മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന് മുന്നിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഐ ടി കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്‌എഫ്ഐഒ അന്വേഷണത്തിനു തടയിടണമെന്നാണ് ഹർജിയില്‍ കമ്പനി ആവശ്യപ്പെടുന്നത്.
എസ്‌എഫ്ഐഒ ഇപ്പോൾ നടത്തി വരുന്ന അന്വേഷണത്തിന് ആധാരമായ വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജൻസിയുടെ തുടർനടപടികൾക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹർജിയിലെ മറ്റൊരാവശ്യം. കമ്പനി മേധാവിയായ വീണയെ ചോദ്യം ചെയ്യുന്നതും തെളിവ് ശേഖരണത്തിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നതും തടയണമെന്നാണ് തുടർ നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് എക്സലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.
സജൻ പൂവയ്യ അസോസിയേറ്റിലെ അഭിഭാഷകനായ മനു പ്രഭാകർ കുൽക്കർണിയാണ് എക്സലോജിക്കിന് വേണ്ടി ഹാജരാകുന്നത്. കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാകും .
കരിമണൽ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിൻ മിനറൽസ് ആൻഡ് റുടൈൽ ലിമിറ്റഡുമായി (സിഎംആർഎൽ) വീണ വിജയന്റെ ഉടമസ്ഥതയിലുളള എക്സാലോജിക്കും നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് എസ്‌എഫ്ഐഒയുടെ അന്വേഷണം. വീണയുടെ കമ്പനിക്ക് സിഎംആർഎൽ 1.72 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം നൽകിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെ രജിസ്‌ട്രാർ ഓഫ് കമ്പനീസിന്റെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌എഫ്ഐഒ വിശദമായ അന്വേഷണത്തിന് ഇറങ്ങി തിരിച്ചിരിക്കുന്നത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ടു കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നടന്ന എല്ലാ പണമിടപാടുകളും എസ്എഫ്ഐഒ അന്വേഷിക്കുന്നുണ്ട് .