INDIA

രത്തന്‍ ടാറ്റ വാഴ്ത്തിയ പിന്‍ഗാമി, പുറത്താകല്‍, നിയമപോരാട്ടം: ടാറ്റ ഗ്രൂപ്പിലെ മിസ്ത്രി കാലം

വെബ് ഡെസ്ക്

ഇന്ത്യയിലെ വ്യവസായ പ്രമുഖരില്‍ ഏറെ ശ്രദ്ധേയമായ പേരുകളിലൊന്നാണ് സൈറസ് മിസ്ത്രി. ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ടാറ്റ സണ്‍സിന്റെ രണ്ടാമത്തെ ചെയര്‍മാന്‍ എന്നതായിരുന്നു മിസ്ത്രിയെ ഏറെ ശ്രദ്ധേയനാക്കിയത്. 2012ല്‍ രത്തന്‍ ടാറ്റ വിരമിച്ചതിനു പിന്നാലെയായിരുന്നു ടാറ്റ സണ്‍സിന്റെ ആറാമത് ചെയര്‍മാനായി മിസ്ത്രി നിയമിതനായത്. എന്നാല്‍, രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മിസ്ത്രിയുടെ സ്ഥാനം തെറിക്കാന്‍ കാരണമായി. 2016ല്‍ സ്ഥാനമൊഴിഞ്ഞ മിസ്ത്രി ടാറ്റയ്ക്കെതിരെ നിയമയുദ്ധം തുടര്‍ന്നു. 2020ല്‍ ടാറ്റയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നു. അതില്‍ പുനഃപരിധോധന ഹര്‍ജി നല്‍കിയെങ്കിലും 2022ല്‍ അതും സുപ്രീംകോടതി തള്ളി. കേസ് പിന്‍വലിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നിര്‍ദേശം. അതില്‍ മിസ്ത്രി ഒട്ടും തൃപ്തനായിരുന്നില്ല. പല്ലോണ്‍ജി മിസ്ത്രിയിലൂടെയാണ് മിസ്ത്രി കുടുംബത്തിന്റെ ടാറ്റ ഗ്രൂപ്പിലേക്കുള്ള വരവ്. ഇളയ മകന്‍ സൈറസ് മിസ്ത്രി അതിന്റെ നേതൃസ്ഥാനത്ത് എത്തിയെങ്കിലും അധികകാലം തുടരാനായില്ല. ആദിമധ്യാന്തം നാടകീയത നിറഞ്ഞതാണ് ടാറ്റ ഗ്രൂപ്പിലെ മിസ്ത്രി കാലം.

1960, 70 വര്‍ഷങ്ങളില്‍ മൂന്ന് തവണ ടാറ്റ സണ്‍സിന്റെ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് വിവരം

ടാറ്റ ഓഹരികള്‍ മിസ്ത്രിമാരിലേക്ക്

1960, 70 വര്‍ഷങ്ങളില്‍ മൂന്ന് തവണ ടാറ്റ സണ്‍സിന്റെ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് വിവരം. ജെആര്‍ഡി ടാറ്റയുടെ വിധവയായ സഹോദരി റോഡബ്ബ് സ്വാഹിനി ടാറ്റ സണ്‍സില്‍ അവര്‍ക്കുള്ള 5.9 ശതമാനം ഓഹരികള്‍ 1965ല്‍ മിസ്ത്രിയുടെ ഉടമസ്ഥതയിലുള്ള ഷപൂർജി പല്ലോണ്‍ജി (എസ് പി) ഗ്രൂപ്പിന് വിറ്റിരുന്നു. നവല്‍ ടാറ്റയുടെ കാലത്ത് സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ടാറ്റ സണ്‍സിന്റെ 4.81 ശതമാനം ഓഹരികള്‍ കൂടി ഷപൂര്‍ജി പല്ലോണ്‍ജി ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിന് നല്‍കിയിരുന്നു.

1974ല്‍ ജെആര്‍ഡിയുടെ സഹോദരനായ ഡറാര്‍ ടാറ്റ സണ്‍സിലെ തന്റെ ഓഹരികള്‍ മിസ്ത്രിമാര്‍ക്ക് നല്‍കി. ജെആര്‍ഡി ടാറ്റയുടെ സമ്മതമില്ലാതെയായിരുന്നു ആ ഓഹരി കൈമാറ്റം. അത് അക്കാലത്ത് ടാറ്റ കുടുംബത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനിടെ, 1980ലാണ് പല്ലോണ്‍ജി മിസ്ത്രി ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തുന്നത്.

2014ല്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ നീക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

സൈറസ് മിസ്ത്രിയുടെ വരവ്

2006ല്‍ പിതാവ് പല്ലോൻജി മിസ്ത്രി ടാറ്റ സണ്‍സിന്റെ ഡയറക്ടർ ബോര്‍ഡില്‍ നിന്നും ഒഴിഞ്ഞതിനു പിന്നാലെയാണ് സൈറസ് മിസ്ത്രി ഡയറക്ടർ ബോർഡ് അംഗമാകുന്നത്. 2011ല്‍ ടാറ്റ സണ്‍സിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി മിസ്ത്രി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മിസ്ത്രിയുടെ നിയമനത്തെ കൈയടിച്ച് സ്വീകരിച്ചവരില്‍ രത്തന്‍ ടാറ്റയും ഉണ്ടായിരുന്നു. 'ദീര്‍ഘവീക്ഷണത്തോടെയുള്ള നിയമനം' എന്നായിരുന്നു രത്തന്‍ ടാറ്റ അതിനെ വിശേഷിപ്പിച്ചത്. 2012ല്‍ മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നിയമിതനായി. അദ്ദേഹം അധ്യക്ഷനായ ഡയറക്ടര്‍ ബോര്‍ഡാണ് രത്തന്‍ ടാറ്റയെ കമ്പനിയുടെ ചെയര്‍മാന്‍ എമിരറ്റസ് ആയി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ 2014ല്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ നീക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യത ഇല്ലാത്തതിനാലാണ് മിസ്ത്രിയെ മാറ്റിയതെന്നായിരുന്നു രത്തന്‍ ടാറ്റയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അന്ന് മറുപടി പറഞ്ഞത്‍

ടാറ്റ സ്റ്റീലിന്റെ യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലെ പ്രശ്നങ്ങള്‍, നാനോ കാറിന്‍റെ ഉത്പാദനവുമായി ബന്ധപ്പെട്ട തർക്കങ്ങള്‍, ടാറ്റ ടെലിസര്‍വീസ് ജപ്പാന്‍ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എന്നിവയാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ കാരണമായതെന്നാണ് മിസ്ത്രി പിന്നീട് ഇതിനോട് പ്രതികരിച്ചത്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി ബോംബെ ഹൗസിലേക്ക് മടങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മിസ്ത്രി അന്ന് പറഞ്ഞിരുന്നു. ടിസിഎസ്, ജാഗ്വാര്‍ ലാന്റ് റോവര്‍ എന്നീ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്ന്, ടാറ്റ കുടുംബത്തിനെതിരെ കടുത്ത ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.

അതേസമയം, ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യത ഇല്ലാത്തതിനാലാണ് മിസ്ത്രിയെ മാറ്റിയതെന്നായിരുന്നു രത്തന്‍ ടാറ്റയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അന്ന് മറുപടി പറഞ്ഞത്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാടുകളൊന്നും പുറത്തുവന്നതുമില്ല.

നിയമ പോരാട്ടം

2017 ഫെബ്രുവരിയില്‍, ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നിന്ന് മിസ്ത്രിയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റെടുക്കുകയും ചെയ്തു. നടപടിക്കെതിരെ മിസ്ത്രിയുടെ ഉടമസ്ഥതയിലുള്ള എസ്പി ഗ്രൂപ്പ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ലഭിച്ചില്ല. അതിനെതിരെ മിസ്ത്രിയും എസ്പി ഗ്രൂപ്പും എന്‍സിഎല്‍എടില്‍ അപ്പീല്‍ സമർപ്പിച്ചു, 2019 ഡിസംബറില്‍ അനുകൂല ഉത്തരവ് സ്വന്തമാക്കി. തുടർന്ന് സൈറസ് മിസ്ത്രി ചെയര്‍മാന്‍ സ്ഥാനത്ത് തിരിച്ചെത്തി.

പക്ഷേ, ടാറ്റ കുടുംബവും മിസ്ത്രിയും തമ്മിലുള്ള നിയമയുദ്ധം തുടർന്നു. എന്‍സിഎല്‍എടി ഉത്തരവിനെതിരെ ടാറ്റ സണ്‍സ് നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി മിസ്ത്രിയെ ചെയര്‍മാനായി നിയമിച്ച ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ മിസ്ത്രിയും എസ്പി ഗ്രൂപ്പും അപ്പീല്‍ നല്‍കിയെങ്കിലും അത് സുപ്രീ കോടതി തള്ളി. എസ്പി ഗ്രൂപ്പിന് ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരികളുടെ മൂല്യം കണക്കാക്കി തുക നല്‍കി മാന്യമായ രീതിയില്‍ ടാറ്റ സണ്‍സില്‍നിന്ന് പടി ഇറങ്ങാന്‍ അനുവദിക്കണെന്ന് കാണിച്ച് എസ്പി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഇത്തരം കാര്യത്തില്‍ ഇടപ്പെടാന്‍ പരിമിയുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. എന്നാല്‍, പുനഃപരിശോധന ഹര്‍ജിയുമായി സൈറസ് മിസ്ത്രി വീണ്ടും സൂപ്രീം കോടതിയിലെത്തി. എന്നാല്‍, 2022 മെയില്‍ കോടതി ആ ഹര്‍ജിയും തള്ളിയിരുന്നു. കേസ് പിന്‍വലിക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നിര്‍ദേശം.

1968 ജൂലൈ നാലിന് മഹാരാഷ്ട്രയിലായിരുന്നു സൈറസ് മിസ്ത്രിയുടെ ജനനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് മെഡിസിനില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നിയമിതനാകുംമുന്‍പ് നിര്‍മ്മാണ കമ്പനിയായ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു.1991ലാണ് അദ്ദേഹം കമ്പനിയില്‍ ഡയറക്ടറായി ചുമതല ഏറ്റെടുക്കുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും