ഉയർന്ന ജാതിക്കാർ അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും ചെയ്തതിനുപിന്നാലെ ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹാരാഷ്ട്രയിലെ കൊപാർഡി ഗ്രാമത്തിൽ സംഘർഷം. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഒരു നാടോടി കലാരൂപത്തിന്റെ ഭാഗമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ ഉയർന്ന ജാതിയിൽ പെട്ടവർ ജാതീയമായി അധിക്ഷേപിക്കുകയും നഗ്നനാക്കി മർദിക്കുകയും ചെയ്തത്. പ്രശ്നം രൂപക്ഷമായതിനുപിന്നാലെ ക്രമസമാധാനപ്രശ്‌നമുണ്ടാകാതിരിക്കാൻ കൊപാർഡിയിൽ വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഹമ്മദ്‌നഗർ ജില്ലയിലാണ് ഈ ഗ്രാമം.
ഹിന്ദു മഹർ ദളിത് വിഭാഗത്തിൽപ്പെട്ട നിതിൻ കാന്തിലാൽ ഷിൻഡെ അഥവാ വിത്തൽ എന്ന മുപ്പത്തിയേഴുകാരനാണു കൊപാർഡിയിൽ ആത്മഹത്യ ചെയ്തത്. ഉയർന്ന ജാതിക്കാരനായ മറാത്ത സമുദായത്തിൽനിന്നുള്ളവരാണ് പ്രതികൾ. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാം പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിവേകാനന്ദ് വഖാരെ പറഞ്ഞു.
മേയ് ഒന്നിന് രാത്രി കൊപാർഡി ഗ്രാമത്തിലെ തമാശ (നാടോടി കലാരൂപം) പരിപാടിയിൽ പങ്കെടുക്കാൻ വിത്തൽ പോയിരുന്നുവെന്ന് വിത്തലിൻ്റെ പിതാവ് കാന്തിലാൽ കർജാത്ത് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. രാത്രി പതിനൊന്നരയോടെ പ്രതികളായ ബന്തി ബാബാസാഹേബ് സുദ്രിക്, സ്വപ്‌നിൽ ബാബൻ സുദ്രിക്, വൈഭവ് മധുകർ സുദ്രിക് എന്നിവർ വിത്തലിനെതിരെ ജാതിപരമായ പരാമർശങ്ങൾ നടത്തുകയും പരിപാടിയിൽ നൃത്തം ചെയ്തതിന് അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. തുടർന്ന്, അവർ വിത്തലിനെ ഒരു ശ്മശാനത്തിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിച്ച് മാറ്റാൻ നിർബന്ധിക്കുകയും ശേഷം നാഗനാക്കി മർദിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
വീട്ടിലെത്തിയ വിത്തൽ സംഭവം കുടുംബാംഗങ്ങളോട് പറഞ്ഞു. ഉപദ്രവിക്കുന്നതിനിടെ പ്രതികൾ തൻ്റെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും സഹായത്തിനായി ആരെയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തു. അപമാനം തോന്നുന്നുവെന്നും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിത്തൽ വീട്ടുകാരോട് പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ വിത്തൽ തന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു.
ബന്തിയും സ്വപ്നിലുമാണ് ആത്‌മഹത്യക്കു കാരണമെന്ന് പറയുന്ന നാല് വരിയുള്ള കുറിപ്പ് സ്ഥലത്തുനിന്ന് കണ്ടുടുത്തതായും റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന കുറിപ്പിൽ രണ്ടു പ്രതികളുടെ പേരുകൾ പറയുന്നുണ്ടെങ്കിലും ആത്മഹത്യയിലേക്കു നയിച്ച സംഭവത്തിൻ്റെ വിശദാംശങ്ങൾ പറയുന്നില്ല.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും നിരവധി വകുപ്പുകൾ പ്രകാരമാണ് ബന്തി, സ്വപ്നിൽ, വൈഭവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ബന്തിയെയും വൈഭവിനെയും അറസ്റ്റ് ചെയ്തെങ്കിലും സ്വപ്നിലിനായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സ്വീകരിക്കില്ലെന്ന് അറിയിച്ച് കുടുംബാംഗങ്ങളും ഗ്രാമവാസികളും വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിത്തലിന് മാതാപിതാക്കളും ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
നേരത്തെ 2016-ൽ മറാത്ത സമുദായത്തിൽപ്പെട്ട 14 വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു പിന്നാലെ കൊപാർഡി ഗ്രാമത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അന്ന് ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്ത ബലാത്സംഗ കേസിലെ പ്രതി ജിതേന്ദ്ര ബാബുലാൽ ഷിൻഡെ എന്നയാളുടെ ബന്ധുവാണ് വിത്തൽ. പ്രതികളിലൊരാൾ അന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവുമാണ്.