INDIA

'ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല'; നീറ്റ്-യുജി പരീക്ഷാഫലത്തിന്റെ ഡേറ്റ അനലിറ്റിക്‌സ് വിശദീകരണവുമായി കേന്ദ്രം

വെബ് ഡെസ്ക്

നീറ്റ് പരീക്ഷാഫലത്തിൽ ക്രമക്കേടുകള്‍ നടന്നതായി ഐഐടി മദ്രാസ് നടത്തിയ ഡേറ്റ അനലിറ്റിക്‌സ് പരിശോധനയില്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. പരീക്ഷാഫലത്തില്‍ എന്തെങ്കിലും അസ്വാഭാവികതകള്‍ ഉണ്ടായതായോ ഏതെങ്കിലുമൊരു ശതമാനം കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു.

സംശയാസ്പദമായ കേസുകള്‍ തിരിച്ചറിയുന്നതിനും ക്രമക്കേടുകള്‍ നടത്താത്ത വിദ്യാര്‍ഥികളെ വേര്‍തിരിക്കുന്നതിനും ഡേറ്റ അനലിറ്റിക്സ് ഉപയോഗിക്കുന്നത് പ്രായോഗികമാണോയെന്ന് തിങ്കളാഴ്ച കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന്‍ പ്രകാരം ഐഐടി മദ്രാസിനോട് ഇതേ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതായി കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യകതമാക്കിയിരുന്നു.

മാര്‍ക്ക് വിതരണം, പരീക്ഷ നടന്ന നഗരം, പരീക്ഷാകേന്ദ്രം തിരിച്ചുള്ള റാങ്ക് വിതരണം, വിവിധ മാര്‍ക്ക് പരിധിയില്‍ വന്നിരിക്കുന്ന പരീക്ഷാര്‍ഥികള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഡാറ്റയുടെ സമഗ്രവും വിപുലവുമായ സാങ്കേതിക വിലയിരുത്തല്‍ ഐഐടി മദ്രാസ് നടത്തിയതായി കേന്ദ്രം പറഞ്ഞു. എല്ലാ പ്രമുഖ പരീക്ഷയുടെയും സാങ്കേതിക വിലയിരുത്തലില്‍ ദൃശ്യമാകുന്ന ബെല്‍ ആകൃതിയിലുള്ള ഗ്രാഫാണ് നീറ്റ്-യുജി പരീക്ഷയുടെ ഡേറ്റ അനലിറ്റിക്‌സ് പരിശോധനയിലും മദ്രാസ് ഐഐടി കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം പരീക്ഷയില്‍ ക്രമക്കേടുകളോ അസ്വാഭാവികതകളോ നടന്നിട്ടില്ല.

മുന്‍വര്‍ഷങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി 2024ലെ പരീക്ഷാഫലത്തോടൊപ്പം 2023ലെ പരീക്ഷാഫലത്തെയും വിശകലനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മൊത്തം സീറ്റുകളുടെ എണ്ണം ഏകദേശം 1,10,000 ആയതിനാല്‍, ആദ്യത്തെ 1,40,000 റാങ്കുകളിലാണ് പരിശോധന കേന്ദ്രീകരിച്ചത്. പരീക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിരുന്നുവെങ്കില്‍ ആദ്യത്തെ അഞ്ച് ശതമാനം അഥവാ 7000 വരെയുള്ള റാങ്കുകളില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതകള്‍ കണ്ടെത്താന്‍ കഴിഞ്ഞേനെയെന്നും കേന്ദ്രം സുപ്രീം കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

550നും 720നും ഇടയില്‍ മാര്‍ക്ക് നേടിയ കുട്ടികളുടെ എണ്ണത്തിലാണ് നിലവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ സിലബസില്‍ 25 ശതമാനം കുറവ് വരുത്തിയതാണ് ഇതിനു കാരണം. ഇത്തരത്തില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവരാണ്. അതിനാല്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളാണ് ഇതിനു കാരണമെന്നു പറയാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുമായി ചേര്‍ന്ന് നയതന്ത്രപരമായ കൂടുതല്‍ പരിശോധനകള്‍ അസൂത്രണം ചെയ്യേണ്ടതായി വരുമെന്നും കേന്ദ്രം അറിയിച്ചു. ഇത്തരത്തില്‍ നടത്തുന്ന പരിശോധനകളില്‍ കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും. കൂടാതെ 67 പരീക്ഷാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ബിഹാറില്‍നിന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 17 വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ക്രമക്കേട് നടന്നതായി ആരോപിക്കപ്പെടുന്ന ഗുജറാത്തിലെ ഗോധ്രയിലും അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി ഏജന്‍സി അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനായി കമ്പ്യൂട്ടര്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പരീക്ഷ രീതിയിലേക്ക് നീറ്റ് - യുജി പരീക്ഷകള്‍ മാറ്റുന്നതിനെ പറ്റി ആലോചിക്കുകയാണെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

തിങ്കളാഴ്ച നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോള്‍, പരീക്ഷയുടെ വിശ്വാസ്യത ലംഘിക്കപ്പെട്ടതായി സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ പുനഃപരീക്ഷ നടത്തണമോയെന്നത് ആരോപണവിധേയമായ ലംഘനം വ്യവസ്ഥാപിത തലത്തിലാണോ എന്നതിലും അത് മുഴുവന്‍ പ്രക്രിയയുടെയും സമഗ്രതയെ ബാധിച്ചിട്ടുണ്ടോ എന്നതിലും ക്രമക്കേടുകളില്‍ പങ്കില്ലാത്ത വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കഴിയുമോ എന്നതിലും ആശ്രയിച്ചിരിക്കും. മേയ് അഞ്ചിന് നടന്ന നീറ്റ്-യുജി പരീക്ഷയില്‍ ക്രമക്കേടുകളും അസ്വാഭാവികതകളും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?