഞ്ച് മുഖ്യമന്ത്രിമാരേയും ഒന്‍പത് സര്‍ക്കാരുകളേയും ജാര്‍ഖണ്ഡ് കണ്ടു. ബിജെപിയുടെ ബാബുലാല്‍ മറാണ്ടിയായിരുന്നു ആദ്യ മുഖ്യമന്ത്രി. രണ്ടു വര്‍ഷും മൂന്നുമാസവുമായിരുന്നു ആദ്യമുഖ്യമന്ത്രിയുടെ കാലാവധി. അര്‍ജുന്‍ മുണ്ട, ഷിബു സോറന്‍, മധു കോഡ, ഹേമന്ത് സോറന്‍ എന്നിങ്ങനെ 2000-നും 2014-നും ഇടയില്‍ മുഖ്യമന്ത്രിമാര്‍ മാറിവന്നു. ഇക്കാലയളവില്‍ ഷിബു സോറനും അര്‍ജുന്‍ മുണ്ടയും മൂന്നുതവണ വീതം മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
2014-2019 കാലയളവില്‍ ജാര്‍ഖണ്ഡിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെക്കുറെ ശാന്തമായിരുന്നതിനാല്‍, ബിജെപിയുടെ രഘുബര്‍ ദാസിന് അഞ്ചുകൊല്ലം തികയ്ക്കാനായി. ആദിവാസി വിഭാഗത്തിന് പുറത്തുനിന്നുള്ള നേതാവായിരുന്നു അദ്ദേഹം. ഒന്നാം ബാബുലാല്‍ മറാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാന കാരണമായത് ബിജെപിയിലെ ആദിവാസി-മുന്നോക്ക വിഭാഗം നേതാക്കള്‍ തമ്മിലുള്ള പോരായിരുന്നു. 2019-ല്‍ അധികാരത്തിലെത്തിയ ഹേമന്ത് സോറനെ താഴെയിറക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ജെഎംഎമ്മിനുള്ളില്‍ തന്നെയുണ്ടായ പൊട്ടിത്തെറികളെ അതിജീവിച്ച് മുന്നോട്ടുപോയെങ്കിലും 2021-ല്‍ ഹേമന്ത് സോറന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്നു.
ഖനി വകുപ്പിന്റെ ചുമതലയിലിരിക്കെ ഹേമന്ത് സോറന്‍ സ്വന്തം പേരില്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട ബിജെപി പരാതിയില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തുടര്‍ന്ന് സോറന്‍ കുറ്റക്കാരനാണെന്നും അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. എംഎല്‍എമാരുമായി റാഞ്ചി വിട്ട സോറന്‍, തിരിച്ചെത്തി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു.
അന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി എംഎല്‍എമാര്‍ സോറനൊപ്പം നിലയുറപ്പിച്ചിരുന്നു. എന്നാല്‍, ഇത്തവണ ഹേമന്ത് സോറന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തന്റെ വിശ്വസ്തനെ തന്നെയാണ് മുഖ്യമന്ത്രിയാക്കിയിരിക്കുന്നത് എന്നതു മാത്രമാണ് നെഞ്ചിടിപ്പ് കുറയ്ക്കാന്‍ ഹേമന്തിനുള്ള ഏക ആശ്വാസം. കുടുംബത്തിലും പാര്‍ട്ടിയിലും പടലപ്പിണക്കം കൊടുമ്പിരികൊണ്ടു നില്‍ക്കുകയാണ്. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് ഷിബു സോറന്‍ സമവായത്തിനായി ചംപയ് സോറനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
സമവാക്യങ്ങളും സാധ്യതകളും
ജെഎംഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നാല്‍പ്പത് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. ജയിലില്‍ കഴിയുന്ന ഹേമന്ത് സോറന്‍ കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് വിശ്വാസ വോട്ടെടുപ്പിന് എത്തുന്നത്.
81 അംഗ നിയമസഭയില്‍ 41 എംഎല്‍എമാരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 46 പേരുടെ പിന്തുണയുണ്ടെന്നാണ് ജെഎംഎം അവകാശപ്പെടുന്നത്. ജെഎംഎം 28, കോണ്‍ഗ്രസ് 16, ആര്‍ജെഡി 1, സിപിഐഎംഎല്‍ 1 എന്നിങ്ങനെയാണ് ഭരണപക്ഷത്തിന്റെ എംഎല്‍എമാരുടെ കണക്ക്. ബിജെപിക്ക് 29 എംഎല്‍എമാരാണുള്ളത്. നാല് ജെഎംഎം എംഎല്‍എമാര്‍ ഹേമന്ത് സോറന് എതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നിരുന്നാലും ഇവര്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കത്തിലേക്ക് കടക്കില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍, ചംപയ് സോറന്‍ ഭൂരിപക്ഷം തെളിയിക്കും. പക്ഷേ, സര്‍ക്കാരിന് എത്രനാള്‍ തുടരനാകും എന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ ആശ്രയിച്ചിരിക്കും.