INDIA

ബിപോര്‍ജോയ് അറബിക്കടലിലെ ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റായി മാറും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ

ബിപോര്‍ജോയ് ഈമാസം 15ന് ഗുജറാത്ത് തീരം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

വെബ് ഡെസ്ക്

അറബിക്കടലില്‍ രൂപംകൊണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റാകും ബിപോര്‍ജോയ് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ജൂൺ ആറിന് പുലർച്ചെ 5.30ന് തെക്ക് - കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ആയുസ്സ് ഇതുവരെ ആറ് ദിവസവും 12 മണിക്കൂറും പിന്നിട്ടു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾപ്രകാരം 2019ൽ അറബിക്കടലിൽ ആഞ്ഞടിച്ച 'ക്യാർ' ചുഴലിക്കാറ്റിന്റെ ആയുസ്സ് 9 ദിവസവും 15 മണിക്കൂറുമായിരുന്നു. കിഴക്ക്-മധ്യ അറബിക്കടലിന് മുകളിലൂടെ വികസിച്ച ചുഴലിക്കാറ്റ് ഒന്നിലധികം തവണ ആഞ്ഞുവീശിയതിന് ശേഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ദുർബലമായി.

തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 2018-ലുണ്ടായ അതിതീവ്ര ചുഴലിക്കാറ്റ് ഗജയുടെ ആയുസ്സും 9 ദിവസവും 15 മണിക്കൂറും ആയിരുന്നു. ഇത് തെക്കൻ ഉപദ്വീപ് മേഖല കടന്ന് അറബിക്കടലിൽ പതിക്കുകയും അവിടെ ദുർബലമാവുകയും ചെയ്തു. എന്നാല്‍ ഇതിനോടകം ഏഴ് ദിവസം പിന്നിട്ട ബിപോര്‍ജോയ് അതേ തീവ്രതയോടെ 15ന് ഗുജറാത്ത് തീരം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആ സാഹചര്യത്തില്‍ ക്യാറിന്റെയും ഗജയുടെയും ദൈര്‍ഘ്യം മറികടക്കാന്‍ ബിപോര്‍ജോയ്ക്കാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ, ബിപോര്‍ജോയ് ചുഴലിക്കാറ്റ് ആദ്യ ദിവസങ്ങളിൽ അതിവേഗം തീവ്രത കൈവരിക്കുകയും അസാധാരണമാംവിധം അതിന്റെ ശക്തി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. 1965ന് ശേഷം ജൂണിൽ ഗുജറാത്തിൽ വീശുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ്.

2023ന് മുൻപ് ജൂണിൽ രണ്ട് ചുഴലിക്കാറ്റുകൾ മാത്രമാണ് ഗുജറാത്ത് തീരം തൊട്ടതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. 1996-ലെ തീവ്ര ചുഴലിക്കാറ്റും മറ്റൊന്ന് 1998-ലെ അതിതീവ്ര ചുഴലിക്കാറ്റും.

1965 മുതല്‍ 2022 ജൂണ്‍ മാസം വരെയുള്ള അറബിക്കടലില്‍ 13 ചുഴലിക്കാറ്റുകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഗുജറാത്ത് തീരവും, ഒന്ന് മഹാരാഷ്ട്രാതീരവും, മറ്റൊന്ന് പാകിസ്താന്‍ തീരവും, മൂന്ന് ചുഴലിക്കാറ്റുകള്‍ ഒമാന്‍-യെമന്‍ തീരങ്ങളും തൊട്ടു. എന്നാല്‍ അതില്‍ ആറ് ചുഴലിക്കാറ്റുകള്‍ കടലിന് മുകളില്‍ വച്ച് ദുര്‍ബലമായി.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് സൗരാഷ്ട്ര, കച്ച്, മാൻഡ്‌വി, പാകിസ്താനിലെ കറാച്ചി എന്നിവയ്‌ക്കിടയിലുള്ള തീരങ്ങളിൽ ജൂൺ 15 ന് ഉച്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി കടന്നുപോകും. മണിക്കൂറിൽ പരമാവധി125-135 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് വിലയിരുത്തുന്നത്.

ജൂൺ 15ന് ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ, പോർബന്തർ, രാജ്‌കോട്ട്, മോർബി, ജുനഗർ ജില്ലകളുടെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ