INDIA

ജെഡിഎസില്‍ നിര്‍ണായക നീക്കങ്ങള്‍; ദേവഗൗഡക്കെതിരെ ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ച് സികെ നാണു

ജെഡിഎസിന്റെ ഏക ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലക്കാണ് സി കെ നാണു ഇടപെടൽ

വെബ് ഡെസ്ക്

ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച കര്‍ണാടകയിലെ ജെഡിഎസ് നിലപാടിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ നിര്‍ണായക നീക്കങ്ങള്‍. പാര്‍ട്ടിയിലെ ഏക ഏക ദേശീയ വൈസ് പ്രസിഡന്റായ സികെ നാണുവിനെ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കങ്ങള്‍. സി കെ നാണു 15ന് ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തു.

തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തിലേക്ക് കര്‍ണാടക സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ പുറത്താക്കിയ സി എം ഇബ്രാഹിം അടക്കമുള്ള നേതാക്കൾക്കും ക്ഷണമുണ്ട്. നിലവില്‍ എച്ച് ഡി കുമാരസ്വാമിക്കും എച്ച് ഡി ദേവഗൗഡയ്ക്കുമെതിരെ രംഗത്തെത്തിയ സി എം ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗം പാര്‍ട്ടിയിലെ വിമത സ്വരം പ്രകടമാക്കുന്നതാകുമെന്നാണ് വിലയിരുത്തല്‍.

ജെഡിഎസിന്റെ ഏക ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലയ്ക്കാണ് സി കെ നാണു ഇടപെടൽ. യോഗത്തില്‍ എച്ച് ഡി ദേവഗൗഡക്കെതിരെ സ്വരം ഉയര്‍ന്നേയ്ക്കുമെന്ന സൂചനയാണ് യോഗം വിളിച്ച് ചേര്‍ത്തുകൊണ്ടുള്ള കത്തില്‍ വ്യക്തമാക്കുന്നത്. കര്‍ണാടക ഘടകത്തിന്റെ ബിജെപി ബാന്ധവം പാര്‍ട്ടിയുടെ പൊതുവികാരത്തിന് എതിരാണെന്നും കത്ത് വ്യക്തമാക്കുന്നു.

ജെഡിഎസിന്റെ സംസ്ഥാന ഘടകങ്ങളില്‍ ഭൂരിഭാഗവും ബിജെപി സഖ്യത്തിന് എതിരാണ്. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന ജെഡിഎസിന്റെ നിലപാടുകള്‍ക്കെതിരാണ് ഇപ്പോഴത്തെ കര്‍ണാടക ഘടകത്തിന്റെ ബിജെപി ബന്ധമെന്നും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും മുന്‍പ് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും സി കെ നാണു കത്തില്‍ വ്യക്തമാക്കുന്നു.

ബിജെപി ബന്ധത്തില്‍ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനം എടുത്തിട്ടില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കത്ത്. അതിനാല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നതിന്റെ പേരില്‍ ദേവഗൗഡക്കെതിരെ യോഗത്തിൽ നടപടി വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കുമാരസ്വാമിക്കും ദേവഗൗഡയ്ക്കുമെതിരായ തുറന്നപോരിന് ജെഡിഎസ് കേരള ഘടകത്തിന് താത്പര്യമില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചത് അറിയില്ലെന്നാണ് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസിന്റെ നിലപാട്.

ദേവഗൗഡക്കെതിരായ നീക്കത്തെ പിന്തുണയ്ച്ചാല്‍ തിരിച്ചും നടപടി വരുമെന്നതാണ് മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി തുടങ്ങിയ നേതാക്കളുടെ ആശങ്ക. അത്തരം ഒരു നീക്കമുണ്ടായാല്‍ അത് സംസ്ഥാന ഭരണമുന്നണിയില്‍ ഉള്‍പ്പെടെ പ്രതിസന്ധികള്‍ക്ക് വഴിവച്ചേയ്ക്കാമെന്നാണ് കേരള ഘടകത്തിന്റെ ആശങ്ക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ