രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തവയില്‍ ഏറ്റവും വലിയ ഡേറ്റ മോഷണം നടത്തിയയാള്‍ തെലങ്കാന സൈബറാബാദ് പോലീസിന്റെ പിടിയില്‍. 24 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് മെട്രൊപൊളിറ്റന്‍ നഗരങ്ങളില്‍ നിന്നുമായി 66.9 കോടി സ്ഥിതിവിവരണ കണക്കുകളും വ്യക്തിഗത വിവരങ്ങളും മോഷ്ടിച്ച വിനയ് ഭരദ്വാജാണ് പിടിയിലായത്.
വിനയ് ഭരദ്വാജ് ഫരീദാബാദില്‍ ഓഫീസ് സ്ഥാപിച്ച് കൂട്ടുപ്രതികളായ ആമേര്‍ സൊഹൈല്‍, മദന്‍ ഗോപാല്‍ എന്നിവരുടെ സഹായത്തോടെ വിവരശേഖരണം നടത്തുകയായിരുന്നു. 'ഇന്‍സ്പയര്‍ വെബ്‌സ്' എന്ന വെബ്‌സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും ഇയാള്‍ ഡേറ്റ വില്‍പ്പന നടത്തിയതായി പോലീസ് വ്യക്തമാക്കുന്നു.
ബൈജൂസ്, വേദാന്തു തുടങ്ങിയ എഡ്യു-ടെക് പ്ലാറ്റ്‌ഫോമുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും പ്രതികള്‍ മോഷ്ടിച്ചതായി കണ്ടെത്തി. കൂടാതെ, എട്ട് മെട്രോ നഗരങ്ങളിലെ 1.84 ലക്ഷം ഓണ്‍ലൈന്‍ ടാക്‌സി ഉപയോക്താക്കളുടെ വിവരങ്ങളും 4.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളും മോഷ്ടിച്ചു. ജിഎസ്ടി , ആര്‍ടിഒ വിവരങ്ങളും ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, പേടിഎം, ഫോണ്‍പെ, ബിഗ് ബാസ്‌കറ്റ്, ബുക്ക് മൈ ഷോ, ഇന്‍സ്റ്റാഗ്രാം, സൊമാറ്റോ, പോളിസി ബസാര്‍, അപ്സ്റ്റോക്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഉപഭോക്തൃ വിവരങ്ങളും പ്രതിയുടെ കൈവശമുണ്ടായിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍, പാന്‍ കാര്‍ഡ് ഉടമകള്‍, 9, 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍, ഡി-മാറ്റ് അക്കൗണ്ട് ഉടമകള്‍, വിവിധ വ്യക്തികളുടെ മൊബൈല്‍ നമ്പറുകള്‍, നീറ്റ് വിദ്യാര്‍ത്ഥികള്‍, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍, ഇന്‍ഷുറന്‍സ് ഉടമകള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ എന്നിവരുടെ വിവരങ്ങളും പ്രതി കൈക്കലാക്കിയിരുന്നു.
നീറ്റ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും മേല്‍വിലാസവും ഫോണ്‍ നമ്പറും അടക്കമുള്ള വിശദാംശങ്ങള്‍ പരിശോധനയില്‍ കണ്ടെടുത്തു. വരുമാനം, മേല്‍വിലാസം, ഇ-മെയില്‍ ഐഡികള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയ പാന്‍ കാര്‍ഡ് ഡാറ്റാബേസും കണ്ടെത്തി.
വിവരങ്ങള്‍ ആവശ്യമുള്ളവര്‍ വെബ്‌സൈറ്റില്‍ പണമടച്ചാല്‍ ക്ലൗഡ് ലിങ്ക് വഴി ഡാറ്റ കൈമാറുന്നതാണ് പ്രതികളുടെ രീതി. ഐടി നിയമം ലംഘിച്ചതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം.ഒരാഴ്ച മുന്‍പ് 16.08 കോടി ഡാറ്റ മോഷ്ടിച്ച് വിറ്റതിന് രണ്ടുപേരെ സൈബറാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.