ഗുജറാത്തിൽ കനത്ത നാശനഷ്ടം സൃഷ്ടിച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഭാവ്‌നഗർ ജില്ലയില്‍ ഒരു കുടുംബത്തിലെ രണ്ട് പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആടുകളെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. 23 പേർക്ക് പരിക്കേറ്റു.
കച്ചിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി, ഗതാഗതം എന്നിവ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി പറഞ്ഞു. സൗരാഷ്ട്ര-കച്ച് മേഖലകളിൽ കനത്ത കാറ്റും മഴയും തുടരുകയാണ്.
23 മൃഗങ്ങൾ ചത്തു. 524 മരങ്ങൾ കടപുഴകി വീണു.വൈദ്യുത തൂണുകൾ വീണതിനെ തുടർന്ന് ഗുജറാത്തിലെ 940 ഗ്രാമങ്ങളിൽ വൈദ്യുതിവിതരണം പൂര്‍ണമായും തടസപ്പെട്ടു. അതേസമയം ബിപോര്‍ജോയിയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ കര തൊട്ട ചുഴലിക്കാറ്റ് ഇപ്പോൾ സൗരാഷ്ട്ര-കച്ച് മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഇത് ഇന്ന് വടക്ക് കിഴക്കോട്ട് നീങ്ങുമെന്നാണ് കരുതുന്നത്. ഇന്ന് വൈകുന്നേരത്തോടെ ദക്ഷിണ രാജസ്ഥാനിൽ പ്രവേശിക്കുമ്പോഴേക്കും ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദ്ദമായി മാറും.രാജസ്ഥാനിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയുള്ള കാറ്റും കനത്ത മഴയും ഗുജറാത്തിൽ തുടരുകയാണ്.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ അറിയാനായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിച്ചു. ഗിർ വനത്തിലെ സിംഹങ്ങളുടെ സുരക്ഷക്കായി സംസ്ഥാനം സ്വീകരിച്ച നടപടികളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദാംശങ്ങൾ തേടി. അതേസമയം ചുഴലിക്കാറ്റിനെയും മഴയെയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.
"ഞങ്ങൾ അവലോകനയോഗങ്ങൾ നടത്തുന്നുണ്ട്. സിവിൽ ഡിഫൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുകൾ സജ്ജമാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല," അദ്ദേഹം ഭരത്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജസ്ഥാനിലെത്തുമ്പോഴേക്കും ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 16 വരെ സൗരാഷ്ട്രയിലും കച്ചിലും കനത്ത മഴ തുടരും.
കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ്. കാറ്റിന്റെ ശക്തി കണക്കിലെടുത്ത് മത്സ്യബന്ധനം പൂര്‍ണമായും വിലക്കി. മുന്നറിയിപ്പ് കണക്കിലെടുത്ത് 100 ട്രെയിനുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.കച്ച്, ജാംനഗര്‍, മോര്‍ബി, രാജ്കോട്ട്, ദേവ്ഭൂമി ദ്വാരക, ജുനഗഡ്, പോര്‍ബന്തര്‍, ഗിര്‍ സോമനാഥ് എന്നീ എട്ട് തീരദേശ ജില്ലകളില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ 18 ടീമുകളേയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് 12 ടീമുകളേയും നിയോഗിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് 115 ഉദ്യോഗസ്ഥരേയും വൈദ്യുതി വകുപ്പ് 397 പേരെയും ചേര്‍ത്ത് പ്രത്യേകദൗത്യ സേന രൂപീകരിച്ചു. കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുള്‍പ്പെടെ എല്ലാ സായുധ സേനകളും സഹായം നല്‍കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി ഗുജറാത്തിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.