അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ് 
INDIA

ദളിത് വിദ്യാര്‍ഥിയുടെ മരണം: പ്രതിഷേധം ശക്തം; ഗെഹ്‌ലോട്ടിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി എംഎല്‍എ സച്ചിന്‍ പൈലറ്റും രംഗത്ത്

വെബ് ഡെസ്ക്

അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിരോധത്തില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയിലെ ദളിത് എംഎല്‍എ പനചന്ദ് മേഘ്‌വാള്‍ രാജിവെച്ചതിനു പിന്നാലെ, 12 പാര്‍ട്ടി കൗണ്‍സിലര്‍മാരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് രാജിക്കത്തയച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി എംഎല്‍എ സച്ചിന്‍ പൈലറ്റും രംഗത്തെത്തി. ഇതോടെ, കോണ്‍ഗ്രസിനുള്ളില്‍ ഗെഹ്‌ലോട്ടിനെതിരെ പടയൊരുക്കം ശക്തിപ്പെടുകയാണ്. ദളിത് ബാലന്റെ മരണത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷനും ആവശ്യപ്പെട്ടതോടെ, സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

രാജസ്ഥാനിലെ സുരാനാ ഗ്രാമത്തിലെ സരസ്വതി വിദ്യാ മന്ദിര്‍ സ്‌കൂളിലെ ഇന്ദ്ര മേഘ്വാള്‍ ആണ് അധ്യാപകന്റെ ക്രൂരമ മര്‍ദ്ദനത്തേത്തുടര്‍ന്ന് മരിച്ചത്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് കുടിവെള്ളം സൂക്ഷിച്ച പാത്രത്തില്‍ ദളിതനായ ഇന്ദ്ര മേഘ്വാള്‍ തൊട്ടുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മുഖത്തും ചെവിയിലും ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ഇന്ദ്ര, കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. സംഭവം വലിയ വിവാദമായതിനു പിന്നാലെയാണ് അട്‌റുവില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗം പനചന്ദ് മേഘ്‌വാള്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന് രാജിക്കത്ത് നല്‍കിയത്.

അതിക്രൂരമായ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പനചന്ദിന്റെ രാജി. തന്റെ സമുദായത്തിലുള്ളവര്‍ക്കു നേരെ ആക്രമണമുണ്ടാകുമ്പോള്‍ എംഎല്‍എയായി തുടരാന്‍ ധാര്‍മിക അവകാശമില്ല. സ്ഥാനമാനങ്ങള്‍ ഇല്ലാതെ തന്റെ സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദളിതര്‍ ഇന്ത്യയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന വസ്തുത തന്നെ വേദനിപ്പിക്കുന്നു. പാത്രത്തിലെ വെള്ളം കുടിച്ചതിനും വിവാഹത്തിന് കുതിരപ്പുറത്ത് കയറിയതിനും മീശ വെച്ചതിനുമെല്ലാമാണ് ദളിതുകള്‍ കൊല്ലപ്പെടുന്നത്. ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ നിയമ നടപടികള്‍ പലപ്പോഴും കാര്യക്ഷമമായി നടപ്പാകുന്നില്ല. പൂര്‍ണമായ അന്വേഷണം നടത്താതെയാണ് പലപ്പോഴും പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ദളിതര്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് പലതവണ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പനചന്ദ് കുറ്റപ്പെടുത്തി.

പിന്നാലെ, ബാരണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ദളിതര്‍ക്കും അവശ ജനവിഭാഗങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ വേദനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. സംഭവം കൂടുതല്‍ വിവാദമായി മാറുന്നതിനിടെ, സംസ്ഥാന സര്‍ക്കാരിനെയും ഗെഹ്‌ലോട്ടിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്. ഗെഹ്‌ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മുന്‍പും ശ്രമിച്ചിട്ടുള്ള സച്ചിന്‍ പൈലറ്റ് കിട്ടിയ അവസരം മുതലാക്കുകയായിരുന്നു.

ദളിത് സമൂഹത്തിനുനേരെയുള്ള അതിക്രമങ്ങള്‍ക്ക് അറുത്തിവരുത്തിയേ മതിയാകൂ. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കുശേഷവും ഇത്തരം വിവേചനം നടക്കുന്നു. സ്വയം ആത്മപരിശോധന നടത്തേണ്ട വിഷയമാണ്.
സച്ചിന്‍ പൈലറ്റ്

ദളിത് സമൂഹത്തിനുനേരെയുള്ള അതിക്രമങ്ങള്‍ക്ക് അറുത്തിവരുത്തിയേ മതിയാകൂയെന്ന് പൈലറ്റ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കുശേഷവും ഇത്തരം വിവേചനം നടക്കുന്നു. സ്വയം ആത്മപരിശോധന നടത്തേണ്ട വിഷയമാണ്. ഈ മരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത്തരം സംഭവങ്ങളോട് ഒരു സഹിഷ്ണുതയും ഉണ്ടാകരുത്. നടപടിയെടുക്കാന്‍ അടുത്ത സംഭവത്തിനായി കാത്തിരിക്കേണ്ടതില്ല. അത്തരം പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ദളിതര്‍ക്കെതിരെ അക്രമം നടത്തിയശേഷം ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ജലോറില്‍, മരിച്ച കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സംസ്ഥാനത്ത് ദളിത് വിഭാഗക്കാര്‍ക്ക് നീതിയുറപ്പാക്കാന്‍ എന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെടുക? എന്നായിരുന്നു ബിജെപിയുടെ ചോദ്യം. അതിനിടെ, 'ഇതൊക്കെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണെ'ന്ന മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്റെ അലസപരാമര്‍ശം എരിതീയില്‍ എണ്ണ പകരുന്നതുപോലെയായി. സംഭവം പുതിയ വിവാദങ്ങള്‍ക്ക് കാരണമായതോടെ, ഗെഹ്‌ലോട്ട് മന്ത്രിസഭാംഗങ്ങളെയും പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദസ്താരയെയും കുട്ടിയുടെ കുടുംബത്തിലേക്ക് അയച്ചു. പിന്നാലെ, മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചു.

പോലീസ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും ഉത്തരവാദിയായ പ്രധാനാധ്യാപകനെ സ്വീകരിച്ച നടപടിയും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു. പോലീസ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും ഉത്തരവാദിയായ പ്രധാനാധ്യാപകനെ സ്വീകരിച്ച നടപടിയും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പോലീസ് എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നത് ഡിജിപി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ്സി/എസ്ടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമാനുസൃത ആശ്വാസ നടപടികള്‍ക്കൊപ്പം, ഇത്തരം മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നോ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അറിയാന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നു. നാലാഴ്ചയ്ക്കുള്ളില്‍ പ്രതികരണം പ്രതീക്ഷിക്കുന്നതായും കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ