INDIA

ഭാരത് ജോഡോയ്ക്ക് തയ്യാറെടുക്കുന്ന രാഹുലിനൊപ്പം നടക്കാന്‍ പാര്‍ട്ടിയുണ്ടാകുമോ?

ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക നിയമസഭകളിലേക്കും ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് എന്താണ്?

വെബ് ഡെസ്ക്

एक तेरा कदम, एक मेरा कदम

मिल जाए तो जुड़ जाए अपना वतन

आओ साथ मिलकर भारत जोड़ें।

'' നിങ്ങളുടെ ഒരു ചുവട്, എന്റെ ഒരു ചുവട്, ചേര്‍ത്തുവെച്ചാല്‍ മാതൃരാജ്യം ചേര്‍ത്ത് വെയ്ക്കപ്പെടും. വരൂ ഒന്ന് ചേര്‍ന്ന് നമുക്ക് ഇന്ത്യയെ ഒന്നിപ്പിക്കാം.''

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ തുടങ്ങുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യമാണിത്. 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരില്‍ അവസാനിക്കുന്ന യാത്ര ബിജെപിക്കെതിരായ രാഷ്ട്രീയ പ്രചാരണമാണ് കോണ്‍ഗ്രസിന്. രാജ്യത്തെ ഒരുമിപ്പിക്കാന്‍ പദയാത്രയ്ക്കിറങ്ങുമ്പോഴും പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നുണ്ടോ?

2019 മുതല്‍ അധ്യക്ഷനെ തേടുന്ന കോണ്‍ഗ്രസിന് ഇനിയും അതിന് സാധിച്ചിട്ടില്ല. അധ്യക്ഷന്‍ നെഹ്രു കുടുംബത്തില്‍നിന്ന് വേണോ പുറത്തുനിന്ന് വേണോ എന്നതിലെല്ലാം തര്‍ക്കം തുടരുകയാണ്. മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും പരസ്യ വിമര്‍ശനവും തുടരുകയാണ്. ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക നിയമസഭകളിലേക്കും ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് എന്താണ്?

ആനന്ദ് ശര്‍മ്മ, ഗുലാംനബി ആസാദ്, ജെയ്വീര്‍ ഷേര്‍ഗില്‍

രാഹുല്‍ ഗാന്ധിയോടും നേതൃത്വത്തോടും അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ടത്. രാഹുലിന്റെ പക്വതയില്ലായ്മ പാര്‍ട്ടിക്ക് വിനയായെന്നും കോണ്‍ഗ്രസിന്റെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകര്‍ത്തെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. മുതിര്‍ന്ന പരിചയ സമ്പന്നരായ നേതാക്കളെ അവഗണിച്ചെന്നും രാഷ്ട്രീയ പരിചയമില്ലാത്ത അനുയായികളുടെ കൂട്ടം പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയായെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയിലേക്ക് തന്നെയായിരുന്നു ഗുലാം നബി ആസാദിന്റെ വിമര്‍ശനമുനയത്രയും. രാജ്യസഭയിലേക്ക് പരിഗണിക്കാത്തതാണ് ആസാദിനെ ചൊടിപ്പിച്ചതെന്നും അധികാര മോഹമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നു. എന്നാല്‍ പിന്നാലെ ജമ്മുകശ്മീരിലെ നിരവധി നേതാക്കള്‍ ആസാദിന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി വിട്ടു.

ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്റ്റിയറിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നേരത്തെ ആനന്ദ് ശര്‍മ ഒഴിഞ്ഞിരുന്നു. പാര്‍ട്ടിയില്‍ കൂട്ടായ്മ നഷ്ടമായെന്നായിരുന്നു ആനന്ദ് ശര്‍മയുടെയും പ്രധാന ആരോപണം. കോണ്‍ഗ്രസ് വക്താവായിരുന്ന ജെയ്വീര്‍ ഷേര്‍ഗില്‍ ഈ ആഴ്ചയാണ് രാജിവെച്ചത്. ഒരു വര്‍ഷത്തോളമായി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ സമയം ചോദിക്കുന്നുവെന്നും അവഗണന മാത്രമാണ് ഉണ്ടായതെന്നുമാണ് ഷേര്‍ഗില്ലിന്റെ ആരോപണം. യുവാക്കളുടെ ചിന്തയുമായി യോജിച്ച് പോകുന്നതല്ല പാര്‍ട്ടി സമീപനമെന്നും ഷേര്‍ഗില്‍ പറഞ്ഞു.

തീരാത്ത കൊഴിഞ്ഞ പോക്ക്

ഗുലാം നബി ആസാദിന്റെയും ആനന്ദ് ശര്‍മയുടെയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് പൊടുന്നനെയുണ്ടായ പ്രശ്നങ്ങളല്ല കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്കിന് ആധാരമെന്നാണ്. സമീപ കാലത്ത് കോണ്‍ഗ്രസ് വിട്ട ചെറുതും വലുതുമായ നേതാക്കള്‍ നിരവധി. മെയ് മാസത്തിലാണ് മുന്‍മന്ത്രി കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി നാമനിര്‍ദേശം നല്‍കിയ സിബല്‍ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ എംപിയായി. പഞ്ചാബ് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് ഉത്തര്‍ പദേശ് തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ കോണ്‍ഗ്രസുമായുള്ള 46 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. ഗുജറാത്തിലെ പത്തീദാര്‍ വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് കൂടെക്കൂട്ടിയ ഹാര്‍ദിക് പട്ടേല്‍ രണ്ട് വര്‍ഷം കൊണ്ട് ബിജെപിയോടൊപ്പം പോയി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കുകയും ബിജെപിയുമായി കൈകോര്‍ക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടിക്ക് ഭരണം പിടിക്കാൻ കാര്യങ്ങൾ എളുപ്പമായി . കോണ്‍ഗ്രസിന്റെ യുവമുഖങ്ങളിലൊന്നായ ജ്യോതിരാധിത്യ സിന്ധ്യ പാര്‍ട്ടി പിളര്‍ത്തിയാണ് മറുകണ്ടം ചാടിയത്. ഇതോടെ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഭരണവും നഷ്ടമായി. പഞ്ചാബിലും മധ്യപ്രദേശിലുമെല്ലാം ഉണ്ടായ ആന്തരിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് സാധിച്ചില്ലെന്നതാണ് വസ്തുത.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ അധ്യക്ഷ പദവി ഒഴിയുന്നത്.

ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്താ ബിശ്വാസ് ശര്‍മ്മ, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സുഷ്മിതാ ദേവ്, ശിവസേനയില്‍ ചേര്‍ന്ന പ്രിയങ്കാ ചതുര്‍വേദി തുടങ്ങി കോണ്‍ഗ്രസ് വിട്ട് നേതാക്കളുടെ പട്ടിക നീളുകയാണ്. ഗാന്ധി കുടുംബത്തിലുള്ളവരല്ലാതെ മറ്റെല്ലാവരും കോണ്‍ഗ്രസ് വിടുന്ന കാലംവരുമെന്ന് 2015 ലെ താന്‍ പറഞ്ഞെന്നായിരുന്നു ആസാദിന്റെ രാജിയോടുള്ള ഹിമന്താ വിശ്വാസിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

2004 ലാണ് രാഹുല്‍ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. രണ്ട് പതിറ്റാണ്ടോളം നീളുന്ന പൊതു ജീവിതത്തിന് ശേഷവും കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന നേതൃപാടവം കാട്ടാന്‍ രാഹുലിന് ആയില്ലെന്ന് വിമര്‍ശനം ഉയരുകയാണ്. ആദ്യ വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലെ പാര്‍ട്ടിയുടെ ശബ്ദമായ രാഹുല്‍ യുപിഎ സര്‍ക്കാരുകളുടെ ഭാഗമാകാന്‍ ഒരു ഘട്ടത്തിലും തയ്യാറായില്ല. സര്‍ക്കാരില്‍ സമാന്തര നേതൃത്വമുണ്ടായേക്കുമെന്നതാണ് ഈ വിമുഖതയ്ക്ക് രാഹുല്‍ നല്‍കിയ കാരണം.

2013 ല്‍ എഐസിസി ഉപാധ്യക്ഷനായി. സ്വന്തം സര്‍ക്കാരിന്റെ നിലപാടുകളെ പലപ്പോഴും പരസ്യമായി തള്ളിപ്പറഞ്ഞു. അഴിമതിക്കേസില്‍പെട്ട് അയോഗ്യരാകുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന വ്യവസ്ഥ കൊണ്ടുവരുന്ന ബില്‍ കീറിയെറിഞ്ഞ് രാഹുല്‍ ആള്‍ക്കൂട്ടത്തിന്റെ കയ്യടി നേടി. പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതിസന്ധിയായി

2017 ല്‍ സോണിയാ ഗാന്ധിയില്‍ നിന്ന് അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദം ഏറ്റെടുത്ത രാഹുല്‍ യുവാക്കളില്‍ ഓളമുണ്ടാക്കിയെങ്കിലും മുതിര്‍ന്ന നേതാക്കളെ കൂടെ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ആ നാളുകളില്‍ തന്നെ ഉയര്‍ന്ന അതൃപ്തിയാണ് പതിയെ പതിയെ പൊട്ടിത്തെറിയില്‍ അവസാനിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ അധ്യക്ഷ പദവി ഒഴിയുന്നത്. താത്ക്കാലിക ചുമതലയുള്ള സോണിയാ ഗാന്ധിയുടെ അനാരോഗ്യവും പ്രിയങ്കയെ ഉയര്‍ത്തിക്കാട്ടിയാല്‍ ഭര്‍ത്താവ് വദ്രയെ മുന്‍നിര്‍ത്തിയുള്ള ബിജെപി വേട്ടയും നല്ലൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ എന്ന പേരില്‍ വീണ്ടുമെത്തിക്കുകയാണ്. എന്നാല്‍ സ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ തയ്യാറല്ല.

അധ്യക്ഷ പദത്തിലില്ലെങ്കിലും പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങള്‍ ഇപ്പോഴും രാഹുല്‍ തന്നെയാണ് കൈകൊള്ളുന്നത്. അധികാരമുണ്ട് എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന വിമര്‍ശനം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. നരേന്ദ്ര മോദിക്കെതിരെ ശക്തമായ പോരാട്ടം നയിക്കുന്നവെന്ന് പറയുമ്പോഴും നിര്‍ണായക ഘട്ടങ്ങളിലോ ജനകീയ പ്രക്ഷോഭങ്ങളിലോ ട്വിറ്റര്‍ പ്രതിഷേധത്തിലൊതുങ്ങുകയാണ് രാഹുല്‍ ഇടപെടല്‍. അമേത്തി പോലും നിലനിര്‍ത്താനാവാതെ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ഗിമ്മിക്കുകള്‍ മാത്രം പോര.

ജി -23

തുടര്‍ച്ചയായ തിരഞ്ഞെടുപ്പു തോല്‍വികള്‍ക്ക് പിന്നാലെയാണ് ഒരു സംഘം മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ പരിഷ്‌ക്കരണമാവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്നും കാര്യക്ഷമമായ നേതൃത്വം വേണമെന്നും ഇവര്‍ നിലപാടെടുത്തു. ജി-23 എന്ന വിളിപേരുള്ള കോണ്‍ഗ്രസിലെ ഈ തിരുത്തല്‍വാദി സംഘം 2020 ഓഗസ്റ്റില്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി. തുടര്‍ന്ന് ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച സോണിയയ്ക്ക് പിന്തുണയുമായി പ്രവര്‍ത്തക സമിതി രംഗത്തെത്തി. ജി-23 നേതാക്കളുന്നയിച്ച ആശങ്കകള്‍ രണ്ട് വര്‍ഷത്തിനിപ്പുറവും മാറ്റമില്ലാതെ തുടരുന്നു. ആ സംഘത്തില്‍പ്പെട്ടവരാണ് പാര്‍ട്ടി വിട്ട ഗുലാം നബി ആസാദും കപില്‍ സിബലും നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി തുടരുന്ന ആനന്ദ് ശര്‍മ്മയും മനീഷ് തിവാരിയുമെല്ലാം

ശോഷിക്കുന്ന കോണ്‍ഗ്രസ്

ഛത്തിസ്ഗഡിലും രാജസ്ഥാനിലും മാത്രമാണ് കോണ്‍ഗ്രസിനിപ്പോള്‍ സ്വന്തം നിലയ്ക്ക് സര്‍ക്കാര്‍. ജാര്‍ഖണ്ഡിലും ബിഹാറിലും തമിഴ്‌നാട്ടിലും പ്രബലമായ സഖ്യകക്ഷികളുടെ പിന്‍ബലത്തില്‍ ഭരണപക്ഷത്തുണ്ട്. ഈ വര്‍ഷമവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍, ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ഒപ്പം പോലും എത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഹിമാചല്‍ പ്രദേശില്‍ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വരെയാളില്ല. ഗുലാം നബി ആസാദിന്റെയും മറ്റ് നേതാക്കളുടെയും ഇറങ്ങിപ്പോക്കോടെ ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ മുഖമില്ലാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷമദ്യം ജനവിധി തേടുത്ത കര്‍ണാടകയില്‍ ബിജെപിയിലെ തമ്മിലടി മാത്രമാണ് കോണ്‍ഗ്രസിന് അനുകൂലം.

ഉടന്‍ തിരുത്തിയില്ലെങ്കില്‍ യാഥാര്‍ത്ഥ്യമാകുക കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പി പ്രഖ്യാപനമാകും. അതു കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കാനുള്ള പദയാത്രയ്ക്ക് മുന്നേ വേണം ഒരു 'കോണ്‍ഗ്രസ് ജോഡോ ആന്തോളന്‍'

കര്‍ഷക സമരം, സി എ എ വിരുദ്ധ പോരാട്ടം തുടങ്ങി ബിജെപി സര്‍ക്കാരിനെതിരെ ഉണ്ടായ ജനകീയ മുന്നേറ്റങ്ങളില്‍, ദേശീയ തലത്തിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പരിമിതമായിരുന്നു. ഇന്ത്യയ്ക്കും കോണ്‍ഗ്രസിനുമിടയില്‍ വിടവുണ്ടെന്ന മനീഷ് തിവാരിയുടെ വിമര്‍ശനം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

നെഹ്രുവിനും ഇന്ദിരയ്ക്കും രാജീവിനും ശേഷവുമെല്ലാം നേതൃത്വം സംബന്ധിച്ച തര്‍ക്കവും അധികാര വടംവലിയും കോണ്‍ഗ്രസ് പലകുറി കണ്ടതാണ്. പക്ഷേ എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്നോ ആരാണ് പരിഹാരമെന്നോ അറിയാത്ത ഈ അനിശ്ചിതത്വം കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമാകും. ഉടന്‍ തിരുത്തിയില്ലെങ്കില്‍ യാഥാര്‍ത്ഥ്യമാകുക കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി ജെ പി പ്രഖ്യാപനമാകും. അതു കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കാനുള്ള പദയാത്രയ്ക്ക് മുന്നേ വേണം ഒരു 'കോണ്‍ഗ്രസ് ജോഡോ ആന്തോളന്‍'

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു