പ്രതീകാത്മക ചിത്രം 
INDIA

ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് സമൂഹത്തിൽ വിജയിക്കാന്‍ ഫെയര്‍നെസ് ക്രീം വേണോ?; ചിന്താഗതി മാറണമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം തുടച്ചുനീക്കുന്നതിന്, വീടുകളില്‍ നിന്ന് തുടങ്ങുന്ന സാമൂഹിക മാറ്റം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു

വെബ് ഡെസ്ക്

ഇരുണ്ട ചര്‍മ്മമുള്ള സ്ത്രീകളെ അരക്ഷിതാവസ്ഥയുള്ളവരായും ആരെങ്കിലും ഫെയര്‍നെസ് ക്രീം നല്‍കുന്നതുവരെ അവര്‍ക്ക് വിജയം നേടാന്‍ സാധിക്കില്ലെന്നും ചിത്രീകരിക്കുന്നത് നല്ലതല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഈ കാഴ്ചപ്പാട് മാറണമെന്നും കോടതി നിരീക്ഷിച്ചു. ഭാര്യ വീടുവിട്ടുപോയെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഗൗതം ഭദുരിയും ദീപക് കുമാര്‍ തിവാരിയും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം തുടച്ചുനീക്കുന്നതിന്, വീടുകളില്‍ നിന്ന് തന്നെ സാമൂഹിക മാറ്റം ആരംഭിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

നിറമുള്ള ചര്‍മ്മക്കാരെക്കാള്‍ ഭംഗിയില്ലാത്തവരായാണ് ഇരുണ്ട നിറമുള്ളവരെ കണക്കാക്കുന്നത്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ നിറം കുറഞ്ഞ സ്ത്രീകളെ ലക്ഷ്യം വയ്ക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ഫെയര്‍നസ് ക്രീം ഉപയോഗിക്കാന്‍ ആരെങ്കിലും നിര്‍ദ്ദേശിക്കുന്നത് വരെ ജീവിതത്തില്‍ വിജയം ഉറപ്പിക്കാന്‍ കഴിയാത്ത അരക്ഷിതത്വമുള്ള വ്യക്തികളായി ഇരുണ്ട ചര്‍മ്മമുള്ള സ്ത്രീകളെ ചിത്രീകരിക്കുകയാണ്. വീട്ടിലെ സംഭാഷണങ്ങള്‍ മുതല്‍ സമൂഹത്തിലെ മുഴുവന്‍ സമീപനവും മാറ്റേണ്ടതുണ്ട്'- കോടതി പറഞ്ഞു.

വിവാഹമോചന കേസ് തള്ളിയ കുടുംബകോടതി വിധിക്കെതിരെ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നും എത്ര ശ്രമിച്ചിട്ടും വീട്ടിലേക്ക് തിരിച്ചുവരുന്നില്ലെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കണം എന്നുമായിരുന്നു യുവാവിന്റെ ഹര്‍ജി. വ്യക്തമായ കാരണങ്ങളില്ലാതെ തന്നെ ഉപേക്ഷിച്ചുപോയ ഭാര്യ, ജീവനാംശം ആവശ്യപ്പെടുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് ക്രൂരമായ പെരുമാറ്റം ഉണ്ടായതുകൊണ്ടാണ് വീടുവിട്ടു പോകേണ്ടിവന്നതെന്ന് ഭാര്യ വാദിച്ചു. ഇരുണ്ട നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ അധിക്ഷേപിച്ചു. ഗര്‍ഭാവസ്ഥയില്‍ താന്‍ ശാരീരിക പീഡനത്തിന് ഇരയായെന്നും തനിക്ക് കറുത്ത നിറമുള്ളതിനാല്‍ ഭര്‍ത്താവ് മറ്റൊരാളെ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെന്നും യുവതി വ്യക്തമാക്കി.

ഇരുപക്ഷത്തിന്റെയും വാദം കേട്ടതിനും സാക്ഷി മൊഴികള്‍ പരിശോധിച്ചതിനും ശേഷം, ഭാര്യയുടെ വാദങ്ങളാണ് കൂടുതല്‍ യുക്തിസഹമെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ